ആപ്പിൾ ഐഫോൺ 13 സീരിസിന്റെ ഡിസ്‌പ്ലേ നിർമിക്കുന്നത് സാംസങും എൽജിയും
ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 13 സെപ്റ്റംബർ മാസത്തിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഡിവൈസിന്റെ പാർട്സുകളുടെ ഉത്പാദനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രധാന വിതരണക്കാരായ സാംസങ്, എൽജി എന്നിവയാണ് ഈ വർഷം മുഴുവൻ ഐഫോൺ 13 സീരീസിന് ഉപയോഗിക്കുന്ന ഒഎൽഇഡി ഡിസ്‌പ്ലേകൾ നിർമ്മിക്കുന്നത്. ഇരു കമ്പനികളും ഡിസ്പ്ലെയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.

സാംസങ്, എൽജി എന്നിവയുടെ ഡിസ്പ്ലെ നിർമ്മാണ യൂണിറ്റുകൾ ഇതിനകം തന്നെ ഐഫോൺ 13 സീരീസിനായി ഒഎൽഇഡി പാനലുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. ഐഫോൺ 13 പ്രോ മോഡലുകൾക്കായി സാംസങ് എൽടിപിഒ ഒലെഡ് ഡിസ്പ്ലേ നൽകും, എൽജിയും ബിഒഇയും സാധാരണ ഐഫോൺ 13 സീരീസിനായി ഡിസ്പ്ലേകൾ നൽകും. ആപ്പിളിന്റെ അഭ്യർഥന മാനിച്ച് ഈ വർഷം ആദ്യം തന്നെ ഉത്പാദനം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ലോഞ്ചിന് പിന്നാലെ ധാരാളം യൂണിറ്റുകൾ വിപണിയിലെത്തിക്കുക എന്നതും ആപ്പിളിന്റെ ലക്ഷ്യമാണ്.

സമഗ്രമായ നവീകരണത്തേക്കാൾ കൂടുതൽ വേർഷൻ അപ്‌ഡേറ്റായിരിക്കും ഐഫോൺ 13 സീരീസിൽ ഉണ്ടാവുന്നത്. ആപ്പിൾ പുതിയ സ്മാർട്ട്ഫോൺ നിരയിലൂടെ ആകർഷകമായ മാറ്റങ്ങൾ വരുത്തും. ഐഫോൺ 13 പ്രോ മോഡലുകൾ ഉയർന്ന റിഫ്രഷ് റേറ്റ് ഒഎൽഇഡി ഡിസ്‌പ്ലേയുമായിട്ടായിരിക്കും വരുന്നത്. സാംസങ് നിർമ്മിത ഒഎൽഇഡി പാനൽ ഉപയോഗിക്കുന്നവായിരിക്കും ഇത്. LTPO പാനലുകൾ പവർ കാര്യക്ഷമമായി ഉപയോഗിക്കുകയും വേരിയബിൾ റിഫ്രഷ് റേറ്റിന് സഹായിക്കുകയും ചെയ്യുന്നു.

ഐഫോൺ 13 മോഡലുകളായി വരുമെന്ന് പ്രതീക്ഷിക്കുന്നത് ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയാണ്. ഇവ 60 ഹെർട്സ് ഒലെഡ് ഡിസ്‌പ്ലേകളുമായി തന്നെയായിരിക്കും വരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 12. 12മിനി എന്നിവയിൽ സാംസങ് നിർമ്മിച്ച ഒഎൽഇഡി പാനലുകളാണ് ഉപയോഗിച്ചിരുന്നത് എങ്കിൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 13, 13 മിനി എന്നിവയിൽ എൽജി, ബിഇഇ എന്നിവ നിർമ്മിക്കുന്ന ഒഎൽഇഡി ഡിസ്‌പ്ലേകളായിരിക്കും ഉണ്ടാവുക. എൽജി 30 ദശലക്ഷം യൂണിറ്റ് ഒഎൽഇഡി ഡിസ്‌പ്ലേകളാണ് നിർമ്മിക്കുന്നത്. ഈ വർഷം ഐഫോണിനായി 9 ദശലക്ഷം യൂണിറ്റ് ഒഎൽഇഡി ഡിസ്‌പ്ലേകൾ BOE നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ഏറ്റവും വലിയ കരാർ ലഭിച്ചത് സാംസങ്ങിനാണ്. ഐഫോൺ 13 സീരീസിനായി 80 ദശലക്ഷം യൂണിറ്റ് എൽടിപിഒ ഒലെഡ് പാനലാണ് സാംസങ് നിർമ്മിക്കുന്നത്. ഐഫോൺ 12 മോഡലുകൾക്കും മറ്റ് ലെഗസി ഐഫോൺ മോഡലുകൾക്കുമായി ഒഎൽഇഡി ഡിസ്‌പ്ലേകൾ വിതരണം ചെയ്യുന്നത് കൂടി കണക്കിലെടുക്കുമ്പോൾ ഈ സംഖ്യ 130 ദശലക്ഷം വരെ ഉയരും.

2017ലെ ഐഫോൺ എക്സ് മുതൽ ഈ വർഷത്തെ ഐഫോൺ 13വരെയുള്ള ഡിവൈസുകളിലെ ഡിസ്‌പ്ലേയിൽ വളരെയധികം മാറ്റങ്ങൾ ആപ്പിൾ വരുത്തുന്നു. ഇയർപീസ് ഗ്രിൽ പുനഃക്രമീകരിക്കാനുള്ള ഒരു മാർഗം ആപ്പിൾ കണ്ടെത്തുമെന്നും അതുകൊണ്ട് തന്നെ ഈ വർഷം ഡിസ്‌പ്ലേ നോച്ച് ചെറുതാകും എന്നുമാണ് സൂചനകൾ. ആൻഡ്രോയിഡ് ബേസ്ഡ് ഡിവൈസുകളിൽ വളരെക്കാലം മുമ്പ് തന്നെ ചെറിയ ദ്വാര കട്ടഔട്ടുകളാണ് ഇയർപീസ് ഗ്രില്ലിനായി നൽകുന്നത് എന്ന കാര്യം കൂടി ആപ്പിൾ പരിഗണിക്കുന്നുണ്ട്.


Click it and Unblock the Notifications