സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് സ്മാർട്ട്ഫോണിന് 7,000 രൂപ വില കുറച്ചു: പുതിയ വിലയും ഓഫറുകളും
മടക്കിവയ്ക്കാവുന്ന പ്രീമിയം സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി Z ഫ്ലിപ്പിന് വില കുറച്ചു. ഡിവൈസിന് 7,000 രൂപയുടെ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചത്. നേരത്തെ 1,15,999 രൂപയ്ക്കാണ് ഈ ഡിവൈസ് ഇന്ത്യയിൽ വിറ്റിരുന്നത്. ഇപ്പോൾ ഈ സ്മാർട്ട്ഫോൺ 1,08,999 രൂപയ്ക്ക് ലഭിക്കും. ഡിവൈസിന്റ് വില സ്ഥിരമായാണ് കുറച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

തുടക്കത്തിൽ സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 1,09,999 രൂപയായിരുന്നു വില. എന്നാൽ പിന്നീട് കമ്പനി ഡിവൈസിന്റെ വില 1,15,999 രൂപയായി ഉയർത്തി. തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോണുകൾ എക്ചേഞ്ച് ചെയ്ത് ഗാലക്‌സി Z ഫ്ലിപ്പ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 7,000 രൂപ വിലക്കുറവിന് പുറമെ 8,000 രൂപയുടെ അധിക കിഴിവും ലഭിക്കും. അതായത് എക്സ്ചേഞ്ചിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് 1,00,999 രൂപ മാത്രം മുടക്കിയാൽ മതിയാകും.

പുതുക്കിയ വില ഇതുവരെ സാംസങ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല. ഈ വിലക്കിഴിവിനൊപ്പം എല്ലാ പ്രമുഖ ബാങ്കുകളുടെ കാർഡുകളിലും 18 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും കമ്പനി നൽകുന്നുണ്ട്. സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അക്സിഡന്റൽ ഡാമേജ് കവർ ലഭിക്കും. ഇത് വൺ ടൈം സ്ക്രീൻ പ്രോട്ടക്ഷൻ ഉൾപ്പെടുന്ന ഡാമേജ് കവറാണ്. ഇന്ത്യയിൽ 24x7 പ്രവർത്തിക്കുന്ന കോൾ സെന്റർ സപ്പോർട്ടും ഇതിനൊപ്പം ഉണ്ട്.

മിറർ ഗോൾഡ്, മിറർ പർപ്പിൾ, മിറർ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഉപയോക്താക്കൾക്ക് ഈ ഡിവൈസ് സ്വന്തമാക്കാം. അടുത്ത തലമുറ ഉത്പന്നമെന്ന നിലയിലാണ് പ്രമുഖ കമ്പനികളെല്ലാം ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. സാംസങ് ഗാലക്‌സി Z ഫ്ലിപ്പും ഇതേ ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചത്.

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ്: സവിശേഷതകൾ
ഇന്ത്യയിൽ സാംസങ് ഗാലക്‌സി Zഫ്ലിപ്പ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആമസോൺ ഇന്ത്യ വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ലഭ്യമാണ്. കഴിഞ്ഞ വർഷമാണ് ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ മടക്കാവുന്ന സ്‌ക്രീനാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഈ സ്ക്രീൻ പ്രൈമറി ഡിസ്പ്ലേ ആയി പ്രവർത്തിക്കുകയും സ്മാർട്ട്ഫോൺ തുറക്കുമ്പോൾ മാത്രം ലഭ്യമാവുകയും ചെയ്യും.

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് മടക്കിക്കഴിയുമ്പോൾ 300 x 112 പിക്‌സൽ റെസല്യൂഷനുള്ള 1.1 ഇഞ്ച് ചെറിയ സെക്കൻഡറി സ്‌ക്രീനും ഡിവൈസിൽ ഉണ്ട്. നോട്ടിഫിക്കേഷനുകൾ കാണുന്നതിനും ഒരു വ്യൂഫൈൻഡറായുമെല്ലാം ഈ സെക്കന്ററി സ്ക്രീൻ ഉപയോഗിക്കാം. ഫ്ലിപ്പ് ഫോൾഡബിൾ സ്മാർട്ട്‌ഫോണിലൂടെ സാംസങ് മികച്ചൊരു പ്രൈമറി ഡിസ്പ്ലെയാണ് വിപണിയിൽ അവതരിപ്പിച്ചത്. അൾട്രാ-തിൻ ഗ്ലാസ് ഉപയോഗിച്ചുള്ള ഡിസ്പ്ലെയാണ് ഇത്.

8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 855+ SoC ആണ്. ഡ്യൂവൽ 12 മെഗാപിക്സൽ പിൻ ക്യാമറകളും 10 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഡിവൈസിൽ ഉള്ളത്. സ്മാർട്ട്ഫോണിൽ ഒരു വശത്തായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 3,300 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 15W ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications








