സാംസങ് ഗാലക്‌സി എം02, ഗാലക്‌സി എ02 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും
ആകർഷകമായ സവിശേഷതകളും കുറഞ്ഞ വിലയുമായി സാംസങ് ഗാലക്സി എ, എം സീരീസുകൾ ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട സ്മാർട്ട്ഫോൺ സീരിസുകളിലൊന്നായാ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സിരിസുകളിലെ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സാംസങ്. സാംസങ് ഗാലക്സി എ02, ഗാലക്‌സി എം02 എന്നീ സ്മാർട്ട്ഫോണുകളാണ് വിപണയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഇരു ഡിവൈസുകളും വൈ-ഫൈ സർട്ടിഫിക്കേഷൻ അതോറിറ്റി പാസായിട്ടുണ്ട്.

സാംസങ് ഗാലക്സി എ02, ഗാലക്‌സി എം02 സ്മാർട്ട്ഫോണുകൾ യഥാക്രമം എസ്എം-എ 025 എഫ്, എസ്എം-എം 025 എഫ് എന്നീ മോഡൽ നമ്പറുകളുമായിട്ടാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. വൈ-ഫൈ അലയൻസ് സർട്ടിഫിക്കേഷൻ സൈറ്റിലാണ് ഈ ഡിവൈസുകളുടെ വിവരങ്ങൾ കണ്ടെത്തിയത്. സാം മൊബൈൽ പുറത്ത് വിട്ട ലീക്ക് റിപ്പോർട്ട് അനുസരിച്ച് വരാനിരിക്കുന്ന രണ്ട് സ്മാർട്ട്‌ഫോണുകളും സിംഗിൾ-ബാൻഡ് വൈ-ഫൈ, വൈ-ഫൈ ഡയറക്റ്റ് എന്നിവ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഡിവൈസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

സാംസങിന്റെ പുതിയ സ്മാർട്ട്‌ഫോണുകൾ ആൻഡ്രോയിഡ് 10ലായിരിക്കും പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. രണ്ട് സ്മാർട്ട്‌ഫോണുകളും ബജറ്റ്, മിഡ് റേഞ്ച് വിഭാഗത്തിലായിരിക്കും പുറത്തിറങ്ങുകയെന്നും സൂചനകളുണ്ട്. ഈ വിഭാഗത്തിൽ പുറത്തിറങ്ങാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ ഡിവൈസുകളുടെ ചില അടിസ്ഥാന സവിശേഷതകൾ എങ്ങനെയായിരിക്കും എന്ന് വെളിപ്പെടുത്തുന്ന ചില റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

സാംസങ് ഗാലക്സി എ02, ഗാലക്‌സി എം02: സവിശേഷതകൾ
സാംസങ് ഗാലക്സി എ02, ഗാലക്‌സി എം02 എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കുറച്ച് കാലമായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളിലും സമാനമായ നിരവധി സവിശേഷതകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാലക്‌സി എ02, ഗാലക്‌സി എം02 എന്നീ സ്മാർട്ട്ഫോണുകൾ 2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായിട്ടായിരിക്കും പുറത്തിറങ്ങുക. സ്‌നാപ്ഡ്രാഗൺ 450 ചിപ്പ്സെറ്റിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ടാവാൻ സാധ്യത കാണുന്നു.

എച്ച്ഡി + റെസല്യൂഷനുള്ള 5.71 ഇഞ്ച് ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഗാലക്സി എം02, എ02 എന്നിവയിൽ ഉണ്ടായിരിക്കുക എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും രണ്ട് ഡിവൈസുകളിലും വ്യത്യസ്ത ഡിസ്പ്ലെകൾ ഉണ്ടാകാനാണ് സാധ്യത. ഗാലക്സി എ02 സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ ഇടം നേടിയിരുന്നു. സിംഗിൾ കോർ ടെസ്റ്റിൽ ഈ ഡിവൈസ് 128 പോയിന്റും മൾട്ടി കോർ ടെസ്റ്റിൽ 486 പോയിന്റും നേടിയിട്ടുണ്ട്.

13 എംപി പ്രൈമറി ലെൻസും 2 എംപി ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ ക്യാമറ സെറ്റപ്പായിരിക്കും ഗാലക്‌സി എ02 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോണിലും സമാനമായ ഡ്യൂവൽ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെങ്കിലും ലെൻസിൽ വ്യത്യാസം കൊണ്ടുവരും. 3,500 എംഎഎച്ച് ബാറ്ററിയായിരിക്കും ഡിവൈസുകളിൽ ഉണ്ടായിരിക്കുക. വൈഫൈ കൂടാതെ ഫോണിൽ ബ്ലൂടൂത്ത് 4.2, എൽടിഇ കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ടാകും. ഡിവൈസുകളുടെ ലോഞ്ച് തിയ്യതി അധികം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications