സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് ഓഗസ്റ്റ് 5ന് പുറത്തിറങ്ങും: പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും
ഈ വർഷത്തെ സാംസങ്ങിന്റെ രണ്ടാമത്തെ ലോഞ്ച് ഇവന്റ് ഓഗസ്റ്റ് 5ന് നടക്കും. ഈ വർഷത്തെ സാംസങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ച് ഇവന്റും ഇത് തന്നെയായിരിക്കും. ഈ ലോഞ്ച് ഇവന്റിൽ ഏറ്റവും പ്രതീക്ഷ പുലർത്തുന്നത് ഗാലക്സി നോട്ട് 20 സീരിസ് സ്മാർട്ട്ഫോണുകളുടെ അവതരണമാണ്. ഇതിനൊപ്പം ഗാലക്സി ഫോൾഡ് 2 സ്മാർട്ട്ഫോണും പുറത്തിറക്കുമെന്ന് സൂചനകളുണ്ട്. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അതിശയകരമായ സവിശേഷതകളോടെയായിരിക്കും പുറത്തിറങ്ങുക.

മേൽപ്പറഞ്ഞ രണ്ട് ഡിവൈസുകളുടെയും ലോഞ്ച് സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന ഇവന്റാണ്. എന്നാൽ ഇതിൽ ഗാലക്സി നോട്ട് 20 സീരീസിന്റെ ലോഞ്ചാണ് ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത്. ഗാലക്സി നോട്ട് 20 സീരിസ് സ്മാർട്ട്ഫോണുകൾ വലിയ സ്‌ക്രീനുകളും, 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന പുതിയ പാനലുകൾ, വിപണിയിലെ ഏറ്റവും മികച്ച ക്യാമറകൾ, ഫ്ലാഗ്ഷിപ്പ് ഗ്രേഡ് പെർഫോമൻസ് എന്നീ സവിശേഷതകളോടെയായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.

സാംസങ് ഗാലക്‌സി നോട്ട് 20: പ്രതീക്ഷിക്കുന്ന വില
സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന്റെ യാതൊരു വിവരങ്ങളും കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എങ്കിലും സാധാരണയായി സാംസങ് ഗാലക്‌സി നോട്ട് സീരീസ് ഡിവൈസുകളുടെ വില നിലവാരം പരിശോധിച്ചാൽ ഡിവൈസിന്റെ ഏകദേശ വില ഊഹിക്കാം. വരാനിരിക്കുന്ന ഗാലക്‌സി നോട്ട് 20, നോട്ട് 20 അൾട്രാ ഫോണുകൾ വില കൂടിയ ഡിവൈസുകൾ തന്നെയായിരിക്കും. 999 ഡോളറായിരിക്കും ഈ ഡിവൈസുകളുടെ വില ആരംഭിക്കുകയെന്നും അത് 1200 ഡോളർ വരെ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഗാലക്സി നോട്ട് 20, ഗാലക്സി നോട്ട് 20 അൾട്രാ
നേരത്തെ ഗാലക്‌സി നോട്ട് 20 സീരീസിൽ മൂന്ന് പുതിയ ഫോണുകൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗാലക്‌സി നോട്ട് 20, ഗാലക്സി നോട്ട് 20 പ്ലസ്, ഗാലക്‌സി നോട്ട് 20 അൾട്രാ എന്നീ ഡിവൈസുകളാണ് സീരിസിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ സീരിസിൽ രണ്ട് ഗാലക്‌സി നോട്ട് സ്മാർട്ട്‌ഫോണുകൾ മാത്രമേ ഉണ്ടാകൂ. പ്ലസ് വേരിയന്റ് സാംസങ് ഒഴിവാക്കും.

ഗാലക്സി നോട്ട് 20 സ്മാർട്ട്ഫോണും അതിനൊപ്പം കൂടുതൽ പ്രീമിയം മോഡലായി ഗാലക്‌സി നോട്ട് 20 അൾട്രയുമായിരിക്കും വിപണിയിലെത്തിക്കുക എന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് മുതൽ 6.7 ഇഞ്ച് വരെ വലിപ്പമുള്ള ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഗാലക്‌സി നോട്ട് 20 അൾട്രയ്ക്ക് 7 ഇഞ്ചിന് അടുത്ത് വരെ വലിപ്പമുള്ള ഡിസ്പ്ലെ ഉണ്ടായിരിക്കും.

എക്‌സിനോസ് 992 SoCയോ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറോ ആയിരിക്കും പുതിയ ഗാലക്സി നോട്ട് 20 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുള്ള മികച്ച പെർഫോമൻസ് തരുന്ന ഫ്ലാഗ്ഷിപ്പായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 13 മെഗാപിക്സൽ, 12 മെഗാപിക്സലും അൾട്രാവൈഡ് ക്യാമറകളുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടാവുക.

പുതിയ ലീക്ക് റിപ്പോർട്ട് അനുസരിച്ച് 4,300 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിൽ ഉള്ളത്. നോട്ട് 10 ലെ 3,500 എംഎഎച്ച് ബാറ്ററിയെ വച്ച് നോക്കുമ്പോൾ ഇത് വലിയൊരു അപ്ഡേറ്റ് തന്നെയാണ്. ഫോണിന് 25W ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിന് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഉള്ള 6.42 ഇഞ്ച് ക്യുഎച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്.


Click it and Unblock the Notifications








