സാംസങ് ഗാലക്‌സി എം62 വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഗാലക്സി എംപി62 സ്മാർട്ട്ഫോണിന്റെ സപ്പോർട്ട് പേജ് കണ്ടെത്തിയതോടെ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുകയാണ് എന്ന് ഉറപ്പായിരിക്കുന്നു. SM-M625F / DS എന്ന മോഡൽ നമ്പറിലാണ് ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മോഡൽ നമ്പറിൽ 'DS' എന്ന് ഉള്ളതിനാൽ തന്നെ ഈ ഡിവൈസ് ഡ്യൂവൽ-സിം സ്ലോട്ടുകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. സപ്പോർട്ട് പേജിൽ ഡിവൈസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും നൽകിയിട്ടില്ല.

സാംസങ് ഗാലക്‌സി എം62: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സാംസങ് ഗാലക്‌സി എം62 സ്മാർട്ട്ഫോൺ ഇതിനകം തന്നെ നിരവധി ലിസ്റ്റിങ് പ്ലാറ്റ്ഫോമുകളിൽ കണ്ടെത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐയിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുകയെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നു. 6 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടായിരിക്കും ഈ സാംസങ് ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് സ്റ്റോറേജ് വേരിയന്റുകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ വ്യക്തമല്ല.

സാംസങ് ഗാലക്‌സി എം62 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡികാർഡ് സ്ലോട്ടുമായിട്ടായിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലീക്ക് റിപ്പോർട്ടുകളിൽ നിന്ന് ഈ ഡിവൈസ് 7,000 എംഎഎച്ച് ബാറ്ററിയുമായി വരുമെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വലിയ ബാറ്ററി പായ്ക്ക് ചെയ്യുന്ന സാംസങിന്റെ രണ്ടാമത്തെ സ്മാർട്ട്‌ഫോണായിരിക്കും ഇത്. ഗാലക്സി എം62 സ്മാർട്ട്ഫോൺ 25W ഫാസ്റ്റ് ചാർജിങിനെ സപ്പോർട്ട് ചെയ്തേക്കാം.

7,000 എംഎഎച്ച് ബാറ്ററിയുമായി പുറത്തിറങ്ങിയ ആദ്യത്തെ സാംസങ് ഡിവൈസ് മിഡ്റേഞ്ച് ഡിവൈസ് ആയ ഗാലക്സി എം51 ആയിരുന്നു. ഗാലക്‌സി നോട്ട് 10ന് കരുത്ത് പകരുന്ന സാംസങിന്റെ എക്‌സിനോസ് 9825 എസ്ഒസി തന്നെയായിരിക്കും ഗാലക്‌സി എം62 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 15 ന് പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിൽ 7,000 എംഎഎച്ച് ബാറ്ററിയും എക്‌സിനോസ് 9825എസ്ഒസിയുമാണ് ഉള്ളത്.

ഗാലക്സി എഫ്62, ഗാലക്സി എം62 എന്നീ സ്മാർട്ട്ഫോണുകളെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഡിസ്പ്ലേ നിലവാരമാണ്. ക്യാമറ സെറ്റപ്പ്, ഡിസൈൻ എന്നിവയുടെ കാര്യത്തിലും രണ്ട് ഡിവൈസുകളും തമ്മിൽ വ്യത്യാസങ്ങളുണ്ട്.സാംസങ് രണ്ട് ഡിവൈസുകളെയും മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യും. സാംസങ്ങിന്റെ സപ്പോർട്ട് പേജിൽ ഡിവൈസിന്റെ ലോഞ്ച് തിയ്യതിയുമായി ബന്ധപ്പെട്ട തീയ്യതി വെളിപ്പെടുത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ഡിവൈസ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

2021ൽ വിപണിയിൽ കൂടുതൽ സജീവമായ സാംസങ് നിരവധി ഡിവൈസുകൾ പുറത്തിറക്കാനായി തയ്യാറെടുക്കുന്നുണ്ട്. ചൈനീസ് കമ്പനികളുടെ ആധിപത്യമുള്ള ബജറ്റ്, മിഡ്റേഞ്ച് ഡിവൈസുകളുടെ വിഭാഗത്തിലേക്കും സാംസങ് സ്മാർട്ട്ഫോണുകൾ ധാരാളമായി പുറത്തിറക്കുന്നു. എം സീരിസിലൂടെ വിപണിയിൽ കൂടുതൽ ജനപ്രീയ ഡിവൈസുകൾ ഉണ്ടാക്കാനുള്ള ശ്രമമാണ് സാംസങ് നടത്തുന്നത്. വരും മാസങ്ങളിൽ സാംസങിന്റെ കൂടുതൽ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങും.


Click it and Unblock the Notifications