ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾ
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സ്മാർട്ട്‌ഫോണുകൾക്കുള്ള ജിഎസ്ടി നിരക്ക് വർദ്ധിപ്പിച്ചതിനാൽ എല്ലാ പ്രമുഖ ബ്രാന്റുകളും തങ്ങളുടെ ഡിവൈസുകൾക്ക് വില വർധിപ്പിച്ചിരുന്നു. ലോഞ്ച് ചെയ്ത വിലയിൽ നിന്നും 300 രൂപ മുതൽ 1000 രൂപ വരെ വർധിപ്പിച്ചാണ് പല ഡിവൈസുകളും ഇപ്പോൾ വിൽക്കുന്നത്. അതിനിടെ വിപണിയിലെ മത്സരം ശക്തമാവുകയും പല കമ്പനികളും തങ്ങളുടെ ഡിവൈസുകളുടെ വില കുറയ്ക്കുകയും ചെയ്തിരുന്നു.

ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സജീവമായ സ്മാർട്ട്ഫോൺ വിപണിയിൽ വിലവർധന കാരണം കുറഞ്ഞുപോയ വിൽപ്പന തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക കമ്പനികളും തങ്ങളുടെ ജനപ്രീയ ഡിവൈസുകൾക്ക് വിലക്കുറവ് പ്രഖ്യാപിക്കുന്നത്. സാംസങ്, ഓപ്പോ എന്നീ ബ്രാന്റുകളാണ് ഇത്തരത്തിൽ ഏറെ ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ച കമ്പനികൾ. ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് (Samsung Galaxy Z Flip)
സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് 1,15,999 രൂപയ്ക്കാണ് ഇന്ത്യയിൽണ് വിൽപ്പന നടത്തിയിരുന്നത്. പുതിയ വിലക്കിഴിവ് വന്നതോടെ ഈ ഡിവൈസിന്റെ വില 1,08,999 രൂപയായി. മടക്കാവുന്ന ഡിസൈൻ സാങ്കേതികവിദ്യയുള്ള ഒരു മുൻനിര സ്മാർട്ട്‌ഫോണാണിത്. കൂടാതെ മികച്ച റാം, സ്റ്റോറേജ് ഓപ്ഷനുകളുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855+ SoCയാണ്. 7,000 രൂപയാണ് ഈ ഡിവൈസിന് അടുത്തിടെ കുറഞ്ഞത്.

സാംസങ് ഗാലക്‌സി എ31 (Samsung Galaxy A31)
സാംസങ് ഗാലക്‌സി എ31 സ്മാർട്ട്ഫോൺ ഇന്ത്യയിൽ 21,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. അടുത്തിടെ വില കുറച്ചതോടെ ഡിവൈസിന്റെ വില 20,999 രൂപയായി. ഈ സ്മാർട്ട്ഫോണിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. സാധാരണ ഉപയോഗങ്ങൾക്ക് ഉതകുന്ന ഈ സ്മാർട്ട്ഫോൺ മികച്ച ഗെയിമിങ് അനുഭവവും നൽകുന്നു.

ഓപ്പോ റെനോ 3 പ്രോ (OPPO Reno 3 Pro)
ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 29,990 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസ് ആദ്യം ലോഞ്ച് ചെയ്തത് 31,990 രൂപ വിലയുമായിട്ടായിരുന്നു. 8 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ പി 95 SoCയാണ്. എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയ അമോലെഡ് ഡിസ്‌പ്ലേയും ഡിവൈസിൽ ഉണ്ട്.

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് (Samsung Galaxy Note10 Lite)
സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് 37,999 രൂപയ്ക്കാണ് ഇന്ത്യയിൽ വിൽക്കുന്നത്. ഈ ഡിവൈസ് ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ വില 41,999 രൂപയായിരുന്നു. മികച്ച ക്യാമറ സെറ്റപ്പ്, 6 ജിബി റാം, പ്രീമിയം ഡിസൈൻ എന്നീ സവിശേഷതകളുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മുൻനിര എക്‌സിനോസ് പ്രോസസറാണ്.

ഓപ്പോ എഫ്15 (Oppo F15)
ഓപ്പോ എഫ്15 ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ്. ഈ ഡിവൈസ് ഇപ്പോൾ 18,990 രൂപയ്ക്കാണ് വിൽക്കുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഡിവൈസിന് 19,990 രൂപ വിലയുണ്ടായിരുന്നു. ലോഞ്ച് സമയത്ത് പ്രഖ്യാപിച്ച റീട്ടെയിൽ പ്രൈസിനെക്കാൾ 1,000 രൂപ കുറവിലാണ് ഡിവൈസ് വിൽക്കുന്നത്. സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത പിൻഭാഗത്ത് നൽകിയിട്ടുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ്.

ഓപ്പോ റെനോ 2എഫ് (Oppo Reno 2F)
ഓപ്പോ റെനോ 2എഫ് സ്മാർട്ട്ഫോണിന് ഇപ്പോൾ 23,990 രൂപയാണ് വില. ലോഞ്ച് ചെയ്യുന്ന സമയത്ത് ഡിവൈസിന്റെ വില 25,990 രൂപയായിരുന്നു. 48 എംപി പ്രൈമറി ക്യാമറ സെറ്റപ്പുള്ള മിഡ് റേഞ്ച് ഡിവൈസാണ് ഇത്. ഗ്രേഡിയന്റ് ഡിസൈനുള്ള ബാക്ക് പാനലാണ് ഫോണിലുള്ളത്.


Click it and Unblock the Notifications








