റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾ മാർച്ച് ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്യും
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ജനപ്രീതി നേടിയ റെഡ്മി നോട്ട് സീരിസിലെ പുതിയ തലമുറ ഡിവൈസുകൾ അടുത്തമാസം അവതരിപ്പിക്കും. നോട്ട് 10 സീരീസ് ലോഞ്ച് മാർച്ച് ആദ്യം തന്നെ ഉണ്ടാകുമെന്ന് ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടറും ഗ്ലോബൽ വൈസ് പ്രസിഡന്റുമായ മനു കുമാർ ജെയിൻ അറിയിച്ചു. മാർച്ചിൽ ലോഞ്ച് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലം കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിന് മുമ്പ് പുറത്തിറങ്ങിയ റെഡ്മി നോട്ട് സീരിസ് സമാർട്ട്ഫോണുകളെല്ലാം ഇന്ത്യൻ വിപണിയിൽ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

റെഡ്മി നോട്ട് 10 ലൈനപ്പിൽ രണ്ട് മോഡലുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ആദ്യത്തേത് റെഡ്മി നോട്ട് 10 ആയിരിക്കും. നോട്ട് 9 സീരിസിൽ കണ്ടത് പോലെ റെഡ്മി നോട്ട് 10 പ്രോ എന്ന സ്മാർട്ട്ഫോണും ഈ സീരിസിൽ പുറത്തിറങ്ങു. നോട്ട് 9 സീരിസിൽ പ്രോ, പ്രോ മാക്സ് എന്നീ രണ്ട് മോഡലുകലാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയത്. ഇത്തവണ പ്രോ മാക്സ് വേരിയന്റ് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ഷവോമി സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഷെയർ ചെയ്തിട്ടില്ല.

റെഡ്മി നോട്ട് 10 സീരിസിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ഡിവൈസുകൾ ക്യാമറ അടക്കമുള്ള കാര്യങ്ങളിൽ മുൻഗാമിയായ റെഡ്മി നോട്ട് 9 സീരിസിൽ നിന്നും ഏറെ മാറ്റങ്ങളോടെയായിരിക്കും വിപണിയിലെത്തുക. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് ടീസർ വെളിപ്പെടുത്തുന്നു. ഈ സ്മാർട്ട്‌ഫോണുകൾ ആമസോണിലൂടെ മാത്രമായിരിക്കും ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക.

റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ എന്നിവയ്ക്ക് ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ലഭിച്ചിട്ടുണ്ട്. ബിഐഎസ് സർട്ടിഫിക്കേഷനുകൾ പ്രകാരം റെഡ്മി നോട്ട് 10 പ്രോയുടെ മോഡൽ നമ്പർ M2101K6I ആണ്. സ്റ്റാൻഡേർഡ് റെഡ്മി നോട്ട് 10ന്റെ മോഡൽ നമ്പർ M2101K7AI ആയിരിക്കും. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടകളിൽ റെഡ്മി നോട്ട് 10 സീരിസിലെ ഡിവൈസുകളുടെ സ്റ്റോറേജ്, കളർ ഓപ്ഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉണ്ടായിരുന്നു.

റെഡ്മി നോട്ട് 10 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിലും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിലും പുറത്തിറങ്ങും. ഗ്രേ, വൈറ്റ്, ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. സ്റ്റാൻഡേർഡ് റെഡ്മി നോട്ട് 10 പഞ്ച്-ഹോൾ കട്ട് ഔട്ട് ഉള്ള 120 ഹെർട്സ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ12ൽ ഈ ഡിവൈസ് പ്രവർത്തിക്കും. 5,050 mAh ബാറ്ററിയായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.

6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ റെഡ്മി നോട്ട് 10 പ്രോ പുറത്തിറങ്ങും. ഡിവൈസ് ബ്രോൺസ്, നീല, ഗ്രേ കളർ ഓപ്ഷനുകളിലായിരിക്കും വിപണിയിലെത്തുന്നത്. പ്രോ മോഡലിന്റെ മറ്റുള്ള സവിശേഷതകളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഡിവൈസിൽ 108 എംപി പ്രൈമറി ക്യാമറ ഉണ്ടായിരിക്കാൻ സാധ്യത ഉണ്ട്.


Click it and Unblock the Notifications








