വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്സി എ22 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും
സാംസങിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്‌ഫോണായ ഗാലക്‌സി എ22 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ട്രിപ്പിൾ റിയർ ക്യാമറകൾ, 90 ഹെർട്സ് ഡിസ്‌പ്ലേ, 8 ജിബി വരെ റാം, 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, വയർ, വയർലെസ് ഹെഡ്‌സെറ്റുകൾ വഴിയുള്ള ഡോൾബി അറ്റ്‌മോസ് ഓഡിയോ എന്നിങ്ങനെ ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ 5ജി ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. രാജ്യത്ത് 5ജി നെറ്റ്‌വർക്കുകൾ ലോഞ്ച് ചെയ്യുമ്പോൾ മികച്ച കണക്റ്റിവിറ്റി അനുഭവത്തിനായി 11 5ജി ബാൻഡുകളും ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എ22 5ജി: വില, ലഭ്യത
സാംസങ് ഗാലക്സി എ22 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,999 രൂപ വിലയുണ്ട്. ഗ്രേ, മിന്റ്, വയലറ്റ് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. സ്മാർട്ട്ഫോണിന്റെ വിൽപ്പ ഇന്ന് മുതൽ തന്നെ ആരംഭിക്കും. ഇന്ന് രാത്രി അർദ്ധരാത്രി മുതൽ സാംസങ്.കോം വഴിയും പ്രമുഖ ഓൺലൈൻ പോർട്ടലുകൾ വഴിയും ഫോൺ വിൽപ്പനയ്‌ക്കെത്തും.

സാംസങ് ഗാലക്സി എ22 5ജി: ഓഫറുകൾ
സാംസങ് ഗാലക്സി എ22 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ആകർഷകമായ ലോഞ്ച് ഓഫറുകലും ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. വിവിധ ബാങ്കിങ്, എൻബിഎഫ്‌സി പാർട്ട്ണർമാർ വഴിയുള്ള ഇഎംഐ ഓപ്ഷനുകളും ലഭ്യമാകും. ഈ ഡിവൈസ് ആദ്യം യൂറോപ്പിലാണ് ലോഞ്ച് ചെയ്തത്. അവിടെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 229 യൂറോ (ഏകദേശം 20,100 രൂപ) വിലയുണ്ട്. 4 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 249 യൂറോ (21,800 രൂപ) ആണ് വില.

സാംസങ് ഗാലക്സി എ22 5ജി: സവിശേഷതകൾ
6.6 ഇഞ്ച് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എ22 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിപ്ലെയാണ് ഇത്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയാണ്. രണ്ട് സിം കാർഡ് സ്ലോട്ടുകളുള്ള ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1 ഒഎസിൽ ആണ്.

മൂന്ന് പിൻ ക്യാമറകളാണ് സാംസങ് ഗാലക്സി എ22 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. ഇത് വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ചിലാണ് നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്സി എ22 5ജിയിൽ മൈക്രോ എസ്ഡി കാർഡ് വഴി (1 ടിബി വരെ) സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിൽ ഉള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.


Click it and Unblock the Notifications








