വിഐ റെഡ്എക്സ് പ്ലാൻ എയർടെൽ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കാൾ മികച്ചതോ
പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്കിടയിൽ ജനപ്രീതി നേടി വരികയാണ്. ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് ആളുകൾ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നുണ്ട്. സെപ്റ്റംബർ അവസാനത്തിൽ, റിലയൻസ് ജിയോ 'പോസ്റ്റ്പെയ്ഡ് പ്ലസ്' പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 199 രൂപ മുതൽ 1499 രൂപ വരെയുള്ള പ്ലാനുകൾ അടങ്ങുന്ന ഈ പോസ്റ്റ്പെയ്ഡ് പ്ലസ് വിഭാഗം ആകർഷകമായ ഓഫറുകളാണ് നൽഖുന്നത്. എന്നാൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ വോഡാഫോണിന്റെ റെഡ് എക്സ് പ്ലാനുകളാണ് ഏറ്റവും ആകർഷകമായത്.

ജിയോ അതിന്റെ പ്രീപെയ്ഡ് പ്ലാനുകൾ കൊണ്ട് വിപണിയിൽ നേട്ടമുണ്ടാക്കുമ്പോൾ വിഐയുടെ കരുത്ത് പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ഉൾപ്പെട്ട റെഡ് എക്സ് പ്ലാനുകളാണ്. ഭാരതി എയർടെല്ലും അതിന്റെ ഉപയോക്താക്കൾക്ക് ഒന്നിലധികം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. വിഐയുടെ റെഡ്എക്സ് പ്ലാനുകളിലെ മികച്ച പ്ലാനായ 1099 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിനൊപ്പം സമാന വില നിലവാരം വരുന്ന എയർടെൽ, ജിയോ എന്നിവയുടെ പ്ലാനുകളും താരതമ്യം ചെയ്യാം.

വിഐ 1,099 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ
വിഐ ഉപയോക്താക്കൾക്ക് റെഡ്എക്സ് എന്ന പേരിൽ 1099 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ ഒന്നിലധികം ആനുകൂല്യങ്ങൾ നൽകുന്ന പ്ലനാണ്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് നൽകുന്ന പ്ലാൻ അൺലിമിറ്റഡ് ഡാറ്റയും നൽകുന്നുണ്ട്. യുഎസിലേക്കും കാനഡയിലേക്കും ഐഎസ്‌ഡി വിളിക്കുന്നതിന്, ഉപയോക്താക്കൾക്ക് മിനിറ്റിന് 50 പൈസ മാത്രമാണ് ചിലവാകുന്നത്. റെഡ്എക്സ് പ്ലാനിലൂടെ യുകെയിലേക്ക് മിനിറ്റിന് 3 രൂപ നിരക്കിൽ വിളിക്കാൻ സാധിക്കും. ഈ പ്ലാൻ ഉപയോക്താക്കൾക്ക് പ്രീമിയം കസ്റ്റമർ സർവീസും നൽകും.

ഒരു വർഷത്തേക്ക് 5988 രൂപ വിലമതിക്കുന്ന നെറ്റ്ഫ്ലിക്സ്, വർഷത്തിൽ 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈം അംഗത്വം, വി മൂവീസ്, ടിവി ആപ്ലിക്കേഷൻ എന്നീ ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങും ഈ പ്ലാനിലൂടെ ലഭിക്കും. റെഡ്എക്സ് പ്ലാനിനൊപ്പം യാത്രാ ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് വർഷത്തിൽ ഒരിക്കൽ 2999 രൂപ വിലമതിക്കുന്ന 7 ദിവസത്തെ ഐറോം പായ്ക്കും ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചിലേക്ക് വർഷത്തിൽ 4 തവണയും (1 അന്താരാഷ്ട്ര ഉൾപ്പെടെ) പ്രവേശനം ലഭിക്കും.

എയർടെല്ലിന്റെ 1,599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ
1599 രൂപ വിലയുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്നു. ഈ പ്ലാൻ വർഷത്തേക്ക് ആമസോൺ പ്രൈം സൌജന്യ സബ്സ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നുണ്ട്. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, ഹാൻഡ്‌സെറ്റ് പ്രോട്ടക്ഷൻ എന്നിവയും എയർടെൽ താങ്ക്സ് റിവാർഡുകളും പ്ലാനിലൂടെ ലഭിക്കും. റെഡ് എക്സ് പ്ലാനിൽ നിന്ന് വ്യത്യസ്തമായി ഈ പ്ലാൻ 1 സാധാരണ സിം കാർഡും സിം കാർഡിൽ 1 സൌജന്യ ഫാമിലി ആഡും നൽകുന്നു. ഉപയോക്താക്കൾക്ക് 200 ഐഎസ്‌ഡി മിനിറ്റും ഐആർ പാക്കുകളിൽ 10% കിഴിവും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 1,499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 1499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ 300 ജിബി സൌജന്യ ഡാറ്റയാണ് നൽകുന്നത്. ഈ ലിമിറ്റ് കഴിഞ്ഞാൽ ഒരു ജിബിക്ക് 10 രൂപ വീതം നൽകേണ്ടി വരും. 500 ജിബി വരെ ഡാറ്റാ റോൾഓവർ സൗകര്യവും ഈ പ്ലാനിലൂടെ കമ്പനി നൽകുന്നു. ഈ പ്ലാൻ പേഴ്സണൽ കണക്ഷനായി ഉപയോഗിക്കാമെന്നും അതല്ലെങ്കിൽ രണ്ട് കുടുംബാംഗങ്ങളെ ഈ പ്ലാനുകളിൽ ചേർക്കാമെന്നും ജിയോ അറിയിച്ചിരുന്നു. അൺലിമിറ്റഡ് കോളിംഗും എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും. ഒടിടി ആനുകൂല്യങ്ങളായി നെറ്റ്ഫ്ലിക്സ് മൊബൈൽ, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി എന്നിവയുടെ സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.


Click it and Unblock the Notifications