റിയൽമി നാർസോ 30 പ്രോ 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ച് ഫ്ലിപ്പ്കാർട്ട് ടീസർ
റിയൽമി നാർസോ 30 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നു. ഈ സീരിസിൽ നാർസോ 30എ എന്ന ഡിവൈസും ഉണ്ടായിരിക്കും. ഇന്ത്യയിലെ ലോഞ്ച് വൈകാതെ നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തിയ്യതി വെളിപ്പെടുത്തിയിട്ടില്ല. ഇതിനകം തന്നെ ഫ്ലിപ്പ്കാർട്ട് നാർസോ 30 പ്രോ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് ടീസറിൽ ഡിവൈസിന്റെ രേഖാചിത്രം കാണിക്കുന്നുണ്ട്. ലോഞ്ച് തിയ്യതി ഈ ടീസറിൽ വെളിപ്പെടുത്തിയിട്ടില്ല.

ഫ്ലിപ്പ്കാർട്ട് ടീസറിലൂടെ നാർസോ 30 സീരിസ് വൈകാതെ തന്നെ പുറത്തിറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. ടീസറിലൂടെ നാർസോ 30 പ്രോയെക്കുറിച്ചുള്ള ചില വിവരങ്ങൾ വ്യക്തമാകുന്നുണ്ട്. നാർസോ 30 പ്രോ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഫെബ്രുവരി 18ന് വെളിപ്പെടുത്തുമെന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ ടീസറിൽ പറയുന്നത്. ഈ വിവരങ്ങളിൽ ഡിവൈസിന്റെ ലോഞ്ച് തിയ്യതിയും പ്രധാന സവിശേഷതകളും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 21 നും ഫെബ്രുവരി 28 നും ഇടയിൽ റിയൽമി നാർസോ 30 പ്രോയും നാർസോ 30എയും പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഫ്ലിപ്പ്കാർട്ടിലുള്ള നാർസോ 30 പ്രോ ലാൻഡിങ് പേജിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നാർസോ ബ്രാൻഡിംഗിനൊപ്പം ഗ്രേ നിറത്തിലുള്ള സ്മാർട്ട്‌ഫോണിന്റെ പിൻഭാഗവും വീഡിയോയിൽ നിന്നും വ്യക്തമാകുന്നു. എന്നാൽ ക്യാമറ ഡിസൈൻ പോലുള്ള മറ്റ് വിശദാംശങ്ങൾ വീഡിയോയിൽ കാണുന്നില്ല. നേരത്തെ ലീക്ക് ആയ ഒരു പോസ്റ്ററിൽ മാറ്റ് ഫിനിഷുള്ള നീല, ചാരം നിറങ്ങളിലിൽ നാർസോ 30 പ്രോ കണ്ടെത്തിയിരുന്നു.

റിയൽമി നാർസോ 30 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് 120 ഹെർട്സ് അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേയുമായിട്ടായിരിക്കും റിയൽമി നാർസോ 30 പ്രോ പുറത്തിറങ്ങുക. മീഡിയടെക് ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുകയെന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിലെ ഡിസ്പ്ലേ എൽസിഡി ആയിരിക്കും. കാരണം ഉയർന്ന റിഫ്രഷ് റേറ്റ് ഇല്ലാതെ അമോലെഡ് ഉപയോഗിക്കുന്ന റിയൽമി എക്സ്7 നെക്കാൾ വിലകുറഞ്ഞ ഫോണാണ് നാർസോ 30 പ്രോ. 20,000 രൂപയിൽ താഴെ വിലയുള്ള സ്മാട്ട്ഫോണുകളുടെ വിഭാഗത്തിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുക.

റിയൽമി 5ജി
കഴിഞ്ഞ വർഷം പുറത്തിറക്കിയ ഡിവൈസിലൂടെ ഇന്ത്യയിൽ 5ജി ഫോൺ വിപണിയിലെത്തിച്ച ആദ്യത്തെ ബ്രാൻഡായി റിയൽമി മാറി. കമ്പനിയുടെ രണ്ട് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണയിൽ ഒരു വർഷത്തിനിടെ പുറത്തിറങ്ങി. ഇന്ത്യയിൽ 5ജി ഇല്ലെങ്കിലും ഉപയോക്താക്കൾക്ക് ഭാവിയിലേക്ക് 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ ആവശ്യമാണ് എന്നതിനാൽ തന്നെ 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾക്ക് ഏറെ പ്രാധാന്യം ഉണ്ട്.

സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ നിലവിലുള്ള ട്രന്റ് അനുസരിച്ച് ആളുകൾ വളരെ വേഗത്തിൽ ഫോണുകൾ മാറ്റുന്നുണ്ട്. പ്രീമിയം ഫോണുകൾ വാങ്ങുന്ന ആളുകൾപോലും വളരെ വേഗം ഫോണുകൾ മാറ്റുന്നു. ഈ അവസരത്തിൽ വരാനിരിക്കുന്ന 5ജിയെ കണ്ട് ഇപ്പോൾ മികച്ച 4ജി ഫോണുകൾ വാങ്ങാതിരിക്കുന്നതിൽ അർത്ഥമില്ല. ബജറ്റ്, കുറഞ്ഞ മിഡ് റേഞ്ച് ഫോണുകൾ വാങ്ങുന്ന ആളുകൾ വളരെ കുറഞ്ഞ സമയത്തിനകം തന്നെ പുതിയ ഫോണുകളിലേക്ക് മാറാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് ഇന്ത്യയിൽ 4ജി ഡിവൈസുകളുടെ കാലവും കഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications








