ഓടിനടന്ന് വീഡിയോ എടുത്താലും ദൃശ്യങ്ങൾ കുലുങ്ങില്ല; ക്യാമറയിൽ വിപ്ലവം സൃഷ്ടിക്കാൻ എസ് 24 അൾട്ര
ക്യാമറ സവിശേഷതകളിൽ ഏറെ പ്രശംസ ലഭിച്ച ഫോൺ ആയിരുന്നു സാംസങ്ങിന്റെ ഗാലക്സി എസ് 23 അൾട്ര. അതുവരെ ഇറങ്ങിയ സ്മാർട്ട് ഫോണുകളിൽ കാണാത്ത സൂമിങ് സവിശേഷതയായിരുന്നു സാംസങ് ഈ ഫോണിനായി തയ്യാറാക്കിയിരുന്നത്. ആയതിനാൽ തന്നെ മികച്ച പ്രതികരണവും ഈ ഫോണിന് ഉപഭോക്താക്കളുടെ ഇടയിൽ നിന്ന് ലഭിക്കുകയുണ്ടായി.
ആപ്പിളിന്റെ ഐഫോണുകളെ വരെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഗാലക്സി എസ് 23 അൾട്രയുടേത്. അത്രയും നാൾ കുത്തക ബ്രാൻഡ് ആയിരുന്ന ആപ്പിളിന് വളരെ വലിയ വെല്ലുവിളി ഉയർത്താൻ ഈ ഫോണിന് സാധിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സാംസങ് ഗാലക്സി എസ് 23 അൾട്ര അവതരിപ്പിച്ചത്. പ്രീമിയം ഫോണിന്റെ വിഭാഗത്തിൽ പെടുന്നതിനാൽ സാധാരണക്കാർക്ക് താങ്ങാനാകുന്നതിലും അധികമാണ് ഇവയുടെ വില എന്നത് മാത്രമാണ് പ്രശ്നം.

ഐഫോൺ 14 സീരീസുകളെ വളരെ ദൂരം പിന്നിലാക്കാൻ എസ് 23 അൾട്രയ്ക്ക് സാധിച്ചിരുന്നു. പിന്നീട് സെപ്റ്റംബറിൽ മികച്ച ഫീച്ചറുകളുമായി ആപ്പിൾ ഐഫോൺ 15 സീരീസ് പുറത്തിറക്കി. ഇപ്പോൾ ടെക് ലോകത്തെ പ്രധാന സംസാര വിഷയം ഐഫോൺ 15 ഫോണുകളെ പിന്നിലാക്കാൻ സാംസങ്ങിന്റെ എസ് 24 അൾട്ര എന്ന് അവതരിക്കും എന്നതാണ്. ഫോണിന്റെ ലോഞ്ച് തിയതി സാംസങ് പുറത്ത് വിട്ടിട്ടില്ലെങ്കിലും അടുത്ത വർഷം ആദ്യം ഫോൺ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോണിന്റെ ക്യാമറ ഫീച്ചറുകൾ തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനോടകം തന്നെ ഫോണിന്റെ ക്യാമറ ഫീച്ചറുകളെക്കുറിച്ചുള്ള ചില ചോർച്ചാ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഐസോസെൽ (ISOCELL) എന്ന സൂമിങ് സാങ്കേതിക വിദ്യ എസ് 24 അൾട്രയിൽ സാംസങ് ഉപയോഗിച്ചേക്കും എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് സംഭവിച്ചാൽ ആദ്യമായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫോൺ എന്ന സവിശേഷത എസ് 24 അൾട്രയ്ക്ക് നേടിയെടുക്കാവുന്നതാണ്.

MOST READ: ഇനി ഏത് കുഗ്രാമത്തിലും അതിവേഗ ഇന്റർനെറ്റ്; സ്പേസ് ഫൈബർ സേവനം അവതരിപ്പിച്ച് ജിയോ
സൂം ചെയ്യുമ്പോൾ ദൃശ്യത്തിന് ക്ലാരിറ്റി നഷ്ടപ്പെടും എന്ന പരാതി ഐസോസെൽ സൂമിങ്ങിൽ ഉണ്ടായിരിക്കില്ല. ഉയർന്ന റെസല്യൂഷൻ മുൻനിർത്തിക്കൊണ്ട് തന്നെ ദൃശ്യങ്ങൾ സൂം ചെയ്യാൻ ഇവ ഉപഭോക്താക്കളെ അനുവദിക്കും. ഗുണനിലവാരം നഷ്ടപ്പെടാതെ തന്നെ 2x, 4x സൂമിങ് ഇവ വാഗ്ദാനം ചെയ്യും. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും അതിരുകൾ ഇല്ലാത്ത സാധ്യതകൾ തുറന്നു തരുന്ന സാങ്കേതിക വിദ്യ കൂടിയായിരിക്കും ഐസോസെൽ സൂമിങ്.
ചലിക്കുന്ന വസ്തുക്കളെ ഓട്ടോമാറ്റിക്ക് ആയി തന്നെ ട്രാക്ക് ചെയ്യാനുള്ള സംവിധാനമാണ് ഇതിന്റെ പ്രധാന പ്രത്യേകത. നമ്മൾ ലക്ഷ്യം വെച്ചിരിക്കുന്ന വസ്തുക്കളെ ക്യാമറ ഓട്ടോമാറ്റിക്ക് ആയി തന്നെ കണ്ടെത്തുന്നതായിരിക്കും. നിങ്ങൾ ഒരു യാത്രയിലാണെങ്കിൽപോലും ഫോക്കസ് മാറാതെ ചിത്രം പതിപ്പിയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നതായിരിക്കും. ദൃശ്യങ്ങൾ പകർത്തിക്കൊണ്ട് ഇരിക്കുമ്പോൾ ക്യാമറയ്ക്ക് ഉണ്ടാകുന്ന ചലനം ഫോട്ടോയേയും വീഡിയോയും ബാധിക്കുകയേ ഇല്ല എന്നും ഈ റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.
ഈ പ്രത്യേകതകൾക്കെല്ലാം പുറമെ ഒരു എൻഡ്-ടു-എൻഡ് (E2E) AI റെമോസൈക്കും എസ് 24 അൾട്രയിൽ ഇടം പിടിയ്ക്കാൻ സാധ്യത ഉണ്ടെന്നും ഈ റിപ്പോർട്ട് പറയുന്നു. ഇതിന്റെ സഹായത്താൽ ഇമേജ് പ്രോസസ്സിംഗ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്. തൽഫലമായി ചിത്രങ്ങളുടെ ഗുണനിലവാരം വലിയ രീതിയിൽ വർധിപ്പിക്കാൻ സാധിക്കുന്നതായിരിക്കും. പോരാതെ തന്നെ എഐ സാങ്കേതിക വിദ്യയുടെ സഹായവും ചില ക്യാമറകളിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.
അതേ സമയം ഈ വിവരങ്ങളെല്ലാം ചില ചോർച്ചാ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് വായനക്കാർ മനസിലാക്കേണ്ടതുണ്ട്. കമ്പനി ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നത് വരെ ഇവ ഊഹാപോഹങ്ങളായി തന്നെ നിലനിൽക്കും. എന്നിരുന്നാലും ഗാലക്സി എസ് 24 അൾട്ര പുറത്തിറങ്ങുന്നതോടെ സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫിയിൽ വലിയ വിപ്ലവം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എസ് 23 അൾട്രയ്ക്ക് സമാനമായി വലിയ വില തന്നെ പുതിയ ഫോണിനും ഈടാക്കാനാണ് സാധ്യത.


Click it and Unblock the Notifications








