സാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിലെത്തും
സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ഇന്ന് നടക്കാൻ പോവുകയാണ്. ഈ ഇവന്റിൽ വച്ച് സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന സാംസങിന്റെ ഈ വർഷത്തെ ഫ്ലാഗ്‌ഷിപ്പുകളായ ഗാലക്സി എസ്22 സീരീസ് ഫോണുകൾ അവതരിപ്പിക്കും. സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+, ഗാലക്സി എസ്22 അൾട്രാ എന്നീ ഡിവൈസുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ടീസറുകൾ സൂചിപ്പിച്ചത് അനുസരിച്ച് ഗാലക്‌സി നോട്ടിന്റെയും ഗാലക്‌സി എസ് സീരീസിന്റെയും സംയോജനമായിരിക്കും സാംസങ് ഗാലക്സി എസ്22+.

സാംസങ് അൺപാക്ക്ഡ് ഇവന്റ് കാണാൻ താല്പര്യമുള്ള ആളുകൾക്ക് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കയറിയാൽ മതി. ഇന്ത്യൻ സമയം രാത്രി 8.30ന് ആണ് ഈ ലോഞ്ച് ഇവന്റ് നടക്കുന്നത്. ഇവന്റിനായി പ്രത്യേക പേജും സാംസങ് തങ്ങളുടെ വെബ്സൈറ്റിൽ തയ്യാറാക്കിയിട്ടുണ്ട്. ഈ ഇവന്റിൽ വച്ച് ഗാലക്സി എസ്22 സീരീസ് കൂടാതെ മറ്റ് ചില ഡിവൈസുകളും അവതരിപ്പിക്കുമെന്ന് സൂചനകൾ ഉണ്ട്. ഈ വർഷത്തെ കമ്പനിയുടെ ആദ്യത്തെ അൺപാക്ക്ഡ് ഇവന്റിൽ പ്രതീക്ഷകൾ ഏറെയാണ്.

സാംസങ് ഗാലക്സി എസ് 22 മോഡലും പ്ലസ് വേരിയന്റും പഴയ ഡിസൈൻ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. അതുകൊണ്ട് ഇവ കഴിഞ്ഞ വർഷത്തെ ഗാലക്‌സി എസ് 21 ഫോണുകൾക്ക് സമാനമായിരിക്കും. സാംസങ് ഗാലക്സി എസ് 22 അൾട്രാ വേരിയന്റ് കൂടുതൽ പ്രീമിയവും വ്യത്യസ്തമായ ഡിസൈൻ ആയിരിക്കും ഉണ്ടാവുക. എസ് പെൻ സപ്പോർട്ടും അൾട്രാ വേരിയന്റിൽ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്. ഗാലക്‌സി എസ് 22 ന് 6.1 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

സാംസങ് ഗാലക്സി എസ്22 പ്ലസ് മോഡലിൽ 6.6 ഇഞ്ച് പാനൽ ഉണ്ടായിരിക്കും. അൾട്രാ വേരിയന്റിന് 6.81 ഇഞ്ച് സ്‌ക്രീൻ പാക്ക് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൾട്രാ മോഡലിൽ ചതുരാകൃതിയിലുള്ള അരികുകളുള്ള ഒരു കർവ്ഡ് സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നും മറ്റ് രണ്ട് മോഡലുകൾക്ക് ഫ്ലാറ്റ് ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക എന്നുമാണ് ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നത്. മൂന്ന് മോഡലുകളും എൽടിപിഒ സപ്പോർട്ട് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഇതിലൂടെ കണ്ടന്റിനെ ആശ്രയിച്ച് ഡിസ്പ്ലേയുടെ റിഫ്രഷ് റേറ്റ് 120 ഹെർട്സിൽ നിന്നും 1 ഹെർട്സിലേക്ക് സെറ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ ബാറ്ററി ലൈഫ് കൂടുതൽ ലഭിക്കും.

സാംസങ് ഗാലക്സി എസ്22 സീരിസിലെ മൂന്ന് മോഡലുകളും ഗൂഗിൾ ഡ്യുവോ വീഡിയോ കോൾ ആപ്പിൽ യൂട്യൂബ് വാച്ച് പാർട്ടി മോഡുമായിട്ടായിരിക്കും വരുന്നത് എന്ന് വിൻഫ്യൂച്ചറിൽ നിന്നുള്ള ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് സുഹൃത്തുക്കളുമായി വീഡിയോകോളിൽ ഏർപ്പെട്ടിരിക്കെ തന്നെ യൂട്യൂബ് വീഡിയോകൾ കാണിക്കാനും മറ്റും ഇത് സഹായിക്കുന്നു. പ്ലസ്, അൾട്രാ മോഡലുകളിൽ 1,750 നിറ്റ്സ് മാക്സിമം ബ്രൈറ്റ്നസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക ഗാലക്‌സി ഫോണുകളിലും കണ്ടിട്ടുള്ള പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈൻ തന്നെയായിരിക്കും പുതിയ മോഡലുകളിലും നൽകുന്നത്.

