ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽ
റിയൽമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ റിയൽമി സി35 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സി സീരിസിലെ പുതിയ ഡിവൈസിൽ മികച്ച സവിശേഷതകളാണ് റിയൽമി നൽകിയിട്ടുള്ളത്. ഈ ഡിവൈസ് രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 50 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേ, ഒക്ടാ കോർ യുണിസോക്ക് പ്രോസസർ എന്നിങ്ങനെ ആകർഷകമായ ഫീച്ചറുകളാണ് ഈ ഫോണിലുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി സി25ന്റെ പിൻഗാമിയാണ് റിയൽമി സി35.

റിയൽമി സി35: വില
റിയൽമി സി35 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 11,999 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,999 രൂപ വിലയുണ്ട്. 4 ജിബി റാം ഓപ്ഷനിൽ മാത്രമേ നിലവിൽ സ്മാർട്ട്ഫോൺ ലഭ്യമാകുകയുള്ളു. റിയൽമി സി35 സ്മാർട്ട്ഫോൺ ഗ്ലോയിങ് ബ്ലാക്ക്, ഗ്ലോയിങ് ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാകും. മാർച്ച് 12ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴി ഓൺലൈനായും രാജ്യത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഫോൺ വിൽപ്പനയ്ക്ക് എത്തും.

റിയൽമി സി35ന്റെ മുൻഗാമിയായ റിയൽമി സി25 സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയപ്പോൾ ഈ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപയായിരുന്നു വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയായിരുന്നു വില. ഇത് വച്ച് നോക്കുമ്പോൾ പുതിയ ഡിവൈസുകൾക്ക് 2000 രൂപയോളം കൂടുതലാണ്. സവിശേഷതകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നതാണ് ഈ പുതിയ ഡിവൈസിന്റെ വില വർധിക്കാൻ കാരണം. റിയൽമി സി35 കഴിഞ്ഞ മാസം തായ്ലന്റിൽ അവതരിപ്പിച്ചിരുന്നു.

റിയൽമി സി35: സവിശേഷതകൾ
റിയൽമി സി35 സ്മാർട്ട്ഫോൺ 90.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള 6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി + (1,080x2,408 പിക്സൽസ്) ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യൂണിസോക്ക് ടി616 എസ്ഒസിയാണ്. ഇതിനൊപ്പം ഡിവൈസിൽ 4 ജിബി LPDDR4X റാമും നൽകിയിട്ടുണ്ട്. 128 ജിബി വരെ യുഎഫ്എസ് 2.0 സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

റിയൽമി സി35 സ്മാർട്ട്ഫോണിൽ മുന്ന് പിൻക്യാമറകളാണ് ഉള്ളത്. ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ എഫ്/1.8 ലെൻസുള്ള 50-മെഗാപിക്സൽ സെൻസറാണ്. ഇതി റിയൽമി ജിടി എന്ന സ്മാർട്ട്ഫോണിലുള്ള അതേ ലെൻസാണ്. ഇതിനൊപ്പം എഫ്/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും എഫ്/2.8 ലെൻസുള്ള മോണോക്രോം സെൻസറും റിയൽമി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ എഫ്/2.0 ലെൻസുള്ള 8-മെഗാപിക്സൽ സോണി IMX355 സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്.

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള റിയൽമി സി35 ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐയിൽ പ്രവർത്തിക്കുന്നു. 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് റിയൽമി സി35 സ്മാർട്ട്ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവ പോലുള്ള സെൻസറുകളും ഈ ഡിവൈസിൽ ഉണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിട്ടുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത് 18W ഫാസ്റ്റ് ചാർജിങും ഫോണിലുണ്ട്.


Click it and Unblock the Notifications








