സാംസങ് ഗാലക്‌സി A31 സ്മാർട്ട്ഫോണിന് വില കുറച്ചു, ഒപ്പം 1,000 രൂപ ക്യാഷ്ബാക്ക് ഓഫറും
സാംസങ് ഗാലക്‌സി A31 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു. 1,000 രൂപയാണ് കുറച്ചത്. ഈ വിലക്കുറവിന് പുറമേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്കായി 1,000 രൂപ ക്യാഷ്ബാക്ക് ഓഫറും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയൻ ബ്രാന്റായ സാംസങ് ജൂൺ മാസത്തിലാണ് ഗാലക്സി എ31 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. മൂന്ന് കളർ ഓപ്ഷനുകളിലും സിംഗിൾ സ്റ്റോറേജ് മോഡലിലുമാണ് ഡിവൈസ് ലഭ്യമായിട്ടുള്ളത്.

സാംസങ് ഗാലക്‌സി A31: പുതുക്കിയ വില
ഇന്ത്യയിൽ സാംസങ് ഗാലക്‌സി A31 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയായിരുന്നു വില. 1,000 രൂപ വില കുറച്ചതോടെ ഈ ഡിവൈസ് ഇപ്പോൾ 20,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോൺ ഇന്ത്യ, സാംസങ് ഇന്ത്യ വെബ്സൈറ്റികളിലും ഔദ്യോഗിക ഓഫ്‌ലൈൻ ചാനലുകളിലും ഈ ഡിവൈസ് ലഭ്യമാണ്. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഇത് വരുന്നു. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലുടെയും ലഭ്യമാണെങ്കിലും പുതക്കിയ വില ഫ്ലിപ്പ്കാർട്ടിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല.

ഗാലക്സി A31 വാങ്ങുന്ന ഉപയോക്താക്കൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് (ഇഎംഐ ഇടപാടുകൾ) ഉപയോഗിക്കുകയാണെങ്കിൽ 1000 ക്യാഷ്ബാക്ക് ലഭിക്കുമെന്ന് സാംസങ് അറിയിച്ചു. ഈ ഓഫർ ഓഫ്‌ലൈൻ ചാനലുകളിലും ലഭ്യമാവുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സാംസങ് ഇന്ത്യ സൈറ്റും ആമസോണും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ നൽകുന്നുണ്ട്. ആമസോൺ പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചാൽ അഞ്ച് ശതമാനം ഇളവും ലഭിക്കും.

സാംസങ് ഗാലക്‌സി A31: സവിശേഷതകൾ
സാംസങ് ഗാലക്‌സി A31 സ്മാർട്ട്ഫോൺ ഒക്ടാ കോർ പ്രോസസർ മീഡിയടെക് ഹീലിയോ പി 65 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 2.0 ജിഗാഹെർട്‌സ്, 1.7 ജിഗാഹെർട്സ് ഫ്രീക്വൻസിയിൽ ക്ലോക്ക് ചെയ്യുന്നവയാണ് ഇത്. 6 ജിബി റാം 128 ജിബി സ്റ്റോറേജുമാണ് ഫോണിൽ നൽകിയിട്ടുള്ളത്. സാംസങ് ഗാലക്‌സി A31ന്റെ പ്രധാന സവിശേഷത അതിന്റെ ക്യാമറകളാണ്. പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പോടെയാണ് ഈ ഡിവൈസ് വരുന്നത്.

ഡിവൈസിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 -മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് കമ്പനി നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കായി 20 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഡിസ്‌പ്ലേയിലെ വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ഈ സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇത് മികച്ച ക്വാളിറ്റിയുള്ള സെൽഫികൾ എടുക്കാൻ സഹായിക്കുന്ന ക്യാമറയാണ്.

5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയും ഫോണിലുണ്ട്. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് സാംസങ് പേ, സാംസങ് നോക്സ്, സാംസങ് ഹെൽത്ത് തുടങ്ങിയ ആപ്പുകൾ സാംസങ് ഗാലക്സി എ 31ൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ഡിവൈസിന്റെ മറ്റ് സ്റ്റോറജ് വേരിയന്റുകൾ കൂടി പുറത്തിറങ്ങിയേക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയായി മറ്റ് സ്റ്റോറേജ് മോഡലുകൾ പുറത്തിറക്കുന്നതിനെ സംബന്ധിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications








