സാംസങ് ഗാലക്‌സി എം42 5ജി, ഗാലക്‌സി എ42 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുന്നു
സാംസങ് ഗാലക്‌സി എം42 5ജി, ഗാലക്‌സി എ42 5ജി എന്നീ സ്മാർട്ട്ഫോണുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) വെബ്‌സൈറ്റിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗാലക്‌സി എം42 5ജി ഇതുവരെ ഒരു വിപണിയിലും അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഗാലക്സി എ42 5ജി കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. എ, എം സീരസുകളിലിലെ ഈ 5ജി ഡിവൈസുകൾ വൈകാതെ വിപണിയിലെത്തുമെന്ന സൂചനയാണ് ലിസ്റ്റിങ് നൽകുന്നത്.

മൈസ്മാർട്ട്പ്രൈസിന്റെ റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എം42 5ജി, ഗാലക്‌സി എ42 5ജി എന്നിവ ബിഐഎസ് വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. മോഡൽ നമ്പറുകളും ഡ്യുവൽ സിം സപ്പോർട്ടും ഒഴികെ രണ്ട് ഫോണുകളുടെയും സവിശേഷതകളോ വിശദാംശങ്ങളോ ലിസ്റ്റിങിൽ നിന്നും വ്യക്തമല്ല. സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോണിന്റെ മോഡൽ നമ്പർ എസ്എം-എം 426 ബി / ഡിഎസ് ആണ്. സാംസങ് ഗാലക്സി എ42 5ജി എസ്എം-എ 426 ബി / ഡിഎസ് എന്ന മോഡൽ നമ്പനിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ മാസം ആദ്യമാണ് സാംസങ് ഗാലക്‌സി എം42 5ജി വൈ-ഫൈ അലയൻസ്, ബ്ലൂടൂത്ത് എസ്‌ഐജി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയത്. ഇത് ഫോൺ പേര് മാറ്റി അവതരിപ്പിച്ച ഗാലക്‌സി എ42 5ജി സ്മാർട്ട്ഫോൺ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. 2020 നവംബറിൽ 3സി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും ഇത് കണ്ടെത്തി. ഇന്ത്യയിൽ 5ജി സപ്പോർട്ടുമായി വരുന്ന ആദ്യത്തെ ഗാലക്‌സി എം-സീരീസ് സ്മാർട്ട്ഫോണാണ് ഗാലക്‌സി എം42 5ജി.

ചില വിപണികളിൽ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ സാംസങ് ഗാലക്സി എ42 5ജി അവതരിപ്പിച്ചു. ലോഞ്ച് സമയത്ത് ഡിവൈസിന്റെ വിലയോ സവിശേഷതകളോ പുറത്ത് വിട്ടിരുന്നില്ല. ഏകദേശം ഒരു മാസത്തിനുശേഷമാണ് സവിശേഷതകളും വിലനിർണ്ണയവും വെളിപ്പെടുത്തിയത്. 6.6 ഇഞ്ച് എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഗാലക്സി എ42 5ജിക്ക് 15 എം ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് നൽകിയിട്ടുള്ളത്.

ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയതിനാൽ തന്നെ സാംസങ് ഗാലക്സി എ42 5ജി, ഗാലക്സി എം42 5ജി സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ഉറപ്പിക്കാം ഗാലക്സി എ, എം സീരിസുകൾ ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ളവയാണ് എന്നതിനാൽ തന്നെ ഈ 5ജി ഡിവൈസുകളും വിപണിയിൽ വിജയം കാണുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications