റെഡ്മി നോട്ട് 11ഇ പ്രോ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
ഷവോമി തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന റെഡ്മി നോട്ട് വിഭാഗത്തിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. റെഡ്മി നോട്ട് 11ഇ പ്രോ സ്മാർട്ട്ഫോണാണ് കമ്പനി ചൈനയിൽ അവതരിപ്പിച്ചത്. പുതിയ റെഡ്മി ഫോൺ ജനുവരിയിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 11 പ്രോ 5ജിയുടെ റീബ്രാൻഡഡ് പതിപ്പാണ് ഈ ഡിവൈസ്. 120Hz അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറകൾ, 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയുമായിട്ടാണ് റെഡ്മി നോട്ട് 11ഇ പ്രോ പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 SoC ആണ് ഫോണിന് കരുത്ത് നൽകുന്നത്.

റെഡ്മി നോട്ട് 11ഇ പ്രോ: വില, ലഭ്യത
റെഡ്മി നോട്ട് 11ഇ പ്രോ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 1,699 ആണ് വില ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 20,300 രൂപയോളമാണ്. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 1,899 ആണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 22,700 രൂപയോളമാണ് വില. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് ഓപ്ഷന് സിഎൻവൈ 2,099 (ഏകദേശം 25,100 രൂപ) വിലയുണ്ട്. കറുപ്പ്, നീല, വെളുപ്പ് നിറങ്ങളിലാണ് ഈ ഡിവൈസ് വരുന്നത്. ഡിവൈസിന്റെ ചൈനയിലെ വിൽപ്പന മാർച്ച് 4 മുതൽ ആരംഭിക്കും.

കഴിഞ്ഞ ജനുവരിയിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജ് മോഡലിന് 329 ഡോളർ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 24,800 രൂപയോളമാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 349 ഡോളറാണ് വില. ഇത് ഏകദേശം 26,300 രൂപയോളം വരും. 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 379 ഡോളറാണ് വില. ഇത് ഏകദേശം 28,500 രൂപയോളമാണ്. റെഡ്മി നോട്ട് 11 പ്രോ 5ജി, റെഡ്മി നോട്ട് 11 പ്രോ+ 5ജി എന്നിവ മാർച്ച് 9ന് ഇന്ത്യയിൽ അവതരിപ്പിക്കും.

റെഡ്മി നോട്ട് 11ഇ പ്രോ: സവിശേഷതകൾ
റെഡ്മി നോട്ട് 11ഇ പ്രോ സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോവും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സൽസ്) സാംസങ് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഡിസ്‌പ്ലേയ്ക്ക് 360Hz ടച്ച് സാംപ്ലിങ് റേറ്റും 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഉണ്ട്. റെഡ്മി നോട്ട് 11ഇ പ്രോയ്ക്ക് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്. ഇതിനൊപ്പം 8 ജിബി വരെ LPDDR4x റാമും ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റെഡ്മി നോട്ട് 11ഇ പ്രോ അവതരിപ്പിച്ചിരിക്കുന്നത്. 108 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി റെഡ്മി നോട്ട് 11ഇ പ്രോയുടെ മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസറും എഫ്/2.4 ലെൻസും നൽകിയിട്ടുണ്ട്. ഫോണിൽ 7W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഉള്ളത്.

റെഡ്മി നോട്ട് 11ഇ പ്രോ സ്മാർട്ട്ഫോണിൽ 256 ജിബി വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും ഓപ്ഷനുണ്ട്. 5ജി, 4ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിബിഎസ് / എ-ജിബിഎസ്, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ് സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഫോണിന് സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോഡ് സെൻസറുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








