സാംസങ് ഗാലക്സി എം02 സ്മാർട്ട്ഫോണിന് വീണ്ടും 500 രൂപ വില വർധിപ്പിച്ചു
അടുത്തകാലത്തായി സാംസങ് നിരവധി ബജറ്റ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ജനപ്രീയമായ ഡിവൈസുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എം02. ഈ ഡിവൈസിന് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് സ്മാർട്ട്ഫോണിന് വില വർധിപ്പിക്കുന്നത്. വില വർധിച്ചിട്ടുണ്ട് എങ്കിലും ബജറ്റ് വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയായി ഈ ഡിവൈസ് തുടരുമെന്ന് ഉറപ്പാണ്. പുതിയ വിലയും സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്സി എം02: പുതുക്കിയ വില
സാംസങ് ഗാലക്സി എം02 സ്മാർട്ടഫോണിന് ഇപ്പോഏൾ 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തെയും കമ്പനി 500 രൂപ വർധിപ്പിച്ചിരുന്നു. 2 ജിബി റാം, 3 ജിബി റാം എന്നീ രണ്ട് വേരിയന്റുകളുലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഡിവൈസിന്റെ 2 ജിബി റാം മോഡൽ ഇപ്പോൾ 7,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. 3 ജിബി റാം മോഡലിന് 8,499 രൂപയാണ് വില. ബേസ് മോഡൽ ലോഞ്ച് ചെയ്തത് 6,999 രൂപയ്ക്കായിരുന്നു. ടോപ്പ് മോഡലിന് ലോഞ്ച് ചെയ്തപ്പോൾ വില 7,499 രൂപയായിരുന്നു. 1,000 രൂപയാണ് ഇരു മോഡലുകൾക്കും മൊത്തത്തിൽ വർധിച്ചിരിക്കുന്നത്. കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും.

സാംസങ് ഗാലക്സി എം02: സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുള്ളത്. വാട്ടർ ഡ്രോപ്പ് നോച്ചും ഈ ഡിസ്പ്ലെയിൽ ഉണ്ട്. സാംസങ്ങിന്റെ എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണ് ഗാലക്‌സി എം02 അതുകൊണ്ട് തന്നെ 13 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

3 ജിബി വരെ റാമും 32 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എം02 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് MT6739W പ്രോസസറാണ്. ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, ഡ്യുവൽ സിം സപ്പോർട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് പോലുള്ള സ്റ്റാൻഡേർഡ് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ചാർജിംഗ് വേഗതയുള്ള ഡിവൈസിൽ 5,000 mAh ബാറ്ററിയാണ് ഉള്ളത്.

സാംസങ് ഗാലക്സി എം02 കമ്പനിയുടെ വില കുറഞ്ഞ ഡിവൈസുകളിൽ ഒന്നാണ്. 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളുടെ വിഭാഗത്തിൽ ലഭിക്കുന്ന മികച്ച സവിശേഷതകൾ തന്നെയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. തുടർച്ചയായി രണ്ട് വിലവർധനയോടെ ഈ ഡിവസിന് മൊത്തത്തിൽ ഇന്ത്യയിൽ 1,000 രൂപയാണ് വർധിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്ത വിലയിൽ ഏറെ ജനപ്രീതി നേടിയ ഡിവൈസിന്റെ പുതിയ വില വിപണിയിൽ എങ്ങനെയായിരിക്കും പ്രതിഫലിക്കുക എന്ന് വ്യക്തമല്ല.


Click it and Unblock the Notifications








