റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന നാളെ 12 മണിക്ക്; വിലയും ഓഫറുകളും
ഷവോമി റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിപണിയിൽ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നീ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. ഈ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ സീരിസിലെ നോട്ട് 10 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന നാളെ നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റിലും മൂന്ന് കളർ ഓപ്ഷനുകളിലും സ്മാർട്ട്ഫോൺ ലഭ്യമാകും.

റെഡ്മി നോട്ട് 10: വില, വിൽപ്പന
റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയാണ് വില. നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകൾ, ആമസോൺ, ഷിയോമി ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിലൂടെ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ആമസോണിൽ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാകും. അക്വാ ഗ്രീൻ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.

റെഡ്മി നോട്ട് 10 സവിശേഷതകൾ
റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. ഈ ഡിസ്പ്ലെയ്ക്ക് സുരക്ഷ നൽകുന്നത് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 ആണ്. ഈ സ്മാർട്ട്‌ഫോണിൽ സെൽഫികൾക്കും വീഡിയോ കോളിങിനുമായി 13 എംപി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ക്യാമറ സ്ഥാപിക്കാനായി പഞ്ച്-ഹോൾ കട്ട് ഔട്ടാണ് നൽകിയിട്ടുള്ളത്.

നാല് പിൻ ക്യാമറകളാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ ഉള്ളത്. 48 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള ക്യാമറകൾ. ഡിവൈസിന് കരുത്ത് നൽകുന്നത് അഡ്രിനോ 612 ജിപിയുവും 6 ജിബി റാമും ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 ചിപ്‌സെറ്റാണ്.

റെഡ്മി നോട്ട് 10ൽ 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജാണ് ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ സ്മാർട്ട്ഫോണിൽ ഷവോമി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 കസ്റ്റം സ്കിന്നിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 10 സീരിസിലെ ഏറ്റവും വില കുറഞ്ഞ ഈ സ്മാർട്ട്ഫോൺ നൽകുന്ന വിലയ്ക്ക് ചേർന്ന സവിശേഷതകളുള്ള ഡിവൈസാണ്. സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ക്വാഡ് ക്യാമറ സെറ്റപ്പ്, കരുത്തുള്ള ചിപ്‌സെറ്റ് എന്നീ സവിശേഷതകൾ 15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്നു എന്നതാണ് ഈ ഡിവൈസിനെ ശ്രദ്ധേയമാക്കുന്നത്.


Click it and Unblock the Notifications








