സാംസങ് ഗാലക്‌സി എ52, ഗാലക്‌സി എ72 സ്മാർട്ട്ഫോണുകൾ മാർച്ചിൽ വിപണിയിലെത്തും
സാംസങ് ഗാലക്‌സി എ52, സാംസങ് ഗാലക്‌സി എ72 എന്നീ സ്മാർട്ട്ഫോണുകൾ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. രണ്ട് ഫോണുകളുടെയും സവിശേഷതകളുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. സാംസങ് ഈ ഡിവൈസുകളുടെ സവിശേഷതകളെ കുറിച്ചോ ലോഞ്ച് തിയ്യതിയെ കുറിച്ചോ ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഗാലക്സി എ52 5ജി ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങിൽ കണ്ടെത്തിയിട്ടുണ്ട്.

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് അനുസരിച്ച് ഗാലക്സി എ52 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി എസ്ഒസിയുടെ കരുത്തുമായിട്ടായിരിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐയിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. മാർച്ച് പകുതിയോടെ സാംസങ് ഗാലക്‌സി എ52, സാംസങ് ഗാലക്‌സി എ72 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് 91 മൊബൈൽസ് റിപ്പോർട്ട് ചെയ്തു. ഇത് ശരിയാണെങ്കിൽ ഡിവൈസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സാംസങ് വൈകാതെ പുറത്ത് വിടും.

സാംസങ് ഗാലക്‌സി എ52: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സാംസങ് ഗാലക്‌സി എ52 5ജിയുടെ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങ് അനുസരിച്ച് 6 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 750 ജി എസ്ഒസിയുടെ കരുത്തിലായിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11ലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുകയെന്നും സാംസങ്ങിന്റെ സിഗ്നേച്ചറായ ഇൻഫിനിറ്റി-ഒ സ്‌ക്രീൻ ഡിസൈനിലായിരിക്കും ഡിവൈസ് നിർമ്മിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോൾ-പഞ്ച് കട്ട് ഔട്ടുള്ള ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയും ഡിവൈസിൽ ഉണ്ടായിരിക്കും.

ഗാലക്‌സി എ52 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കുമെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ഡിവൈസിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയും 4,500 എംഎഎച്ച് ബാറ്ററിയുമായിരിക്കും ഉണ്ടാവുക.

സാംസങ് ഗാലക്‌സി എ72: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സാംസങ് ഗാലക്‌സി എ72 സ്മാർട്ട്ഫോണും ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഡിവൈസിൽ ഉണ്ടാവുക. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഉണ്ടായിരിക്കും. സ്‌നാപ്ഡ്രാഗൺ 720ജി എസ്ഒസിയുടെ കരുത്തിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുകയെന്നും 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗാലക്സി എ72 സ്മാർട്ട്ഫോൺ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. ഇതിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറയും ഉണ്ടായിരിക്കും. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക.


Click it and Unblock the Notifications