ടെക്നോ സ്പാർക്ക് ഗോ 2021 സ്മാർട്ട്ഫോൺ ജൂലൈ 1ന് ഇന്ത്യൻ വിപണിയിലെത്തും
ടെക്നോ ഈ വർഷം നിരവധി ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും പുതിയ ഡിവൈസ് സ്പാർക്ക് 7ടി ആണ്. ഇപ്പോഴിതാ മറ്റൊരു സ്മാർട്ട്ഫോൺ കൂടി രാജ്യത്ത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ബജറ്റ് വിഭാഗത്തിൽ തന്നെയായിരിക്കും പുതിയ ഡിവൈസും അവതരിപ്പിക്കുന്നത്. ട്രാൻസ്‌ഷൻ ഹോൾഡിംഗ്സ് സപ്പോർട്ടുള്ള ബ്രാൻഡിന്റെ പുതിയ ഡിവൈസ് സ്പാർക്ക് ഗോ 2021 ആണ്. ജൂലൈ 1ന് നടക്കുന്ന ഇവന്റിൽ വച്ച് ഡിവൈസ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ വർഷം ജൂലൈ 21ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്പാർക്ക് ഗോയുടെ പിൻഗാമിയായിട്ടായിരിക്കും ടെക്നോ സ്പാർക്ക് ഗോ 2021 പുറത്തിറങ്ങുന്നത്. ഡിവൈസിന്റ ലോഞ്ച് തിയ്യതിയും ഓൺലൈൻ വിപണിയിലെ ലഭ്യതയും ആമസോൺ വഴിയാണ് ടെക്നോ വെളിപ്പെടുത്തിയിരിക്കുന്നത്. പുറത്തിറക്കാനിരിക്കുന്ന ബജറ്റ് ഫോണായ ടെക്നോ സ്പാർക്ക് ഗോ 2021ന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന ഒരു മൈക്രോ സൈറ്റും ആമസോണിൽ ഉണ്ട്.
ടെക്നോ സ്പാർക്ക് ഗോ 2021ന്റെ ആമസോൺ ലിസ്റ്റിങ് ഈ ഡിവൈസിന്റെ വിലയെ കുറിച്ച് സൂചനകൾ ഒന്നും തന്നെ നൽകുന്നില്ല. ഡിസൈൻ, പ്രധാന സവിശേഷതകൾ എന്നിവ ലിസ്റ്റിങ് വെളിപ്പെടുത്തുന്നു. ഇവ രണ്ടം പരിശോധിക്കുമ്പോൾ ഇത് ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണായിരിക്കുമെന്ന് ഉറപ്പാണ്. ആമസോൺ മൈക്രോസൈറ്റിൽ നൽകിയിട്ടുള്ള ചിത്രത്തിൽ ടെക്സ്ചർ ചെയ്ത പാറ്റേണുകളുള്ള ഗ്രേഡിയന്റ് റിയർ പാനൽ ആയിരിക്കും ഉണ്ടായിരിക്കുക എന്ന് വെളിപ്പെടുത്തുന്നു. പിൻ പാനലിൽ മുകളിൽ ഇടത് വശത്ത് ലംബമായി രണ്ട് ക്യാമറകളും ഉണ്ടായിരിക്കും.

ഡിവൈസിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനറും ടെക്നോ നൽകിയിട്ടുണ്ട്. കറുപ്പ്, നീല, ഡ്യുവൽ-ടോൺ (നീല-ഓറഞ്ച്) ഷേഡുകൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകുമെന്ന് ആമസോൺ ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ടെക്നോ സ്പാർക്ക് ഗോ 2021ന്റെ പ്രൊഡക്ട് പേജിൽ ചുറ്റിലും കട്ടിയുള്ള ബെസലുകളുള്ള ഒരു വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുള്ള ഡിവൈസാണ് കാണുന്നത്. ചില സവിശേഷതകൾ മാത്രമേ മൈക്രോ സൈറ്റിൽ നൽകിയിട്ടുള്ളു.

ടെക്നോ സ്പാർക്ക് ഗോ 2021 സ്മാർട്ട്ഫോണിൽ 6.52 ഇഞ്ച് സ്റ്റാൻഡേർഡ് എച്ച്ഡി + പാനലായിരിക്കും ഉണ്ടാവുക. ഇതിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും. പ്രൈമറി ക്യാമറ 13 എംപി ആയിരിക്കുമെന്നാണ് സൂചന. 8 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ടായിരിക്കും. ഡിവൈസിലെ പ്രോസസറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇത് ഒരു ലോ-എൻഡ് മീഡിയടെക് അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ എസ്ഒസി ആയിരിക്കുമെന്നാണ് സൂചനകൾ.

സ്റ്റാൻഡേർഡ് 4ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാവുക എന്നാണ് ആമസോൺ ലിസ്റ്റിങ് നൽകുന്ന സൂചന. ഇതുവരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിന്റെ കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഇത് ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണ് എന്നതിനാൽ സാധാരണ കാണാറുള്ള 10W ചാർജിങ് സപ്പോർട്ട് തന്നെയായിരിക്കും ഈ ഡിവൈസിലും ഉണ്ടാവുന്നത്. 10,000 രൂപ വില വിഭാഗത്തിൽ ആയിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നാണ് സൂചനകൾ. ഇത് റിയൽമി സി സീരിസ് അടക്കമുളള ഡിവൈസുകളോട് മത്സരിക്കും.


Click it and Unblock the Notifications








