50 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി റെഡ്മി 10 വിപണിയിലേക്ക്
റെഡ്മി നോട്ട് സീരീസ് ഇന്ത്യയിലെ ഏറ്റവും ജനപ്രീയമായ സ്മാർട്ട്ഫോൺ സീരിസുകളിൽ ഒന്നാണ്. കുറഞ്ഞ വിലയിൽ മികച്ച സവിശഷതകൾ നൽകുന്നു എന്നത് തന്നെയാണ് ഈ ജനപ്രീതിക്ക് കാരണം. ഈ സീരിസിൽ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവ പുറത്തിറക്കി വിപണിയിൽ നേട്ടം കൊയ്ത കമ്പനി കുറച്ച് കൂടി വില കുറയാൻ സാധ്യതയുള്ള റെഡ്മി 10 സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ ഡിവൈസ് എൻബിടിസി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയതായി ടിപ്സ്റ്റർ മുകുൾ ശർമ വെളിപ്പെടുത്തി.

എൻബിടിസി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയതിനാൽ തന്നെ ഈ സ്മാർട്ട്‌ഫോൺ തായ്‌ലൻഡിലായിരിക്കും ആദ്യം അവതരിപ്പിക്കുന്നത്. അധികം വൈകാതെ ഇന്ത്യയിലും ഈ ഡിവൈസ് അവതരിപ്പിക്കും. കഴിഞ്ഞ വർഷം റെഡ്മി നോട്ട് 9 സീരിസ് പുറത്തിറക്കിയതിന് ശേഷം കമ്പനി റെഡ്മി 9 സീരിസും അവതരിപ്പിച്ചിരുന്നു. ഈ ഡിവൈസാണ് സ്മാർട്ട്ഫോൺ വിപണിയിൽ സർവ്വാധിപത്യം സ്ഥാപിക്കാൻ ഷവോമിയെ സഹായിച്ചത്. അതുകൊണ്ട് തന്നെ റെഡ്മി 10 സ്മാർട്ട്ഫോണിലുള്ള പ്രതീക്ഷകൾ ചെറുതല്ല.

റെഡ്മി 9 സ്മാർട്ട്ഫോൺ പോലെ റെഡ്മി 10 ഫോണും വിലകുറഞ്ഞ ഡിവൈസ് ആയിട്ടായിരിക്കും പുറത്തിറങ്ങുന്നത്. റെഡ്മി നോട്ട് 10നെക്കാൾ വില കുറഞ്ഞ ഡിവൈസ് ആയിരിക്കും ഇത്. 21061119AG എന്ന മോഡൽ നമ്പരിലാണ് റെഡ്മി 10 എൻബിടിസി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയത്. സർട്ടിഫിക്കേഷൻ വെബ്‌സൈറ്റ് ഡിവൈസ് ഏതെന്ന് സ്ഥിരീകരിക്കുകയും അത് തായ് വിപണിയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന സൂചന നൽകുകയും ചെയ്യുന്നു. റെഡ്മി 10നെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇതാദ്യമായിട്ടല്ല പുറത്ത് വരുന്നത്. ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ നേരത്തെ ഒരു ഇ-കൊമേഴ്‌സ് സൈറ്റിൽ കണ്ടെത്തിയിരുന്നു.

റെഡ്മി 10: സവിശേഷതകൾ
റെഡ്മി 10 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് FHD+ ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉള്ള ഡിസ്പ്ലെയായിരിക്കും ഇത്. 6 ജിബി റാമും 128 ജിബി ഡിഫോൾട്ട് സ്റ്റോറേജുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തറങ്ങുകയെന്നും ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി88 ചിപ്‌സെറ്റായിരിക്കുമെന്നും സൂചനകൾ ഉണ്ട്. വില കുറഞ്ഞതും എന്നാൽ ശക്തവുമായ ഒരു ഡിവൈസ് ആയിട്ടായിരിക്കും ഇത് പുറത്തിറങ്ങുന്നത്.

റെഡ്മി 10 സ്മാർട്ട്ഫോണിലെ ക്യാമറ വിശദാംശങ്ങളും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ പുറത്ത് വന്നിരുന്നു. 50 എംപി പ്രൈമറി സെൻസറായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. ഇതിനൊപ്പം 8 എംപി അൾട്രാ-വൈഡ് ലെൻസും ഡെപ്ത്, മോണോ എന്നിവയ്ക്കുള്ള രണ്ട് 2 എംപി ഷൂട്ടറുകളും ഉണ്ടായിരിക്കും. ഈ ക്വാഡ് ക്യാമറ സെറ്റപ്പിന്റെ ഡിസൈൻ എങ്ങനെയായിരിക്കും എന്ന സൂചനകൾ ഇല്ല. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൻസറായിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്മാർട്ട്ഫോണിൽ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററി ഉണ്ടായിരിക്കും. എല്ലാ ഷവോമി റെഡ്മി ഫോണുകളും പോലെ, വരാനിരിക്കുന്ന ഈ ഡിവൈസും ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിൽ പ്രവർക്കും. ഇന്ത്യയിൽ റെഡ്മിയുടെ ഫോണുകൾക്ക് ജനപ്രീതി വളരെ കൂടുതൽ ആയതിനാൽ തന്നെ നിലവിൽ തായ് വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന റെഡ്മി 10 സ്മാർട്ട്ഫോൺ വൈകാതെ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