ഫോട്ടോഗ്രാഫിക്കായി സാംസങ് ഗാലക്സി എസ്22 സീരിസ് ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മികച്ച സെൻസറുകൾ നൽകുമെന്ന കാര്യം ഉറപ്പാണ്. സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ് മോഡൽ എന്നിവയിൽ 50എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. ഈ പ്രൈമറി ക്യാമറ സാംസങ്ങിന്റെ ജിഎൻ5 സെൻസർ ആയിരിക്കും. ഗൂഗിൾ പിക്സൽ 6ലും മറ്റും ഉപയോഗിക്കുന്ന മികച്ച ക്യാമറയാണ് ഇത്. ഫോട്ടോകൾ എടുക്കാൻ രണ്ട് മോഡുകൾ ഉപയോഗിക്കുന്ന അഡാപ്റ്റീവ് പിക്സൽ സാങ്കേതികവിദ്യയും ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കും. 12-ബിറ്റിൽ കൂടുതൽ ഡീറ്റൈൽസ് നൽകുന്ന 108-മെഗാപിക്സൽ (റിമോസിയാക്ക് മോഡ്), 12-മെഗാപിക്സൽ (നോനാബിനിംഗ്) എന്നിവയാണ് ഈ പിക്സൽ ടെക്നോളജിയിൽ ഉള്ളത്. ഈ ഡിവൈസുകളിൽ 10 എംപി റെസല്യൂഷനോടുകൂടിയ 3X ടെലിഫോട്ടോ സൂം ലെൻസും ഉണ്ടായിരിക്കും.

സാംസങ് ഗാലക്സി എസ്22 സീരിസ് ഫോണുകളുടെ ക്യാമറകളിൽ 60fps-ൽ 8കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കുമെന്നാണ് സൂചനകൾ. 8കെ വീഡിയോയ്‌ക്കായി ഗാലക്സി എസ്21 അൾട്ര പരമാവധി 24fps ആണ് നൽകുന്നത്. 8കെ അത്രയും പ്രചാരം നേടിയിട്ടില്ലാത്തതിനാൽ തന്നെ ഇത് പലർക്കും താൽപ്പര്യമില്ലായിരിക്കും. ഉപയോക്താക്കൾക്ക് ഭാവിയിലേക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് പുതിയ ഡിവൈസുകൾ തയ്യാറാക്കിയിരിക്കുന്നത്. സെൽഫികൾക്കായി ഗാലക്‌സി എസ്22, എസ്22 പ്ലസ് മോഡലുകൾ 10 മെഗാപിക്‌സൽ ക്യാമറയുമായിട്ടായിരിക്കും വരുന്നത്. പ്രീമിയം മോഡൽ കഴിഞ്ഞ വർഷത്തെ പതിപ്പുകൾക്ക് സമാനമായി 40 മെഗാപിക്‌സൽ സെൻസറുമായി വരുമെന്നും സൂചനകൾ ഉണ്ട്.

സാംസങ് ഗാലക്സി എസ്22 സീരിസിന് യൂറോപ്യൻ വിപണിയിൽ എഎംഡി ആർഡിഎൻഎ 2 ഗ്രാഫിക്‌സോടുകൂടിയ സാംസങ് എക്‌സിനോസ് 2200 ചിപ്‌സെറ്റായിരിക്കും കരുത്ത് നൽകുന്നത്. യുഎസ് പോലുള്ള ചില വിപണികളിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റായിരിക്കും ഉണ്ടായിരിക്കുക. ഗാലക്‌സി എസ്22, ഗാലക്സി എസ്22 + എന്നിവ 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ്22 അൾട്രാ 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമായി വിപണിയിൽ എത്തും.

ഗാലക്സി എസ്22 സ്മാർട്ട്ഫോണിൽ 25W ഫാസ്റ്റ് ചാർജിങ് ഉണ്ടായിരിക്കും. എന്നാൽ മറ്റ് രണ്ട് മോഡലുകളിലും 45W ചാർജിങ് സപ്പോർട്ടായിരിക്കും ഉണ്ടാവുക. ഗാലക്‌സി എസ്22ന് 25W വയർലെസ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കും. ഈ മോഡലിൽ 3,700mAh ബാറ്ററി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഗാലക്‌സി എസ്22 പ്ലസിൽ 4,500 എംഎഎച്ച് യൂണിറ്റും ഗാലക്‌സി എസ്22 അൾട്രായിൽ 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.


Click it and Unblock the Notifications