ഇന്ത്യൻ വിപണിയിൽ തോറ്റുപോയ 15 സ്മാർട്ട്ഫോൺ ബ്രാന്റുകൾ
ശക്തമായൊരു സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യയിലുള്ളത്. എല്ലാ വില വിഭാഗത്തിലും സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുകയും വൻതോതിൽ വിറ്റഴിയുകയും ചെയ്യുന്ന രാജ്യത്ത് നിരവധി ബ്രാന്റുകൾ പരാജയപ്പെട്ടിട്ടുമുണ്ട്. നിലവിൽ ചൈനീസ് ബ്രാന്റുകളുടെ വലിയ ആധിപത്യമാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഉള്ളത്. മറ്റ് രാജ്യങ്ങളിൽ ജനപ്രീതി നേടിയിട്ടുള്ള ചില ബ്രാന്റുകൾ ഇന്ത്യയിൽ എത്തി പരാജയം സമ്മതിച്ച് മടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ് ഈ പരാജയത്തിന് പ്രധാന കാരണം.

ലോക വിപണിയിലും മറ്റ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപണിയിലും കരുത്തരായ എൽജിയും സോണിയും അടക്കം ഇന്ത്യൻ വിപണിയിൽ തോറ്റുപോയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണി എല്ലായ്‌പ്പോഴും കടുത്ത മത്സരമുള്ള ഇടമാണ്. അതുകൊണ്ട് തന്നെ എല്ലാ മൊബൈൽ ബ്രാൻഡുകൾക്കും ഇതിൽ നിലനിൽക്കാനും പ്രയാസമാണ്. 2014, 2015 കാലഘട്ടത്തിൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണി വലുതും ചെറുതുമായ ബ്രാൻഡുകളിൽ നിന്നുള്ള വിവിധ വില വിഭാഗങ്ങളിലെ പ്രൊഡക്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഇതിൽ പല ബ്രാന്റുകളും ഇന്ന് ഇല്ലാതായിരിക്കുന്നു. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പരാജയപ്പെട്ട ബ്രാന്റുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എൽജി ഇലക്ട്രോണിക്സ്
2021 ഏപ്രിലിൽ എൽജി ഇലക്‌ട്രോണിക്‌സ് തങ്ങളുടെ മൊബൈൽ ബിസിനസ് യൂണിറ്റ് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തിൽ മികച്ച ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കിയിട്ടും സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഇടംനേടാൻ എൽജിക്ക് കഴിഞ്ഞിട്ടില്ല. നിലവിലുള്ള മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് കുറച്ച് സമയത്തേക്ക് സർവ്വീസ് സപ്പോർട്ടും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ മികച്ച ചില സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട് എങ്കിലും എൽജി മൊബൈൽ ബിസിനസിൽ പരാജയപ്പെട്ടു.

സോണി
2019 മെയ് മാസത്തിൽ സെയിൽ കുറഞ്ഞതിന് ശേഷം സോണി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയെ കൂടാടെ മറ്റ് ചില വിപണികളിൽ നിന്നും സോണി പിൻവാങ്ങിയിട്ടുണ്ട്. 2018 സാമ്പത്തിക വർഷത്തിൽ മധ്യ, തെക്കേ അമേരിക്ക, പശ്ചിമേഷ്യ, ദക്ഷിണേഷ്യ, ഓഷ്യാനിയ തുടങ്ങിയ രാജ്യങ്ങളിലെ വിൽപ്പനയും കമ്പനി നിർത്തിവച്ചിരുന്നു. ഇപ്പോഴും സോണി മികച്ച സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുത്ത വിപണികളിൽ പുറത്തിറക്കുന്നുണ്ട്.

എച്ച്ടിസി
തായ്‌വാനീസ് ബ്രാൻഡായ എച്ച്ടിസി ഒരു കാലത്ത് ധാരാളം സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പിന്നീട് പിന്നിലായിപോയ കമ്പനി 2019-ൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മറ്റൊരു തിരിച്ചുവരവ് നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചൈനീസ് മൊബൈൽ നിർമ്മാതാക്കൾ മികച്ച ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചതാണ് എച്ച്ടിസിക്ക് തിരിച്ചടിയായത്. ഒടുവിൽ ഫോൺ നേരിട്ട് ഇന്ത്യയിൽ വിൽക്കുന്നത് നിർത്താൻ കമ്പനി തീരുമാനിച്ചു.

ബ്ലാക്ക്‌ബെറി മൊബൈൽ
ബ്ലാക്ക്‌ബെറി അതിന്റെ ക്വയർട്ടി സ്‌മാർട്ട്‌ഫോണിലൂടെ ഇന്ത്യയിലും ആഗോളതലത്തിലും ജനപ്രീതി നേടിയ ബ്രാന്റാണ്. എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയുടെ വർദ്ധിച്ചുവന്ന ജനപ്രീതിയോടെ കമ്പനിക്ക് മത്സരിക്കാൻ സാധിക്കാതെ വന്നു. 2020 ഓഗസ്റ്റിനു ശേഷം നിർമ്മാണ പങ്കാളിയായ ടിസിഎല്ലുമായുള്ള കരാർ ബ്ലാക്ക്‌ബെറി മൊബൈൽ അവസാനിപ്പിച്ചു.

ലെഇക്കോ
ഇന്ത്യൻ സ്മാർട്‌ഫോൺ വിപണിയിലേക്ക് ലെഇക്കോ ഗംഭീര കടന്നുവരവ് നടത്തി. മികച്ച ഡിവൈസുകൾ പുറത്തിറക്കാനും പരസ്യങ്ങൾക്കുമായി കമ്പനി ഉണ്ടാക്കുന്നതിനേക്കാൾ ധാരാളം പണം ചിലവഴിച്ചു. വിപണി അപ്പാടെ പിടിക്കാം എന്ന കണക്ക് കൂട്ടലിൽ ആകണം ഇത് ചെയ്തത്. എന്നാൽ കനത്ത നഷ്ടം നേരിടേണ്ടി വന്ന ലെഇക്കോ 2017ൽ അടച്ച് പൂട്ടേണ്ടി വന്നു.

മെയ്സു
മിതമായ നിരക്കിൽ കൂടുതൽ ഹാർഡ്‌വെയർ സവിശേഷതകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഷവോമിയുമായി മത്സരിക്കാൻ ശ്രമിച്ച മറ്റൊരു ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് മെയ്സു. ഈ ബ്രാന്റിന്റെ ചില ഹാൻഡ്‌സെറ്റുകൾ പെട്ടെന്ന് ജനപ്രീതി നേടിയെങ്കിലും, ബ്രാൻഡിന് ഇന്ത്യയിൽ അതിന്റെ ബിസിനസ്സ് നന്നായി കൈകാര്യം ചെയ്യാൻ കഴിയാതെ വന്നു. അതുകൊണ്ട് തന്നെ വൈകാതെ കമ്പനി അടച്ചുപൂട്ടി

സ്പൈസ്
ബജറ്റ് സെഗ്‌മെന്റിൽ പ്രവർത്തിക്കുന്ന ഒരു ജനപ്രിയ ഇന്ത്യൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായിരുന്നു സ്‌പൈസ് മൊബൈൽസ്. കുറഞ്ഞ നിരക്കിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ശ്രദ്ധിച്ചിരുന്ന സ്പൈസിന് മറ്റ് കമ്പനികളിൽ നിന്നും കടുത്ത മത്സരം നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ കമ്പനി അടച്ചുപൂട്ടേണ്ടതായും വന്നു.

ക്വിക്കു
2014ൽ ഇന്ത്യൻ വിപണിയിൽ എത്തിയ മറ്റൊരു സ്മാർട്ട്ഫോൺ ബ്രാൻഡാണ് ക്വിക്കു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഹാർഡ്‌വെയർ സവിശേഷതകൾ നൽകുന്ന ഈ സ്മാർട്ട്ഫോൺ ഉപഭോക്താക്കളെ ആകർഷിച്ചിരുന്നു. കമ്പനി ഏതാനും ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കിയെങ്കിലും വിപണിയിൽ കൂടുതൽ കാലം പിടിച്ച് നിൽക്കാൻ കമ്പനിക്ക് സാധിച്ചില്ല.

പാനസോണിക്
ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ദീർഘകാലത്തെ പാരമ്പര്യമുള്ള ജനപ്രീയ ബ്രാന്റാണ് പാനസോണിക്ക്. പുതിയ ട്രന്റിന് അനുസരിച്ച് സ്മാർട്ട്ഫോൺ വിപണിയിലേക്കും എത്തിയ കമ്പനി കുറച്ചുകാലം കഷ്ടപ്പെട്ടുവെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് സ്മാർട്ട്ഫോൺ വിപണി വിടുകയും ചെയ്തു.

വീഡിയോകോൺ
വീഡിയോകോൺ വില കുറഞ്ഞ വിഭാഗത്തിൽ നിരവധി മൊബൈൽ ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ ബ്രാൻഡിന് വിപണിയിൽ വലിയ നേട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാനായിട്ടില്ല. ഒടുവിൽ ഫോണുകളുടെ വിൽപ്പന നിർത്തേണ്ടതായും വന്നു.

യു
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവായ ഷവോമിയെ വെല്ലുവിളിക്കാൻ മൈക്രോമാക്സ് അവതരിപ്പിച്ച സബ് ബ്രാന്റാണ് യു. കുറച്ച് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു എങ്കിലും കടുത്ത മത്സരം കാരണം ഈ സബ് ബ്രാന്റ് പ്രവർത്തനം അവസാനിപ്പിച്ചു.

ഐബോൾ
ആക്‌സസറീസ് നിർമ്മാതാക്കളായ ഐബോൾ ഗ്രാമീണ മേഖലകളിലെ ആളുകളെ ലക്ഷ്യമിട്ട് ബജറ്റ് സ്മാർട്ട്‌ഫോണുകൾ നിർമ്മിച്ചിരുന്നു. എന്നാൽ മറ്റ് ചൈനീസ് ബ്രാൻഡുകളായ ഓപ്പോ, ഷവോമി, വിവോ എന്നിവയിൽ നിന്നുള്ള കടുത്ത മത്സരം കാരണം ഐബോൾ സ്മാർട്ട്ഫോൺ നിർമ്മാണം അവസാനിപ്പിച്ചു.

ഇൻഫോക്കസ്
ഏതാനും ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കിയിട്ടുള്ള ഇൻഫോക്കസിന് പ്രതീക്ഷിച്ച നേട്ടം ഇന്ത്യൻ വിപണിയിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഫോണുകൾ വിൽക്കുന്നത് പെട്ടെന്ന് നിർത്തുകയും ചെയ്തു. ഇതൊരു അമേരിക്കൻ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ്.

അൽകാറ്റെൽ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അൽകാറ്റലിന് ഒരിക്കലും തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കുറച്ച് ഫോണുകൾ പുറത്തിറക്കിയെങ്കിലും ഇന്ത്യയിൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥ വന്ന് ഈ ബ്രാന്റ് അടച്ച് പൂട്ടുകയായിരുന്നു.

ഐവോമി
ബജറ്റ് സ്‌മാർട്ട്‌ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐവോമി. എന്നാൽ മറ്റ് ബ്രാൻഡുകളുമായി മത്സരിക്കാൻ ഐവോമിക്ക് സാധിച്ചില്ല.


Click it and Unblock the Notifications








