റിയൽമി 8എസ് പുറത്തിറങ്ങുക ഏറ്റവും പുതിയ ഡൈമൻസിറ്റി 810 ചിപ്‌സെറ്റുമായി
കഴിഞ്ഞ ദിവസം പുറത്തിറക്കിയ മീഡിയടെക്കിന്റെ പുതിയ ചിപ്പ്സെറ്റായ ഡൈമെൻസിറ്റി 810ന്റെ കരുത്തോടെ ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് റിയൽമി. മീഡിയടെക്ക് ഡൈമെൻസിറ്റി 920, ഡൈമെൻസിറ്റി 810 എന്നീ രണ്ട് പുതിയ ചിപ്‌സെറ്റുകളാണ് ഇന്നലെ കമ്പനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെ പുതിയ മീഡിയടെക്ക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റുള്ള ആദ്യ ഫോൺ തങ്ങൾ പുറത്തിറക്കുമെന്ന് ചൈനീസ് കമ്പനിയായ റിയൽമി പ്രഖ്യാപിച്ചു.

റിയൽമി ഇന്ത്യ, യൂറോപ്പ് സിഇഒ മാധവ് ഷേത്ത് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്ത് വിട്ട ഒരു ടീസറിൽ മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്പ്സെറ്റിന്റെ കരുത്തോടെ ലോകത്ത് ആദ്യമായി അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോൺ റിയൽമി ആവണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. എന്തായാലും ഡിവൈസിന്റെ പേര് കൃത്യമായി ട്വീറ്റിൽ പറഞ്ഞിട്ടില്ല. ഈ ഡിവൈസ് റിയൽമി 8എസ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്പിൽ പ്രവർത്തിക്കുമെന്ന് പറയപ്പെടുന്ന വരാനിരിക്കുന്ന റിയൽമി 8എസ് സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ നേരത്തെ തന്നെ പല റിപ്പോർട്ടുകളും വെളിപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടുകളിൽ ചിപ്പ്സെറ്റ് ഇതായിരിക്കുമെന്ന ഊഹവും പങ്കുവച്ചിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് 6.5 ഇഞ്ച് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, എഫ്എച്ച്ഡി+ റെസല്യൂഷൻ സപ്പോർട്ട് എന്നിവയുമായിട്ടായിരിക്കും റിയൽമി 8എസ് പുറത്തിറങ്ങുന്നത്.

പുതിയ മീഡിയടെക് ചിപ്പ്സെറ്റിനൊപ്പം 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി ആയിരിക്കും ഉണ്ടാവുക. ലീക്കായ റെൻഡർ റിപ്പോർട്ട് അനുസരച്ച് റിയൽമി 8എസ് സ്മാർട്ട്ഫോണിന് പിന്നിൽ വളരെ വ്യത്യസ്ത ഡിസൈൻ ആയിരിക്കും ഉണ്ടാവുക. വെർട്ടിക്കലായി സെറ്റ് ചെയ്ത ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി ക്യാമറ സെൻസർ, ഡെപ്ത്, അൾട്രാ വൈഡ് ആംഗിൾ, മാക്രോ സെൻസറുകൾ എന്നിവ ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻഭാഗത്ത് 16 എംപി ഫ്രണ്ട് ക്യാമറ സെൻസറും ഉണ്ടായിരിക്കും. ബ്രാൻഡിംഗ് പേര് പിൻ പാനലിൽ താഴെയായിട്ടായിരിക്കും നൽകുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും കമ്പനി ഇതിൽ നൽകും.

റിയൽമി 8എസ് ലോഞ്ച്
റിയൽമി 8എസ് സ്മാർട്ട്ഫോണിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ #AskMadhav എപ്പിസോഡിൽ, റിയൽമി 8ഐ, റിയൽമി 8എസ് എന്നിവയുൾപ്പെടെയുള്ള ചില ഡിവൈസുകൾ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിലാണ് എന്ന് മാധവ് ഷൈത്ത് സ്ഥിരീകരിച്ചു. ഇത് കണക്കിലെടുക്കുമ്പോൾ, ഡൈമെൻസിറ്റി 810 ചിപ്‌സെറ്റുള്ള ആദ്യ ഫോണായി റിയൽമി 8 എസ് വൈകാതെ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. അധികം വൈകാതെ തന്നെ കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കും.


Click it and Unblock the Notifications








