ഇനി ഏത് കുഗ്രാമത്തിലും അതിവേഗ ഇന്റർനെറ്റ്; സ്പേസ് ഫൈബർ സേവനം അവതരിപ്പിച്ച് ജിയോ
രാജ്യത്ത് ആദ്യമായി ഉപഗ്രഹാധിഷ്ഠിത ഗിഗാ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനം അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിലാണ് ജിയോ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ജിയോ സ്പേസ് ഫൈബർ എന്നാണ് ഈ സേവനത്തിന് നൽകിയിരിക്കുന്ന പേര്.
എയർ ഫൈബർ സേവനം അവതരിപ്പിച്ച് ആഴ്ചകൾക്ക് ഉള്ളിലാണ് ജിയോ തങ്ങളുടെ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ബ്രോഡ്‌ബാൻഡ് സേവനം ആയിരിക്കും ഇതിലൂടെ ലഭ്യമാകുക. ഇതുവഴി ഗ്രാമങ്ങളിൽ വരെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും എന്നാണ് ജിയോ അവകാശപ്പെടുന്നത്. എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് സമാനമായ സേവനം ആയിരിക്കും ജിയോ സ്പേസ് ഫൈബറിന്റേത്. പുതിയ സേവനം നിലവിൽ വരുന്നതോടെ രാജ്യത്തിലെ ഡിജിറ്റൽ രംഗത്തിന് തന്നെ വലിയ കുതിച്ചു ചാട്ടം ആയിരിക്കും.

വികസനം വലിയ രീതിയിൽ കടന്നു ചെന്നിട്ടില്ലാത്ത കുഗ്രാമങ്ങളിൽ വരെ അതിവേഗ ഇന്റർനെറ്റ് വിതരണത്തിന് ഈ സേവനം സഹായിക്കുന്നതായിരിക്കും. നിലവിൽ രാജ്യത്തുടനീളമായി 450 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനം ആസ്വദിക്കുന്നുണ്ട് എന്നാണ് ജിയോ അവകാശപ്പെടുന്നത്. എന്നാൽ ഡിജിറ്റൽ മേഖലയിൽ പല ഗ്രാമങ്ങളും ഇപ്പോഴും പിന്നോക്കം നിൽക്കുകയാണ്. സ്പേസ് ഫൈബറിന്റെ കടന്നു വരവ് ഈ കുറവ് നികത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
സാറ്റ്ലൈറ്റ് കണക്റ്റിവിറ്റി സേവനദാതാവായ എസ്.ഇ.എസുമായി സഹകരിച്ചായിരിക്കും സ്പേസ് ഫൈബർ സേവനങ്ങൾ ജിയോ വാഗ്ദാനം ചെയ്യുക. ഈ പദ്ധതിയുടെ ഭാഗമായി എസ്ഇഎസിന്റെ ഓ3ബി, ഓ3ബി എംപവർ എന്നീ സാറ്റ്ലൈറ്റുകളിലേക്ക് ജിയോയ്ക്ക് ആക്സസ് ലഭിച്ചിട്ടുമുണ്ട്. മീഡിയം എർത്ത് ഓർബിറ്റ് (എംഇഒ) സാറ്റലൈറ്റ് സാങ്കേതികവിദ്യയാണ് ഇതിനായി ഇവർ ഉപയോഗിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ആയിരിക്കും സ്പേസ് ഫൈബർ സേവനം എത്തിക്കുക എന്നും ജിയോ അറിയിച്ചു.

ഇതിനോടകം തന്നെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ജിയോ സ്പേസ് ഫൈബർ സേവനം ആരംഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ കോർബ, ഒഡീഷയിലെ നബരംഗ്പൂർ, ഗുജറാത്തിലെ ഗിർ, അസമിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഈ സേവനം ലഭിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഉടൻ തന്നെ ഈ സേവനം എത്തിക്കുമെന്നും ഇവർ പറയുന്നു. അതേ സമയം കഴിഞ്ഞ വിനായക ചതുർത്ഥി ദിവസമാണ് ജിയോ തങ്ങളുടെ എയർ ഫൈബർ സേവനം രാജ്യത്ത് അവതരിപ്പിച്ചത്.
തിരഞ്ഞെടുത്ത എട്ട് നഗരങ്ങളിലാണ് ജിയോയുടെ എയർ ഫൈബർ സേവനങ്ങൾ ഇപ്പോൾ ലഭിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നിവയാണ് ഈ നഗരങ്ങൾ. 1000 എംബിപിഎസ് സ്പീഡ് വരെ ജിയോ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു. നിലവിൽ എയർടെൽ, ജിയോ എന്നീ രണ്ട് കമ്പനികൾ മാത്രമാണ് രാജ്യത്ത് എയർ ഫൈബർ സേവനങ്ങൾ നൽകുന്നത്. വയർലെസ് കണക്ഷൻ ഉപയോഗിച്ച് അതിവേഗ ഇന്റർനെറ്റ് നൽകുന്ന സംവിധാനമാണ് ഇത്.
രണ്ട് വിഭാഗങ്ങളിലായിട്ടാണ് ജിയോ എയർ ഫൈബർ സേവനം ഉപഭോക്താക്കൾക്ക് നൽകുന്നത്. ആദ്യത്തേത് ജിയോ എയർ ഫൈബർ പ്ലാനും രണ്ടാമത്തേത് ജിയോ എയർ ഫൈബർ മാക്സ് പ്ലാനും. 599 രൂപ മുതലാണ് എയർ ഫൈബറിന്റെ പ്ലാനുകൾ ആരംഭിക്കുന്നത്. 899, 1199 എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് പ്ലാനുകൾ. 100 എംബിപിഎസ് വരെ ഇന്റർനെറ്റ് വേഗതയായിരിക്കും ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. നിരവധി ഒടിടി പ്ലാറ്റ്ഫോമുകളും പ്ലാനിന്റെ ഭാഗമായി ലഭിക്കും.
അതേസമയം ജിയോ എയർ ഫൈബർ മാക്സിന്റെ പ്ലാനുകൾ ആരംഭിക്കുന്നത് 1499 രൂപ മുതലാണ്. 2499 രൂപയുടെ പ്ലാനും 3999 രൂപയുടെ പ്ലാനും ഈ വിഭാഗത്തിൽ ഉണ്ടായരിക്കുന്നതാണ്. 1000 എംബിപിഎസ് സ്പീഡ് ആണ് ജിയോ എയർ ഫൈബർ മാക്സിന്റെ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ 550-ലധികം ഡിജിറ്റൽ ചാനലുകളും വിവിധ ഓടിടി പ്ലാറ്റ്ഫോമുകളും നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








