റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി 8A ഡ്യുവൽ സ്മാർട്ട്ഫോണുകൾക്ക് വീണ്ടും വില വർദ്ധനവ്
റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി 8 എ ഡ്യുവൽ ഫോണുകൾക്ക് ഇന്ത്യയിൽ വീണ്ടും വിലവർദ്ധിപ്പിച്ചു. റെഡ്മി നോട്ട് 9 പ്രോ മാക്സിന് 500 രൂപയും റെഡ്മി 8 എ ഡ്യുവലിന് 300 രൂപയുമാണ് വർദ്ധിപ്പിച്ചത്. റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ രണ്ടാമത്തെ വില വർധനയാണ് ഇത്. റെഡ്മി 8A ഡ്യുവൽ സ്മാർട്ട്ഫോണിന് ഇത് മൂന്നാമത്തെ തവണയാണ് വില വർദ്ധിക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സിന് ലോഞ്ച് ചെയ്ത വിലയേക്കാൾ 2,000 രൂപയാണ് ഇതുവരെ വർദ്ധിച്ചത്. റെഡ്മി 8 എ ഡ്യുവലിന് ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായതിനേക്കാൾ 1,300 രൂപ വർദ്ധിച്ചു.

റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി 8A വില
റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ഇന്ത്യയിൽ ഇപ്പോൾ 16,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ 18,499 രൂപയുമാണ് വില. നേരത്തെ ഇത് യഥാക്രമം 16,499 രൂപയും 17,999 രൂപയുമായിരുന്നു. 8 ജിബി റാം + 128 ജിബി മോഡലിന് വിലവർദ്ധനവ് ഇല്ല. നേരത്തെയും ഈ ഡിവൈസിന് 19,999 രൂപയാണ് വിലയുണ്ടായിരുന്നത്. ഇപ്പോഴും സ്മാർട്ട്ഫോൺ ഇതേ വിലയ്ക്ക് സ്വന്തമാക്കാം. പുതുക്കിയ വിലകൾ ആമസോണിലും എംഐ.കോമിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

റെഡ്മി 8 എ ഡ്യുവലിന്റെ 3 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് 8,299 രൂപയാണ് വില. അവസാന വില വർജ്ഝനവിൽ 300 രൂപയാണ് വർദ്ധിച്ചത്. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് വിലവർദ്ധനവ് ഉണ്ടായിട്ടില്ല. 7,499 രൂപയാണ് ഈ ഡിവൈസിന് ഇപ്പോഴും വില. ഈ സ്മാർട്ട്ഫോണിന്റെ 3 ജിബി + 64 ജിബി സ്റ്റോറേജ് മോഡലും ഷിയോമി അടുത്തിടെ പുറത്തിറക്കിയിരുന്നു. 8,999 രൂപയായിരുന്നു ഇതിന്റെ വില. ഈ മോഡലിനും വില വർദ്ധിച്ചിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ഡിസ്പ്ലെ
ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ക്യാമറകൾ
ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് ഈ സ്മാർട്ട്ഫോൺ.

റെഡ്മി 8A ഡ്യുവൽ: സവിശേഷതകൾ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 64 ജിബി ഓൺബോർഡ് സ്റ്റോറേജിനൊപ്പം മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വിപുലീകരിക്കാനുള്ള സംവിധാനവും റെഡ്മി നൽകുന്നുണ്ട്. ആൻഡ്രോയിഡ് 9.0 പൈ ബേസ്ഡ് MIUI 11 കസ്റ്റം സ്കിനിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

റെഡ്മി 8A ഡ്യുവൽ: ഡിസ്പ്ലെ
6.22 ഇഞ്ച് ഡിസ്പ്ലെയുള്ള സ്മാർട്ട്‌ഫോണാണ് റെഡ്മി 8 എ ഡ്യുവൽ. വാട്ടർ ഡ്രോപ്പ് നോച്ച്, കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയുള്ള എച്ച്ഡി+ ഡിസ്‌പ്ലേയാണിത്. ഔറ എക്സ്ഗ്രിപ്പ് ഡിസൈനാണ് ഫോണിന്റേത്. റെഡ്മി ഈ ബജറ്റ് ഡിവൈസിൽ ഫിംഗർപ്രിന്റ് അൺലോക്ക് നൽകിയിട്ടില്ല. സുരക്ഷയ്ക്കായി പാറ്റേണോ പിൻ അൺലോക്കോ നൽകാൻ കഴിയും. 18 എം ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 5W ചാർജറും ഉള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 8 എ ഡ്യുവലിൽ നൽകിയിട്ടുള്ളത്.

റെഡ്മി 8A ഡ്യുവൽ: ക്യാമറ
13 എംപി പ്രൈമറി സെൻസറിയും 2 എംപി സെക്കൻഡറി ലെൻസും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പാണ് റെഡ്മി 8A ഡ്യുവൽ സ്മാർട്ട്ഫോണിൽ ഉള്ളത്. 8 എംപി സെൽഫി ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ഡ്യുവൽ സിം സപ്പോർട്ട്, ജിപിഎസ് തുടങ്ങിയ സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ റെഡ്മി ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications