ബജറ്റ് വിപണി പിടിക്കാൻ റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 8,999 രൂപ മുതൽ
റിയൽമി സി സീരീസിൽ പുതിയ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ റിയൽമി സി31 ആണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. അടുത്തിടെ ഇന്തോനേഷ്യയിൽ ഈ ഡിവൈസ് അവതരിപ്പിച്ചിരുന്നു, കഴിഞ്ഞ വർഷം പുറത്തിറക്കിയ റിയൽമി സി21ന്റെ പിൻഗാമിയായാണ് റിയൽമി സി31 സ്മാർട്ട്‌ഫോൺ വരുന്നത്. കുറഞ്ഞ വിലയാണ് എങ്കിലും മികച്ച സവിശേഷതകൾ തന്നെ ഈ ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്. ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, പോളികാർബണേറ്റ് ബോഡി തുടങ്ങിയ സവിശേഷതകൾ ഫോണിലുണ്ട്.

റിയൽമി സി31: വില
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് റിയൽമി സി31 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബേസ് മോഡലിൽ 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 8,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 9,999 രൂപയാണ് വില. ഗ്രീൻ, സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ഏപ്രിൽ 6 മുതലാണ് റിയൽമി സി31 സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ ഫോൺ വഴി വിൽപ്പനയ്‌ക്കെത്തും.

റിയൽമി സി31: സവിശേഷതകൾ
റിയൽമി സി31 സ്മാർട്ട്ഫോണിൽ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. സ്‌ക്രീനിന് മുകളിൽ ഒരു വാട്ടർഡ്രോപ്പ് നോച്ചുള്ള ഡിവൈസിൽ അൽപ്പം കട്ടിയുള്ള ബെസലാണ് താഴത്തെ ഭാഗത്ത് നൽകിയിട്ടുള്ളത്. 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ആണ് ഈ ഡിവൈസിന്റെ ഡിസ്പ്ലെയ്ക്ക് ഉള്ളത്. ഇതൊരു ബജറ്റ് സ്മാർട്ട്‌ഫോണായതിനാൽ തന്നെ 60Hz റിഫ്രഷ് റേറ്റാണ് ഫോണിൽ നൽകിയിരിക്കുന്നത്.

മൂന്ന് പിൻ ക്യാമറകളാണ് റിയൽമി സി31 സ്മാർട്ട്ഫോണിലുള്ളത്. ബജറ്റ് വിഭാഗത്തിൽ മൂന്ന് ക്യാമറകൾ ലഭ്യമാക്കുന്നു എന്നത് തന്നെയാണ് ഈ ഡിവൈസിന്റെ വലിയ സവിശേഷത. എഫ്/2.2 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി ക്യാമറയാണ് പിന്നിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിന്റെ മുഖ്യ ആകർഷണം. ഇതിനൊപ്പം 2എംപി മാക്രോ സെൻസറും 2 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറുമാണ് റിയൽമി നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 5 എംപി ക്യാമറയും നൽകിയിട്ടുണ്ട്.

റിയൽമി സി31 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് യൂണിസോക്ക് ടി612 എസ്ഒസിയാണ്. 4 ജിബി വരെ റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ട്. ഈ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സ്ലോട്ടും റിയൽമി സി31 പായ്ക്ക് ചെയ്യുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും എഐ ഫേസ് അൺലോക്കും ഫോണിൽ നൽകിയിട്ടുണ്ട്. 5000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 10W ചാർജ് സപ്പോർട്ടും റിയൽമി നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 11 ബേസ്ജ് റിയൽമി യുഐ ആർ എഡിഷനോടെയാണ് റിയൽമി സി31 വരുന്നത്. ഈ സ്മാർട്ട്ഫോണിന് 197 ഗ്രാം ഭാരമാണ് ഉള്ളത്. 164.7 × 76.1 × 8.4 എംഎം ആണ് ഇതിന്റെ അളവ്. 8,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകുന്നു എന്നത് തന്നെയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. 1000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് ഇത്. ക്യാമറ, ബാറ്ററി, ഡിസ്പ്ലെ, പ്രോസസർ, റാം, സ്റ്റോറേജ് എന്നീ കാര്യങ്ങളിൽ ഈ ഡിവൈസ് വിലയ്ക്ക് യോജിച്ച രീതി മികച്ച നിലവാരം പുലർത്തുന്നു.


Click it and Unblock the Notifications








