സാംസങ് ഗാലക്സി നോട്ട് 10 ഓഫ്‌ലൈൻ മാർക്കറ്റിലൂടെ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കാം
സാംസങ് ഗാലക്സി നോട്ട് 10 സീരീസ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന് ലോഞ്ച് ചെയ്യുന്ന സമയത്ത് 69,999 രൂപ മുതൽ ആയിരുന്നു വില ആരംഭിച്ചത്. എന്നാൽ ഇപ്പോൾ രാജ്യത്തെ ഓഫ്‌ലൈൻ വിപണിയിൽ ഈ ഡിവൈസിന് വൻതോതിൽ വില കുറച്ചിരിക്കുകയാണ് കമ്പനി. ഗാലക്‌സി നോട്ട് സീരീസിൽ മാത്രമുള്ള എസ്-പെൻ സ്റ്റൈലസ് സപ്പോർട്ടാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന ആകർഷണം.

സാംസങ് ഗാലക്സി നോട്ട് 10: ഡിസ്കൗണ്ട് ഓഫറുകൾ
സാംസങ് ഗാലക്സി നോട്ട് 10ന് ഇന്ത്യയിൽ 27,500 രൂപയുടെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 91 മൊബൈൽസിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ വില കിഴിവ് ഓഫ്ലൈൻ സ്റ്റോറുകളിൽ മാത്രമാണ് ലഭിക്കുന്നത്. ഓൺലൈൻ സ്റ്റോറുകളിൽ വിലക്കിഴിവ് ലഭിക്കില്ല. പുതിയ വില പരിശോധിച്ചാൽ, ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ 45,000 രൂപയ്ക്ക് സ്വന്തമാക്കാം. വില കുറവ് എല്ലാ കളർ വേരിയന്റുകൾക്കും ബാധകമണ്.

ഗാലക്സി നോട്ട് 10 സ്മാർട്ട്ഫോൺ ഔറ ബ്ലാക്ക്, ഔറ റെഡ്, ഔറ ഗ്ലോ കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ വില കിഴിവ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്കും എത്തുമോ എന്ന കാര്യം വ്യക്തമല്ല. ഇത്രയും വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും വിലക്കിഴിവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാംസങ് ഗാലക്സി നോട്ട് 10: സവിശേഷതകൾ
സാംസങ് ഗാലക്സി നോട്ട് 10 സ്മാർട്ട്ഫോണിൽ ഇൻ-ഹൗസ് ഒക്ടാ കോർ എക്‌സിനോസ് 9825 പ്രോസസറാണ് കമ്പനി നൽകിയിരിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് കസ്റ്റം വൺയുഐ സ്‌കിനിലാണ് പ്രവർത്തിക്കുന്നത്. 6.3 ഇഞ്ച് FHD + ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത ഈ ഡിസ്പ്ലെയിൽ സെൽഫി ക്യാമറ സ്ഥാപിക്കാനായി പഞ്ച്-ഹോളും കമ്പനി നൽകിയിട്ടുണ്ട്.

12 എംപി പ്രൈമറി സെൻസർ, 16 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 12 എംപി ടെലിഫോട്ടോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഗാലക്സി നോട്ട് 10 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. ക്യാമറ കട്ട്ഔട്ട് 10 എംപി സെൽഫി ക്യാമറയാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്. 3,500 mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിലെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ ഏറെ ജനപ്രീതി നേടിയ ഡിവൈസാണ് ഗാലക്സി നോട്ട് 10. സാംസങ് ഗാലക്സി നോട്ട് 20 സീരിസ് പുറത്തിറങ്ങിയതോടെയാണ് ഈ ഡിവൈസിന് വില കുറച്ച് തുടങ്ങിയത്. നോട്ട് 10ന്റെ പുതിയ തലമുറ ഡിവൈസായ നോട്ട് 20 സീരിസും ഇതിനകം പ്രീമിയം സെഗ്മെന്റിൽ വൻ നേട്ടമുണ്ടാക്കുന്നുണ്ട്. നോട്ട് 10 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ ഓഫറിന് പിന്നാലെ ഓൺലൈൻ സ്റ്റോറുകളിലും ഓഫർ ലഭിക്കാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








