റിയൽമി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി: വിലയും ലഭ്യതയും
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടുന്ന റിയൽമി സി സീരീസിൽ പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചു. നേരത്തെ തന്നെ വിപണിയിലുള്ള റിയൽമി സി12 സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് മോഡലാണ് കമ്പനി വിപണിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം റിയൽമി സി12 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡൽ കമ്പനി അവതരിപ്പിച്ചിരുന്നു. 10,000 രൂപയിൽ താഴെ വിലയുള്ള ഈ ഡിവൈസ് ഇന്ത്യയിൽ വലിയ ജനപ്രീതിയാണ് നേടിയത്.

റിയൽമി സി12: പുതിയ വേരിയൻറ്
റിയൽമിയുടെ പുതിയ വേരിയന്റിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 3 ജിബി റാമുള്ള മോഡലിനേക്കാൾ 1,000 രൂപ കൂടുതലാണ്. 3ജിബി റാം വേരിയന്റിന് 8,999 രൂപയാണ് വില. 4ജിബി റാമുള്ള പുതിയ വേരിയന്റിന് 9,999 രൂപ വിലയുണ്ട്. പവർ ബ്ലൂ, പവർ സിൽവർ ഷേഡുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഡിവൈസിന്റെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ റിയൽമി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ ഈ പ്ലാറ്റ്ഫോമുകളിലും ഓഫ്ലൈൻ സ്റ്റോറുകളിലും ഡിവൈസ് വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വേരിയന്റിന് നേരത്തെ പുറത്തിരങ്ങിയ 3ജിബി വേരിയന്റിൽ നിന്നുള്ള ഏക വ്യത്യാസം അപ്‌ഗ്രേഡുചെയ്‌ത സ്റ്റോറേജ് കോൺഫിഗറേഷൻ മാത്രമാണ്. മറ്റെല്ലാ സവിശേഷതകളും സമാനമാണ്.

12nm പ്രോസസ് ബേസ്ഡ് 2.3 ജിഗാഹെർട്സ് ക്ലോക്ക് സ്പീഡുള്ള ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് റിയൽമി സി12 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. പവർവിആർ ജിഇ 8320 ജിപിയുവുള്ള ഡിവൈസിൽ മുകളിൽ സൂചിപ്പിച്ചത് പോലെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 1,000 രൂപ അധികമായി നൽകിയാൽ 3ജിബി റാമിന് പകരം 4 ജിബി റാമും 32 ജിബി സ്റ്റോറേജിന് പകരം 64 ജിബി സ്റ്റോറേജും ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ ഔട്ട്-ഓഫ്-ബോക്സിലാണ് റിയൽമി സി12 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. എച്ച്ഡി + റെസല്യൂഷനുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഹാൻഡ്‌സെറ്റിൽ റിയൽമി നൽകിയിട്ടുള്ളത്. ഇത് ബജറ്റ് സെഗ്മെന്റിലെ മികച്ച ഡിസ്പ്ലെ തന്നെയാണ്.

റിയൽമി സി12 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 13 എംപി പ്രൈമറി സെൻസറും രണ്ട് 2 എംപി സെൻസറുകളും ഉണ്ട്. ഈ 2എംപി സെൻസറിൽ ആദ്യത്തേത് ഡെപ്ത് സെൻസറും മറ്റേത് മാക്രോ സെൻസറുമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയാണ് ഡ്യൂഡ്രോപ്പ് നോച്ചിൽ ഉള്ളത്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത.


Click it and Unblock the Notifications








