സാംസങ് ഗാലക്സി എം02 വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
സാംസങ് ഗാലക്സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ എൻട്രി ലെവൽ ഹാൻഡ്‌സെറ്റിന് അടുത്തിടെ ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഈ സെർട്ടിഫിക്കേഷൻ അനുസരിച്ച് ഡിവൈസ് വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. ഡ്യുവൽ സിം സപ്പോർട്ടുള്ള ഡിവൈസാണ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയത്.

ബിഐഎസ് സർട്ടിഫിക്കേഷനിൽ ഡിവൈസിന്റെ മറ്റ് വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഗീക്ക്ബെഞ്ച്, ബ്ലൂടൂത്ത് എസ്‌ഐജി സർട്ടിഫിക്കേഷനുകളിൽ ഫോൺ നേരത്തെ കണ്ടെത്തിയിരുന്നു. സാംസങ് ഗാലക്സി എം02 സ്മാർട്ട്ഫോണിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയത് ഈ സർട്ടിഫിക്കേഷനുകളാണ്. ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയുള്ള എൻട്രിലെവൽ ഡിവൈസാണ് ഗാലക്സി എം02.

സാംസങ് ഗാലക്സി എം02: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, സാംസങ് ഗാലക്സി എം02 (എസ്എം-എം 025 എഫ്) സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 എസ്ഒസി ആയിരിക്കും. ഇതിനൊപ്പം ഡിവൈസിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. സ്റ്റോറേജ് തികയാതെ വരുന്ന അവസരങ്ങളിൽ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ കമ്പനി നൽകും. സിംഗിൾ കോർ ടെസ്റ്റിൽ 128 സ്കോറും മൾട്ടി കോർ ടെസ്റ്റിൽ 486 സ്കോറുമാണ് ഹാൻഡ്‌സെറ്റിന് ലഭിച്ചത്.

ആൻഡ്രോയിഡ് 10 ഒഎസിലായിരിക്കും ഗാലക്സി എം02 പുറത്തിറങ്ങുന്നത്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ബ്ലൂടൂത്ത് 4.2, വൈ-ഫൈ, എൽടിഇ എന്നിവ ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ ഡിസൈൻ, ക്യാമറ വിശദാംശങ്ങൾ, ബാറ്ററി ശേഷി എന്നിവയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഗാലക്സി എം02 സ്മാർട്ട്ഫോൺ 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസ് ആയിരിക്കുമെന്ന കാര്യം ഉറപ്പിക്കാം.

ഗാലക്‌സി എം02 സ്മാർട്ട്ഫോണിൽ അതിന്റെ മുൻഗാമിയായ ഗാലക്‌സി എം01 സ്മാർട്ട്ഫോണിനെക്കാൾ അപ്‌ഗ്രേഡുചെയ്‌ത ചില സവിശേഷതകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 720 X 1,560 പിക്‌സൽ റെസല്യൂഷനുള്ള 5.71 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എം01ന് ഉള്ളത്. ഈ ഡിവൈസിൽ 13 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും കമ്പനി നൽകിയിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോൾ ഗാലക്സി എം02 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാണറ ഉൾപ്പെടുത്തിയേക്കും.

സാംസങ് ഗാലക്സി എം01 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 5എംപി സെൽഫി ഷൂട്ടറാണ് കമ്പനി നൽകുന്നത്. 4,000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിൽ ഡോൾബി അറ്റ്‌മോസും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയെയും സപ്പോർട്ട് ചെയ്യും. 2020ലെ മൂന്നാം പാദത്തിൽ സാംസങ് 24 ശതമാനം വളർച്ച കൈവരിച്ചിരുന്നു. 10,000 - 20,000 രൂപ സെഗ്മെന്റ് സ്മാർട്ട്‌ഫോണുകളാണ് ഈ നേട്ടം കൈവരിക്കാൻ സാംസങിനെ സഹായിച്ചത്.


Click it and Unblock the Notifications








