സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ജനുവരി 7ന് ഇന്ത്യൻ വിപണിയിലെത്തും
സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ജനുവരി 7ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 10,000 രൂപയിൽ താഴെ വിലയുമായിട്ടായിരിക്കും ഈ ഡിവൈസ് വിപണിയിൽ എത്തുന്നത്. ഇതിനകം തന്നെ ഫോണിനായി ഒരു പ്രത്യേക മൈക്രോസൈറ്റ് സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ ഉണ്ട്. ഗാലക്സി എം02 സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ ചില സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിലും ഈ ഡിവൈസ് കണ്ടെത്തിയിരുന്നു.

മികച്ച ഗെയിമിങ്, സ്ട്രീമിങ്, ബ്രൌസിംഗ്, ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് എന്നിവ ഗാലക്സി എം02 സ്മാർട്ട്ഫോൺ നൽകുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഇതാദ്യമായാണ് 4 ജിബി റാമുള്ള സാംസങ് ഗാലക്‌സി സ്മാർട്ട്ഫോൺ 10,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വില വിഭാഗങ്ങളിലൊന്നാണ് 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകൾ. അതുകൊണ്ട് തന്നെ ഗാലക്സി സീരിസിന്റെ ജനപ്രീതി വർധിക്കാൻ ഇത് കാരണമാകും.

സാംസങ് ഗാലക്‌സി എം02: ലോഞ്ച്, വില
സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ജനുവരി 7ന് ഉച്ചയ്ക്ക് 1 മണിക്കാണ് ലോഞ്ച് ചെയ്യുന്നതെന്ന് സാംസങ് ഔദ്യോഗികമായി അറിയിച്ചു. സാംസങ് വെബ്സൈറ്റിലുള്ള മൈക്രോ സൈറ്റ് വഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വില 10,000 രൂപയിൽ താഴെയായിരിക്കുമെന്നും 4 ജിബി റാമോടെ ഈ വില വിഭാഗത്തിൽ ലഭിക്കുന്ന ആദ്യത്തെ ഗാലക്‌സി ഫോണായിരിക്കും എം02 എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് ഗാലക്സി എം02 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. 4 ജിബി റാമും 5,000 എംഎഎച്ച് ബാറ്ററി സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. കട്ടിയുള്ള ബെസലുകളോടെയായിരിക്കും ഡിവൈസ് പുറത്തിറങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്. പവർ, വോളിയം ബട്ടണുകൾ ഡിവൈസിന്റെ വലതുവശത്തായിട്ടാണ് നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 450 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റും ഈ ഡിവൈസിന് ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഈ സ്മാർട്ട്ഫോണിലെ പ്രൈമറി ക്യാമറ 13 മെഗാപിക്സൽ ആയിരിക്കും. ഇതിനൊപ്പമുള്ള രണ്ട് ക്യാമറകളും 2 മെഗാപിക്സൽ സെൻസറുകളായിരിക്കും ഉണ്ടായിരിക്കുക. മൈക്രോ-യുഎസ്ബി പോർട്ടിലൂടെ 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഡിവൈസാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.

നവംബർ അവസാനത്തോടെ സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോണിനുള്ള ഒരു സപ്പോർട്ട് പേജ് ഔദ്യോഗിക വെബ്‌സൈറ്റിൽ SM-M025F / DS എന്ന മോഡൽ നമ്പറോടെ വന്നിരുന്നു. ആൻഡ്രോയിഡ് 10ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. നേരത്തെ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിലും ഈ സ്മാർട്ട്ഫോൺ കണ്ടെത്തിയിരുന്നു. ഈ സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞാൽ ഡിവൈസ് ലോഞ്ച് ചെയ്യുമെന്നതിനാൽ കൂടുതൽ സവിശേഷതകൾ വരും മണിക്കൂറുകളിൽ പുറത്ത് വിട്ടേക്കും.


Click it and Unblock the Notifications








