സാംസങ് ഗാലക്‌സി എ72 4ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 5000 എംഎഎച്ച് ബാറ്ററിയുമായി
ഗാലക്‌സി എ സീരീസിൽ കൂടുതൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. വരാനിരിക്കുന്ന ഈ മോഡലുകളിൽ ചിലതെങ്കിലും ഫെബ്രുവരിയിൽ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഡിവൈസുകളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന സ്മാർട്ട്ഫോണാണ് ഗാലക്സി എ72 4ജി. ഈ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഡിവൈസിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്ത് വന്നു.

നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗാലക്‌സി എ72 സ്മാർട്ട്ഫോൺ വിപണി അടിസ്ഥാനമാക്കി 4ജി, 5ജി വേരിയന്റുകളിൽ പുറത്തിറക്കും. കഴിഞ്ഞ മാസം ബിഐഎസ്, എഫ്‌സിസി തുടങ്ങിയ സർട്ടിഫിക്കേഷൻ സൈറ്റുകളിൽ ഈ ഡിവൈസ് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഡിവൈസിന്റെ ലോഞ്ച് അധികം വൈകാതെ തന്നെ നടക്കുമെന്ന് ഉറപ്പിക്കാവുന്നതാണ്. ഇപ്പോഴിതാ ഡിവൈസ് ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് ഡാറ്റാബേസിലും കണ്ടെത്തി.

സാംസങ് ഗാലക്‌സി എ72: ബാറ്ററി സവിശേഷതകൾ
മോഡൽ നമ്പർ SM-A725M / DS ഉള്ള സാംസങ് ഗാലക്‌സി എ72 4ജി സ്മാർട്ട്ഫോൺ അനറ്റെൽ എന്ന ബ്രസീലിയൻ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സർട്ടിഫിക്കേഷൻ സൈറ്റ് ഡിവൈസിന്റെ ബാറ്ററി ശേഷിയേയും ഫാസ്റ്റ് ചാർജിങ് ശേഷിയേയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്. ഇത് ലീക്ക് റിപ്പോർട്ടായിട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കില്ല.

ട്വിറ്റർ ബേസ്ഡ് ടിപ്‌സ്റ്ററായ ദി ടെക് ഗയ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് സാംസങ് ഗാലക്‌സി എ72 4ജി സ്മാർട്ട്ഫോണിന്റെ അനറ്റെൽ ലിസ്റ്റിങിൽ ഡിവൈസിൽ ഇബി-എ 426 എബി എന്ന മോഡൽ നമ്പറുള്ള ബാറ്ററി ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപി-ടിഎ 800 ബി എന്ന മോഡൽ നമ്പറിലാണ് ഇതിന്റെ ചാർജർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മോഡൽ നമ്പറുകളും 5000 എംഎഎച്ച് ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ടിയുവി സർട്ടിഫിക്കേഷൻ ലിസ്റ്റിങിലും ഡിവൈസ് ഉണ്ട്.

സാംസങ് ഗാലക്‌സി എ72 4ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സർട്ടിഫിക്കേഷൻ സൈറ്റുകൾ അധികം വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 8 ജിബി റാമുള്ള ഡിവൈസ് ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി എ72 4ജിയുമായി ബന്ധപ്പെട്ട മറ്റ് ചില ലീക്ക് റിപ്പോർട്ടുകളിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.0, 6.7 ഇഞ്ച് എസ്-അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, പഞ്ച്-ഹോൾ കട്ട് ഔട്ട്, ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഡിവൈസിൽ ഉണ്ടാകുമെന്ന് സൂചന നൽകുന്നുണ്ട്.

നിലവിൽ, സാംസങ് ഗാലക്‌സി എ72 4ജി സ്മാർട്ട്ഫോണിന്റെ ക്യാമറ പോലുള്ള മറ്റ് വിശദാംശങ്ങളെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിന്റെ പിന്നിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. 6 ജിബി, 8 ജിബി റാം എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സ്മാർട്ട്ഫോൺ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ മുൻഗാമിയായ സാംസങ് ഗാലക്‌സി എ71 4500 എംഎഎച്ച് ബാറ്ററിയും 25W ചാർജറുമായിട്ടാണ് പുറത്തിറങ്ങിയത്.


Click it and Unblock the Notifications