6000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി C15 സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളും
റിയൽമിയുടെ ആദ്യത്തെ 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്‌ഫോണായ റിയൽമി C15 പുറത്തിറങ്ങി. ഇന്തോനേഷ്യയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. റിയൽമി സി11 സ്മാർട്ട്ഫോണിലൂടെ കമ്പനി അവതരിപ്പിച്ച പുതിയ ക്യാമറ ഡിസൈനും റിയൽമി ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. എൻട്രി ലെവൽ സെഗ്‌മെന്റിലേക്കാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. റിയൽമി സി11 സ്മാർട്ട്ഫോണിൽ ഉണ്ടായിരുന്ന അതേ മീഡിയടെക് ഹെലിയോ ജി 35 SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

റിയൽമി സി3 യിൽ കണ്ട ഹീലിയോ ജി 70 പ്രോസസറിനെക്കാൾ കരുത്ത് കുറഞ്ഞ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് സി 15 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത് എന്നകാര്യം ശ്രദ്ധേയമാണ്. വ്യത്യസ്തമായൊരു വില വിഭാഗത്തിലേക്കാണ് റിയൽമി സി3 സ്മാർട്ട്ഫോൺ പുറത്തിറക്കിരിക്കുന്നത് എന്ന കമ്പനിയുടെ വാദം സാധൂകരിക്കുകയാണ് ഈ പ്രോസസർ. പുതിയ സി15 സ്മാർട്ട്ഫോണാകട്ടെ കരുത്ത് കുറഞ്ഞതും എൻട്രി ലെവൽ സെഗ്മെന്റിലുള്ളതുമായ ഡിവൈസാണ്.

റിയൽമി C15: വില
മൂന്ന് റാം, സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി C15 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ 3 ജിബി / 64 ജിബി വേരിയന്റിന് ഐഡിആർ 1,999,000 (ഏകദേശം 10,300 രൂപ) വിലയുണ്ട്. 4 ജിബി / 64 ജിബി വേരിയന്റിന് ഐഡിആർ 2,199,000 (ഏകദേശം 11,300 രൂപ)യാണ് വില. 4 ജിബി / 128 ജിബി മോഡലിന് ഐഡിആർ 2,499,000 (ഏകദേശം 12,900 രൂപ) വിലയുണ്ട്. മറൈൻ ബ്ലൂ, സീഗൽ സിൽവർ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

റിയൽമി C15 സ്മാർട്ട്ഫോണിന്റെ ആദ്യത്തെ ഫ്ലാഷ് സെയിൽ ജൂലൈ 29ന് ഇന്തോനേഷ്യയിൽ റിയൽമിയുടെ ഓൺലൈൻ സ്റ്റോർ, ലസാഡ.കോം, മറ്റ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ എന്നിവ വഴി നടക്കും. ആദ്യത്തെ രണ്ട് റാം / സ്റ്റോറേജ് വേരിയന്റുകൾക്ക് ഒരു നിശ്ചിത സമയത്തേക്ക് ഡിസ്‌കൗണ്ടുകളും റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കമ്പനിയുടെ ഇന്തോനേഷ്യൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.

റിയൽമി C15: സവിശേഷതകൾ
റിയൽമി C15 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് പ്രവർത്തിപ്പിക്കുന്നത്. ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഈ പ്രോസസർ നേരത്തെ നമ്മൾ റിയൽമി C11 സ്മാർട്ട്ഫോണിലും കണ്ടിരുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. 20: 9 ആസ്പാക്ട് റേഷിയോവോട് കൂടിയ 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്.

13 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവയാണ് റിയൽമി C15 സ്മാർട്ട്ഫോണിലെ പിൻക്യാമറ സെറ്റപ്പിലുള്ള ക്യാമറകൾ. ചതുരാകൃതിയിലുള്ള ക്യാമറ ഡിസൈനാണ് ഡിവൈസിൽ ഉള്ളത്. റിയൽമി C11 സ്മാർട്ട്ഫോണിലും ഇതേ ക്യാമറ ഡിസൈനാണ് നൽകിയിരുന്നത്. സെൽഫികൾക്കായി 8 മെഗാപിക്സൽ AI ബ്യൂട്ടി ക്യാമറയാണ് നൽകിയിരിക്കുന്നത്.

ടീസറുകളിലും മറ്റും കണ്ടിരുന്ന ഡിവൈസിന്റെ പ്രധാന സവിശേഷത ബണ്ടിൽഡ് ചാർജർ വഴി 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 6000 എംഎഎച്ച് ബാറ്ററിയാണ്. പോളികാർബണേറ്റ് ബാക്ക് പാനലിലാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. റിയൽമെ സി 11 ൽ നിന്ന് വ്യത്യസ്തമായി പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും റിയൽമി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








