റിയൽമി C12 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്; വിലയും സവിശേഷതകളും
റിയൽമി C12 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. റിയൽമി C11 സ്മാർട്ട്ഫോണിനെക്കാൾ അല്പം വില കൂടുതലുള്ള ഈ ഡിവൈസ് ബജറ്റ് സെഗ്മമെന്റിലേക്ക് തന്നെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്‌പ്ലേ എന്നീ സവിശേഷതകളുള്ള റിയൽമി C12 9,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ്.

റിയൽമി C12: വിലയും ലഭ്യതയും
പവർ സിൽവർ, പവർ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് റിയൽമി C12 ലഭ്യമാകുന്നത്. ഡിവൈസിന്റെ ഒറ്റ വേരിയന്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 8,999 രൂപയാണ് വില. നാർസോ 10A സ്മാർട്ട്ഫോണിന്റെ വിലയ്ക്ക് തുല്യമായ വിലയിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. ജിയോയുമായി സഹകരിച്ച് 7,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും മൊബിക്വിക്ക് ക്യാഷ് ബാക്കും ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കുന്ന ഓഫറുകളാണ്.

ഫ്ലിപ്പ്കാർട്ടിൽ നിന്നും റിയൽമി C12 സ്മാർട്ട്ഫോൺ സ്വന്തമാക്കുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം വിലക്കിഴിവും ലഭിക്കും. റിയൽമി C12 വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും 2 വർഷത്തെ ഡിസ്കവറി പ്ലസ് പ്രീമിയം സബ്സ്ക്രിപ്ഷൻ 299 രൂപയിൽ സ്വന്തമാക്കാം.

റിയൽമി C12: സവിശേഷതകൾ
10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസ് എന്ന നിലയിൽ റിയൽമി C12 സ്മാർട്ട്ഫോണിന് മികച്ച സവിശേഷതകൾ തന്നെയാണ് ഉള്ളത്. വലിയ ബാറ്ററി, വലിയ ഡിസ്‌പ്ലേ, ട്രിപ്പിൾ ക്യാമറ സിസ്റ്റം എന്നിവ പോലുള്ള പ്രധാന സവിശേഷതകൾ കൊണ്ട് റിയൽമി C11 സ്മാർട്ട്ഫോണനെക്കാൾ മികച്ച ഡിവൈസായി ഇത് മാറുന്നു. 20: 9 റേഷിയോ ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി C12 സ്മാർട്ട്ഫോണിൽ ഉള്ളത്.

ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറയ്ക്കായി വാട്ടർഡ്രോപ്പ് നോച്ചാണ് നൽകിയിരിക്കുന്നത്. ഡിസ്പ്ലെയ്ക്ക് ചുറ്റും നേർത്ത ബെസലുകളും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ പിന്നിലാണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുള്ളത്. ഫെയ്സ് അൺലോക്ക് സിസ്റ്റവും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി 35 ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

റിയൽമി C12 സ്മാർട്ട്ഫോണിന്റെ പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം 2 മെഗാപിക്സൽ മാക്രോ ക്യാമറയും മറ്റൊരു ബ്ലാക്ക് ആന്റ് വൈറ്റ് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. 6000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 10W ചാർജറും ഡിവൈസിനൊപ്പം ലഭിക്കും.


Click it and Unblock the Notifications








