റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന് വീണ്ടും വില വർധിപ്പിച്ചു, ഇനി ഈ ഫോൺ വാങ്ങണോ?
ഷവോമി തങ്ങളുടെ ജനപ്രീയ സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നായ റെഡ്മി നോട്ട് 10 ന്റെ വില വീണ്ടും വർധിപ്പിച്ചു. ഇത് നാലാം തവണയാണ് ഡിവൈസിന് വില വർധിപ്പിക്കുന്നത്. 500 രൂപയാണ് സ്മാർട്ട്ഫോണിന് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന്റെ ഇന്ത്യയിലെ വില 13,999 രൂപയായി. ലോഞ്ച് ചെയ്തപ്പോൾ ഈ സ്മാർട്ട്ഫോണിന്റെ വില 11,999 രൂപയായിരുന്നു. നാല് തവണയും 500 രൂപ വീതമാണ് ഷവോമി ഈ ഡിവൈസിന് വർധിപ്പിച്ചത്.

റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയ്‌ക്കൊപ്പമാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മറ്റ് റെഡ്മി നോട്ട് സീരിസ് സ്മാർട്ട്ഫോണുകളെ പോലെ ഈ ഡിവൈസും വലിയ സ്വീകാര്യത നേടി. നാല് തവണയായി ഡിവൈസിന് വില വർധിപ്പിച്ചതോടെ ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്ന വിലയേക്കാൾ 2,000 രൂപയുടെ വർധനവാണ് സ്മാർട്ട്ഫോണിന് ലഭിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്ത അവസരത്തിൽ ഫ്ലാഷ് സെയിലുകളിലൂടെ കുറച്ച് ഡിവൈസുകൾ മാത്രമാണ് വിൽപ്പന നടത്തിയിരുന്നത്.

ആദ്യഘട്ടത്തിൽ നടന്ന ഫ്ലാഷ് സെയിലുകളിലൂടെ 11,999 രൂപയ്ക്ക് റെഡ്മി നോട്ട് 10 സ്വന്തമാക്കിയ ആളുകൾ കുറവായിരിക്കും. ഷവോമി ലാഭം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഡിവൈസിന് വില വർധിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ. ലോഞ്ച് ചെയ്തതിന് ശേഷം ഡിവൈസുകളുടെ വില വർധിപ്പിക്കുന്ന ഒരേയൊരു ബ്രാന്റ് അല്ല ഷവോമി. റിയൽമി, സാംസങ്, മൈക്രോമാക്സ് തുടങ്ങിയ കമ്പനികളും തങ്ങളുടെ ബജറ്റ്, മിഡ്റേഞ്ച് ഡിവൈസുകളുടെ വില വർധിപ്പിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് ഇത്തരത്തിൽ ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായ വിലയിൽ നിന്നും വില വർധിപ്പിക്കുന്നത്, ഇതിന് കാരണം ലോഞ്ച് ചെയ്യുമ്പോൾ കുറഞ്ഞ വിലയിലാണ് ഇവ അവതരിപ്പിക്കുന്നത് എന്നതാണ്. ആളുകളുടെ ശ്രദ്ധ ലഭിക്കാൻ സ്മാർട്ട്ഫോൺ മോഡലുകൾ കുറഞ്ഞ വിലയിൽ അവതരിപ്പിക്കുകയും പിന്നീട് ജനപ്രീതി നേടിക്കഴിയുന്നതോടെ അവയ്ക്ക് വില വർധിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് കമ്പനികൾ നടപ്പാക്കുന്നത്. ഫസ്റ്റ് റിവ്യൂ റിപ്പോർട്ടുകളിൽ പറയുന്ന വിലയും സവിശേഷതകളും ആളുകളുടെ മനസിലേക്ക് കയറിയാൽ പിന്നീട് വില വർധിപ്പിച്ച് ലാഭം ഉണ്ടാക്കാം എന്നതാണ് ഇതിന് പിന്നിലുള്ള ഉദ്ദേശം.

ഇനി റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ വാങ്ങണോ
ഷവോമി ലോഞ്ച് ഇവന്റിൽ വച്ച് പ്രഖ്യാപിച്ച വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോണുകൾ വിൽപ്പന നടത്തിയിരുന്ന ബ്രാന്റാണ്. ഇതിനുള്ള ഉദാഹരണമാണ് എംഐ 3. പക്ഷേ റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിന്റെ കാര്യത്തിൽ പുതുക്കിയ വിലയിൽ ഈ ഡിവൈസ് വാങ്ങുന്നത് ലാഭകരം ആയിരിക്കില്ല. നിലവിൽ 13,999 രൂപയ്ക്ക് 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് വാങ്ങുന്നതിനെക്കാൾ നല്ലത് മറ്റ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നതാണ്. 5ജി സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകൾ പോലും ഈ വില നിലവാരത്തിൽ ഇന്ത്യൻ വിപണിയിൽ ലഭ്യവുമാണ്. അതുകൊണ്ട് തന്നെ മറ്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. കുറച്ച് കൂടി പണം നൽകാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് മോഡലുകൾ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








