റിയൽമി എക്സ്3 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രോസസറുമായി
റിയൽമി എക്സ്3 പ്രോ സ്മാർട്ട്ഫോൺ കുറച്ച് കാലമായി ലീക്ക് റിപ്പോർട്ടുകളായും മറ്റും വാർത്തകളിൽ നിറയുന്നുണ്ട്. എക്സ്3, എക്സ് 3 സൂപ്പർ സൂം എന്നീ ഡിവൈസുകൾക്കൊപ്പമായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത് എങ്കിലും ഈ ഡിവൈസ് പുറത്തിറക്കിയിരുന്നില്ല. എന്നാലിപ്പോഴിതാ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന പുതിയ റിപ്പോർട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്.

ഗീക്ക്ബെഞ്ച് 5 ലിസ്റ്റിംഗ് അനുസരിച്ച് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855+ പ്രോസസറാണ് റിയൽമി എക്‌സ് 3 പ്രോയ്ക്ക് കരുത്ത് നൽകുക. റിയൽമി എക്സ് 3, എക്സ് 3 സൂപ്പർ സൂം എന്നിവയിലും ഇതേ പ്രോസസർ തന്നെയാണ് ഉപയോഗിച്ചിരുന്നത്. 1.78GHz ക്ലോക്ക് സ്പീഡുള്ള എട്ട് കോറുകൾ പ്രോസസറിൽ ഉണ്ടാകും. കുറഞ്ഞത് 8 ജിബി റാമായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

റിയൽമി എക്സ് 3 പ്രോ നേടിയ പോയിന്റുകൾ പരിശോധിച്ചാൽ, സിംഗിൾ-കോർ പോയിന്റുകൾ 786 ഉം മൾട്ടി-കോർ സ്കോറുകൾ 2556 ഉം ആണ്. ഇത് മോഡൽ നമ്പർ RMX2083ലാണ് സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ കണ്ടെത്തിയത്. റിയൽമിയുടെ ആർഎംഎക്സ് 2121 മോഡൽ സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ കണ്ടതോടെ അത് റിയൽമി എക്സ് 3 പ്രോ ആയിരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

റിയൽമി എക്സ് 3 പ്രോ എപ്പോഴായിരിക്കും പുറത്തിറങ്ങുക എന്ന് വ്യക്തമല്ല, പക്ഷേ ഇത് എക്സ് 3 സ്മാർട്ട്‌ഫോൺ സീരിസിലെ ഏറ്റവും മികച്ച ഡിവൈസായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു സ്നാപ്ഡ്രാഗൺ 855+ പ്രോസസർ ഉപയോഗിച്ച് പുറത്തിറങ്ങുന്ന റിയൽമി എക്സ് 3 പ്രോ, റിയൽമി എക്സ് 3 സൂപ്പർ സൂമിന് സമാനമായ പെർഫോമൻസായിരിക്കും നൽകുക. ഈ ഡിവൈസുകൾ തമ്മിലുള്ള വ്യത്യാസം ക്യാമറകളിലും ബാറ്ററി ചാർജിംഗ് വേഗതയിലുമായിരിക്കും.

എക്സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോൺ പെരിസ്‌കോപ്പ് ക്യാമറയടങ്ങുന്ന മൂന്ന് സെൻസറുകളുള്ള ക്യാമറ സെറ്റപ്പുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. എക്സ് 3 പ്രോ ഈ ക്യാമറകളിൽ പെരിസ്കോപ്പ് ക്യാമറ ഒഴിവാക്കി മറ്റുള്ള ക്യാമറ സവിശേഷതകൾ അതുപോലെ നിലനിർത്തും. സ്മാർട്ട്‌ഫോൺ വ്യവസായത്തിലെ അടുത്ത സാങ്കേതിക മുന്നേറ്റമായി അവതരിപ്പിച്ച 125W അൾട്രാഡാർട്ട് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്.

ഓപ്പോയുടെ 125W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയുടെ റീ പാക്കേജ്ഡ് വേർഷനാണ് ഈ സാങ്കേതികവിദ്യ. റിയൽമി എക്സ് 3 പ്രോയിൽ 125 ഡബ്ല്യു അൾട്രാഡാർട്ട് സാങ്കേതികവിദ്യ നൽകിയിട്ടില്ലെങ്കിലും 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെങ്കിലും നൽകുമെന്നാണ് റിപ്പോർട്ടുകൾ.റിയൽമി എക്സ് 50 പ്രോ 5ജിയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എക്സ് 3, എക്സ് 3 സൂപ്പർ സൂം എന്നിവയുടെ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ ഈ സ്മാർട്ട്‌ഫോണിന് 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കും ഉണ്ടായിരിക്കുക.


Click it and Unblock the Notifications