മികച്ച സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 5ജി, എ22 4ജി സ്മാർട്ട്ഫോണുകൾ വരുന്നു
സാംസങ് ഗാലക്‌സി എ22 5ജിയും അതിന്റെ 4ജി മോഡലും വൈകാതെ വിപണിയിലെത്തും. ഈ ഡിവൈസുകളുടെ സവിശേഷതകൾ വെളിപ്പെടുത്തുന്ന റെൻഡർ റിപ്പോർട്ട് ഓൺലൈനിൽ കണ്ടെത്തിയിരുന്നു. നേരത്തെ പുറത്തിറക്കിയ സാംസങ് ഗാലക്‌സി എ32 5ജി സ്മാർട്ട്ഫോണിന്റെ ടോൺ ഡൌൺ വേരിയന്റുകളാണ് ഈ രണ്ട് മോഡലുകളും എന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി എ22 5ജി, സാംസങ് ഗാലക്‌സി എ22 4ജി എന്നിവ തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട്. ഡിസൈനിൽ സാമ്യത തോന്നുമെങ്കിലും 5ജി മോഡലിൽ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്, അതേസമയം 4ജി മോഡലിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറാണ് ഉള്ളത്.

സാംസങ് ഗാലക്‌സി എ22 5ജി, സാംസങ് ഗാലക്‌സി എ22 4ജി മോഡലുകളുടെ റെൻഡറുകളും സവിശേഷതകളും 91 മൊബൈൽസിന്റെ റിപ്പോർട്ട് വഴിയാണ് പുറത്തെത്തിയത്. രണ്ട് മോഡലുകളും വരും മാസങ്ങളിൽ വിപണിയിലെത്താമെന്നും ബ്ലാക്ക്, വൈറ്റ്, പർപ്പിൾ, ഗ്രീൻ എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡിവൈസിന്റെ കൃത്യമായ ലോഞ്ച് തിയ്യതി ഇതുവരെ സാംസങ് പ്രഖ്യാപിച്ചിട്ടില്ല.

സാംസങ് ഗാലക്‌സി എ22 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സാംസങ് ഗാലക്‌സി എ22 5ജിയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന മൂന്ന് സെൻസറുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. ഈ ഡിവൈസിൽ 15Wചാർജിങും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

സാംസങ് ഗാലക്‌സി എ22 5ജിയിലെ മറ്റ് സവിശേഷതകൾ പരിശോധിച്ചാൽ, 6.4 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി എന്നിവ ഉണ്ടായിരിക്കും. 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഡിവൈസിൽ ഉണ്ടാവുക എന്നും സൂചനകൾ ഉണ്ട്. 205 ഗ്രാം ഭാരവും 9 മില്ലീമീറ്റർ കട്ടിയുമുള്ള ഡിവൈസ് ആയിരിക്കും ഇതെന്നും സൂചനകൾ ഉണ്ട്. ഇത് റെൻഡർ റിപ്പോർട്ട് ആയതിനാൽ തന്നെ ഡിവൈസ് ലോഞ്ച് ചെയ്യുമ്പോൾ ഈ സവിശേഷതകളിൽ നിന്നും മാറ്റങ്ങൾ വരാനുള്ള സാധ്യതയും ഉണ്ട്.

സാംസങ് ഗാലക്‌സി എ22 4ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സാംസങ് ഗാലക്‌സി എ22 4ജി സ്മാർട്ട്ഫോണിലും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയുണ്ട്. 5ജി മോഡലിനെപ്പോലെ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഈ ഡിവൈസിലും ഉള്ളത്. പക്ഷേ മൂന്നിനുപകരം നാല് സെൻസറുകളാണുള്ളത് ഈ ഡിവൈസിൽ സാംസങ് നൽകുന്നത്. 48 മെഗാപിക്സൽ മെയിൻ സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ, മറ്റൊരു 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ക്യാമറകൾ. മുൻവശത്ത്, ഫോണിന് സെൽഫികൾക്കായി 13 മെഗാപിക്സൽ സെൻസറും ഉണ്ടായിരിക്കും. 4ജി വേരിയന്റിൽ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരിക്കും.

സാംസങ് ഗാലക്‌സി എ22 4ജി മോഡലിന് 6.4 ഇഞ്ച് എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഈ ഡിസ്പ്ലെയ്ക്ക് 60 ഹെർട്സ് പുതുക്കൽ റിഫ്രഷ് റേറ്റാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഹെലിയോ ജി80 എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4ജി മോഡലിൽ 5,000 എംഎഎച്ച് ബാറ്ററിയും 15W ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. 185 ഗ്രാം ഭാരവും 8.5 മില്ലിമീറ്റർ കട്ടിയുമുള്ള ഡിവൈസായിരിക്കും ഇത്.


Click it and Unblock the Notifications








