റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും
ഷവോമി തങ്ങളുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് 10 സീരിസിൽ പുതിയ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10ടി എന്ന ഡിവൈസാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. നാല് കളർ വേരിയന്റുകളിലും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലുമാണ് ഈ ഡിവൈസ് വിപണിയിൽ എത്തിയിരിക്കുന്നത്. മീഡിയടെക്ക് ഡെമൻസിറ്റി 700 പ്രോസസർ, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളും ഈ ഡിവൈസിന് ഉണ്ട്.

റെഡ്മി നോട്ട് 10ടി: വിലയും ലഭ്യതയും
റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയാണ് വില. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപ വിലയുണ്ട്. ജൂലൈ 26 മുതലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ആമസോൺ, എംഐ,കോം, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഡിവൈസ് ലഭ്യമാകും. സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 1000 രൂപ കിഴിവും ലഭിക്കും. ഇഎംഐ ഓപ്ഷനുകളും ഡിവൈസിന് ഉണ്ട്. മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീൻ, ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

റെഡ്മി നോട്ട് 10ടി: സവിശേഷതകൾ
റെഡ്മി നോട്ട് 10 5ജിയുടെ പേര് മാറ്റിയ പതിപ്പാണ് റെഡ്മി നോട്ട് 10 ടി 5ജി. ഈ ഡിവൈസ് ഇതിനകം തന്നെ പോക്കോ എം3 പ്രോ 5ജി എന്ന പേരിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ ഡിസൈനുമായിട്ടാണ് പോക്കോയുടെ ഫോൺ പുറത്തിറങ്ങിയത്. റെഡ്മി നോട്ട് 10ടി 5ജിയിൽ 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡോട്ട് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ, 1100 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയുണ്ട്.

മൂന്ന് പിൻ ക്യാമറകളാണ് റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 10 സീരിസിലെ മിക്ക ഫോണുകളെ പോലെ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറാണ് ഈ ഡിവൈസിൽ ഉള്ളത്.

മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റാണ് റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഫോണിലെ ഇന്റേണൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 കസ്റ്റം സ്‌കിന്നിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സാധാരണ കാണാറുള്ള എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും സെൻസറുകളും ഡിവൈസിൽ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








