റിയൽമി എക്സ് 3 സൂപ്പർസൂം ജൂൺ 26ന് ഇന്ത്യയിൽ അവതരിപ്പിക്കും; റിപ്പോർട്ട്
റിയൽമിയുടെ ഹോം മാർക്കറ്റായ ചൈനയിൽ അടുത്തിടെ പുറത്തിറങ്ങിയ റിയൽമെ എക്സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നു. മികച്ച ക്യാമറ സെറ്റപ്പുള്ള ഈ ഡിവൈസിൽ ആകർഷകമായ ഹാർഡ്‌വെയർ സവിശേഷതകളും ഉണ്ട്. സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് റിയൽമി ഇന്ത്യ സിഇഒ മാധവ് ഷെത്ത് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ലോഞ്ച് തീയതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും റിയൽമി എക്സ് 3 സൂപ്പർ സൂം ജൂൺ 26 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് 901 മൊബൈൽസ് റിപ്പോർട്ട് ചെയ്തു. റീട്ടെയിൽ സോഴ്സുകളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് ലോഞ്ച് തിയ്യതി സ്ഥിരീകരിച്ചിരിക്കുന്നത്. ഡിവൈസിന്റെ വിലയെയും ലഭ്യതയെയും സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

റിയൽമി എക്സ് 3 സൂപ്പർ സൂം: പ്രതീക്ഷിക്കുന്ന വില
റിയൽമി എക്സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്പൈസുമുള്ള വേരിയന്റ് 499 യൂറോയ്ക്ക് (ഏകദേശം 41,000 രൂപ) യൂറോപ്യൻ വിപണിയിൽ ലഭ്യമാണ്. ഇന്ത്യയിൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു വിലയായിരിക്കും ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമെ എക്സ് 2 പ്രോയ്ക്ക് പകരമായി 30,000 രൂപയിൽ താഴെയുള്ള വിലയിലായിരിക്കും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാക്കുകയെന്നും സൂചനകളുണ്ട്.

റിയൽമി എക്സ് 3 സൂപ്പർസൂം: സവിശേഷതകൾ
1080p റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് എഫ്‌എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേ, 120Hz, 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയോടെയാണ് റിയൽമി എക്സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇരട്ട സെൽഫി ക്യാമറ സെൻസറുകൾ സ്ഥാപിക്കുന്നതിനായി ഡിസ്പ്ലെയിൽ പിൽ ആകൃതിയിലുള്ള കട്ട് ഔട്ടും നൽകിയിട്ടുണ്ട്. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 855+ ഫ്ലാഗ്ഷിപ്പ് പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

റിയൽമി എക്സ് 3 സൂപ്പർസൂം സ്മാർട്ട്ഫോൺ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമായിട്ടാണ് പുറത്തിറങ്ങുക. സുരക്ഷയ്ക്കായി ഫോണിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ഇന്ത്യയിൽ ഈ ഡിവൈസ് പുറത്തിറങ്ങുക മറ്റൊരു ചിപ്‌സെറ്റുമായിട്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്യാമറ വിഭാഗം പരിശോധിച്ചാൽ റിയൽമി എക്സ് 3 സൂപ്പർസൂം സ്മാർട്ട്ഫോണിൽ 64 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 60 എം സൂം ഉള്ള 8 എംപി പെരിസ്‌കോപ്പ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 4200mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിലുണ്ട്.

റിയൽമി എക്സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോൺ ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യാമെന്നതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥീരികരണമൊന്നും വന്നിട്ടില്ല. കൂടാതെ റിയൽമെ എക്സ് 3, എക്സ് 3 പ്രോ എന്നിവ ഉടൻ വിപണിയിലെത്തുമോയെന്നും അറിയേണ്ടതുണ്ട്. വരാനിരിക്കുന്ന ഈ റിയൽമി സ്മാർട്ട്‌ഫോൺ മികച്ച ക്യാമറ സെറ്റപ്പുള്ള ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോണായിരിക്കും എന്ന് മാത്രമേ ഇപ്പോൾ ഉറപ്പിക്കാനാകൂ.


Click it and Unblock the Notifications