നാല് പിൻക്യാമറകളും 7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി എഫ്62 ഇന്ത്യൻ വിപണിയിലെത്തി
കഴിഞ്ഞ വർഷം ഒക്ടോബറിൽ സാംസങ് ആരംഭിച്ച എഫ്-സീരീസിലെ രണ്ടാമത്തെ ഡിവൈസായ ഗാലക്സി എഫ്62 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ, ക്വാഡ് റിയർ ക്യാമറകൾ, ഒക്ടാ കോർ എക്‌സിനോസ് 9825 എസ്ഒസി എന്നീ ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. 7,000 എംഎഎച്ച് ബാറ്ററിയും 8 ജിബി റാമുമുള്ള ഡിവൈസിൽ പുതിയ വൺ യുഐ 3.1ഉം ഉണ്ട്. പാറ്റേൺ മെറ്റാലിക് ഗ്രേഡേഷൻ ഫിനിഷാണ് ഡിവൈസിനെ മനോഹരമാക്കുന്നത്.

സാംസങ് ഗാലക്സി എഫ്62: വില, ലഭ്യത
ഇന്ത്യയിൽ സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലായ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 25,999 രൂപയാണ് വില. ലേസർ ബ്ലൂ, ലേസർ ഗ്രീൻ, ലേസർ ഗ്രേ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. ഫ്ലിപ്കാർട്ട്, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ, റിലയൻസ് ഡിജിറ്റൽ, ജിയോ റീട്ടെയിൽ സ്റ്റോറുകൾ,എന്നിവയിലൂടെ ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 12 മുതൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.

സാംസങ് ഗാലക്സി എഫ്62: ഓഫറുകൾ
സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ലോഞ്ച് ഓഫറായി മികച്ച ഓഫറുകൾ ലഭിക്കും. റീചാർജ് ഡിസ്കൌണ്ട് കൂപ്പണുകളിൽ 3,000 രൂപ ക്യാഷ്ബാക്ക്, റിലയൻസ് പാർട്ണർ ബ്രാൻഡ് കൂപ്പണുകളിലൂടെ ജിയോ ഉപഭോക്താക്കൾക്ക് 7,000 രൂപയുടെ ഓഫറുകളും ലഭിക്കും. ഫ്ലിപ്പ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് പ്രോഗ്രാം ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ വിലയുടെ 70 ശതമാനം മാത്രം ൽകിയാൽ മതി. ഒരു വർഷത്തിനുശേഷം പുതിയ ഗാലക്‌സി സീരീസ് സ്മാർട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡുചെയ്യുമ്പോൾ ഡിവൈസ് മടക്കിനൽകി യഥാർത്ഥ വിലയുടെ ബാക്കി 30 ശതമാനം നൽകിയാൽ മതിയാകും.

സാംസങ് ഗാലക്സി എഫ്62: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 8 ജിബി വരെ റാമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 9825 എസ്ഒസിയാണ്. 128 ജിബി സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

നാല് പിൻ ക്യാമറകളാണ് സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസറും 123 ഡിഗ്രി ഫീൽഡ്-വ്യൂവിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും 5 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്യാമറ സെറ്റപ്പിലുള്ള ക്യാമറകൾ. ഏറ്റവും മികച്ച ക്വാളിറ്റിയുള്ള ഇമേജുകൾ പകർത്താൻ ഈ ക്യാമറകൾക്ക് സാധിക്കും.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണിന്റെ മുന്നിലും പിന്നിലുമുള്ള ക്യാമറകൾക്ക് 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട്, 14 വ്യത്യസ്ത ഔട്ട്‌പുട്ടുകൾ - 10 ഫോട്ടോകളും 4 വീഡിയോകളും വരെ ക്യാപ്ച്ചർ ചെയ്യാനുള്ള സിംഗിൾ ടേക്ക് ഉൾപ്പെടെ മികച്ച ക്യാമറ ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ട്.

വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും സ്മാർട്ട്ഫോണിലുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 7,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ രണ്ട് മണിക്കൂറാണ് വേണ്ടത്. റിവേഴ്സ് ചാർജിങ് ബാറ്ററി സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications