സാംസങ് ഗാലക്‌സി എം51 ഇന്ത്യയിലെത്തുക സ്നാപ്പ്ഡ്രാഗൺ 730ജിയുടെ കരുത്തുമായി
സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഏതാനും ആഴ്ചകൾക്ക് മുമ്പ് ജർമ്മനിയിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരുന്നു. ഡിവൈസിന്റെ ഇന്ത്യൻ പതിപ്പ് വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം പ്രോസസറിന്റെ കാര്യത്തിലാണ്. യൂറോപ്യൻ വേരിയന്റിൽ നിന്നും വ്യത്യസ്തമായ പ്രോസസറുമായിട്ടായിരിക്കും ഗാലക്സി എം51 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730ജി പ്രോസസറായിരിക്കും.

സാംസങ് ഗാലക്‌സി എം51യുടെ പ്രോസസർ
സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ പതിപ്പുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ആമസോണിലൂടെ ടീസ് ചെയ്തിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഡിവൈസിന്റെ യൂറോപ്യൻ പതിപ്പിൽ സ്‌നാപ്ഡ്രാഗൺ 730 ചിപ്‌സെറ്റായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിൽ പുറത്തിറങ്ങുന്ന മോഡലിൽ സ്നാപ്പ്ഡ്രാഗൺ 730ജി ആയിരിക്കും ഉണ്ടാവുക. രണ്ട് പ്രോസസറുകളും തമ്മിലുള്ള പ്രധാന വ്യത്യാസം എസ്ഡി 730 ജി ഗെയിമിംഗിനായി കൂടുതൽ ഒപ്റ്റിമൈസ് ചെയ്ത പ്രോസസറാണ് എന്നതാണ്.ഇതിലെ ജിപിയു എസ്ഡി 730യെക്കാൾ വലുതാണ്.

സാംസങ് ഗാലക്‌സി എം51: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സാംസങ് ഗാലക്‌സി എം51 സ്മാർട്ട്‌ഫോൺ ഇതിനകം തന്നെ ജർമ്മനിയിൽ അവതരിപ്പിച്ചിരിക്കുന്നതിനാൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഡിവൈസിന്റെ സവിശേഷതകൾ ഏകദേശം ഊഹിക്കാവുന്നതാണ്. പല സവിശേഷതകളും ജർമ്മൻ പതിപ്പിന് സമാനമായിരിക്കും. ഗാലക്സി എം സീരീസിലെ ഈ പുതിയ ഡിവൈസിൽ 25 വാൾട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 7,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. സാംസങ് ഡിവൈസുകളിൽ ഇതുവരെ കണ്ട ഏറ്റവും വലിയ ബാറ്ററിയാണ് ഇത്. ഈ ബാറ്ററി ഒരു തവണ ചാർജ് ചെയ്താൽ 64 മണിക്കൂർ വരെ ടോക്ക് ടൈമും 32 മണിക്കൂർ വീഡിയോ പ്ലേടൈമും 182 മണിക്കൂർ മ്യൂസിക് പ്ലേബാക്കും ലഭിക്കും.

സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് എസ്അമോലെഡ്+ ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ടും സംസങ് നൽകിയിട്ടുണ്ട്. 64 എംപി പ്രൈമറി ക്യാമറ, 12 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ഷൂട്ടർ, 5 എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിന്റെ പിൻഭാഗത്ത് നൽകിയിട്ടുള്ളത്.

ഗാലക്സി എം51 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മുകളിൽ സൂചിപ്പിച്ചതുപോലെ സ്നാപ്ഡ്രാഗൺ 730 ജി പ്രോസസറായിരിക്കും. 6 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയും ഡിവൈസിൽ ഉണ്ടായിരിക്കും. എല്ലാ പുതിയ സാംസങ് സ്മാർട്ട്‌ഫോണുകളെയും പോലെ ഗാലക്‌സി എം51 ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0ലാണ് പ്രവർത്തിക്കുക. ഇന്ത്യൻ വിപണിയിൽ ഏതൊക്കെ സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

ഗാലക്‌സി എം51: ഇന്ത്യൻ വിപണിയിലെ ലോഞ്ച്
സാംസങ് ഗാലക്‌സി എം51 സെപ്റ്റംബർ 10ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ ഡിവൈസ് ആദ്യഘട്ടത്തിൽ ആമസോണിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഡിവൈസിന് ജർമ്മനിയിൽ 360 യൂറോയാണ് വില (ഏകദേശം 31,400 രൂപ). ഇന്ത്യയിൽ 25,000 രൂപയിൽ താഴെയുള്ള വിലയിലായിരിക്കും സ്മാർട്ട്ഫോൺ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications