ഏറ്റവും പുതിയ ക്വാൽകോം ചിപ്പ്സെറ്റുകളുമായി റിയൽമിയുടെ ഫോണുകൾ വരുന്നു
ക്വാൽകോമിന്റെ ഏറ്റവും പുതിയ പ്രീമിയം ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്ന രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളെങ്കിലും പുറത്തിറക്കാനൊരുങ്ങുകയാണ് റിയൽമി. ക്വാൽകോം പുതിയ സ്‌നാപ്ഡ്രാഗൺ 778 ജി 5ജി ചിപ്‌സെറ്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്ത് വരുന്നത്. ഈ പ്രോസസർ ഉപയോഗിക്കുന്ന ആദ്യത്തെ ഫോണുകളിലൊന്ന് തങ്ങൾ തന്നെ ലോഞ്ച് ചെയ്യുമെന്ന് റിയൽമി അറിയിച്ചു. ഈ ഫോണിന് "ക്വിക്‌സിൽവർ" എന്ന രഹസ്യനാമമാണ് നൽകിയിട്ടുള്ളത്.

പുതിയ ഫോണിന്റെ ലോഞ്ച് എപ്പോൾ നടക്കുമെന്ന് കാര്യം റിയൽമി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ക്വിക്ക്‌സിൽവർ ജൂൺ 18ന് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന റിയൽമി സ്മാർട്ട്ഫോണും അതേ ദിവസം തന്നെ പുറത്തിറക്കിയേക്കും. ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ നൽകിയിട്ടുള്ളത്. ഈ റിപ്പോർട്ട് അനുസരിച്ച് റിയൽമെ അടുത്ത മാസം കുറഞ്ഞത് രണ്ട് ഫോണുകളെങ്കിലും അവതരിപ്പിക്കും. ഇപ്പോൾ പ്രഖ്യാപിച്ച റിയൽമി ക്വിക്ക്‌സിൽവർ ജൂൺ 18ന് തന്നെ ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

ടിപ്പ്സ്റ്റർ നൽകുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഈ ഫോൺ വിപണിയിൽ വലിയ തരംഗം സൃഷ്ടിക്കും. റിയൽമി ക്വിക്ക്‌സിൽവർ സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 778 ജി 5ജി പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റ് സ്‌നാപ്ഡ്രാഗൺ 768 ജി ചിപ്‌സെറ്റിനേക്കാൾ മികച്ചതാണ്. ക്വാൽകോം ക്രിയോ 670 സിപിയു ഉള്ള 6 എൻഎം ചിപ്പാണ് സ്‌നാപ്ഡ്രാഗൺ 778 ജി 5ജി മൊബൈൽ പ്ലാറ്റ്ഫോം. ഇതിന് 40% പെർഫോമൻസ് മെച്ചപ്പെടുത്താനും മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകാനും സാധിക്കുമെന്ന് റിയൽമി പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു.

സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തുമായി പുറത്തിറങ്ങാൻ പോകുന്ന റിയൽമിയുടെ ഫോണുമായി ബന്ധപ്പെട്ടും ചില റിപ്പോർട്ടുകൾ ഉണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നൊരു സ്ക്രീൻഷോട്ട് പുറത്ത് വന്നിരുന്നു. ഈ സ്ക്രീൻഷോട്ടിൽ ഫോണിന്റെ പേര് മങ്ങിയ രീതിയിലാണ് ഉള്ളത്. പക്ഷേ സവിശേഷതകളുടെ പട്ടിക കൃത്യമായി കാണാം. ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 870 പ്രോസസർ, 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ഉണ്ടായിരിക്കും.

പുറത്ത് വന്ന സ്ക്രീൻ ഷോട്ടിലെ വിവരങ്ങൾ അനുസരിച്ച് ഈ ഫോണിലെ റാം 5 ജിബി വരെ വിർച്വൽ എക്സ്പാൻഷൻ സപ്പോർട്ട് ചെയ്യുന്നതാണ്. സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ൽ പ്രവർത്തിക്കും. ഈ ഡിവൈസിന്റെ പേരോ കോഡ് നൈമോ ഇതുവരെ പുറത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ജൂൺ 18ന് ഇത് ലോഞ്ഛ് ചെയ്യാനാണ് റിയൽമി ഉദ്ദേശിക്കുന്നത് എങ്കിൽ ഒരാഴ്ച മുമ്പെങ്കിലും ഫോണിന്റെ ടീസർ കമ്പനി പുറത്ത് വിടും.

അതേസമയം റിയൽമി ഇന്ന് ചൈനയിൽ ഒരു ഇവന്റ് നടത്തുന്നുണ്ട്. ഇതിൽ വച്ച് ഒരു പുതിയ ഡിവൈസ് ലോഞ്ച് ചെയ്യുമെന്നും സൂചനകൾ ഉണ്ട്. അനൌദ്യോഗിക വിവരങ്ങൾ അനുസരിച്ച് ഈ ഫോൺ റിയൽമി ജിടി നിയോ ഫ്ലാഷ് എഡിഷൻ ആയിരിക്കും. മാത്രമല്ല ഇത് 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും വരുന്നത്. ജിടി നിയോ ഫ്ലാഷ് പതിപ്പിന്റെ സവിശേഷതകളും മാർച്ചിൽ ലോഞ്ച് ചെയ്ത ജിടി നിയോ സ്മാർട്ട്ഫോണിന്റെ സവിശേഷതകളും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇത് തന്നെ ആയിരിക്കും എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








