മികച്ച ഫീച്ചറുകളുമായി വിവോ എസ്1 പ്രോ ജനുവരി 4ന് അവതരിപ്പിക്കും
വിവോ എസ് 1 പ്രോ വാർത്തകളിൽ ഇടം നേടൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. 2020 ആദ്യത്തോടെ ഈ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹാൻഡ്‌സെറ്റിനെ കുറിച്ചുള്ള നിരവധി റൂമറുകളാണ് ടെക്നോളജി മേഖലയിൽ വ്യാപിക്കുന്നത്. ഇന്നലെ എസ് 1 പ്രോ 'ഉടൻ വരുന്നു' എന്ന ടാഗ്‌ലൈനിൽ ആമസോണിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്തു. ഇപ്പോഴിതാ അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്.

ഇന്ത്യയിലെ ലോഞ്ച്
വിവോ എസ് 1 പ്രോ 2020 ജനുവരി 4 ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഡിവൈസ് ലിസ്റ്റിംഗാണ് ഇത് സ്ഥിരീകരിച്ചത്. ആമസോൺ വെബ്‌സൈറ്റിന്റെ ലിസ്റ്റിംഗിലുള്ള അതേ ക്യാമറ ഹാർഡ്‌വെയർ ഉപയോഗിച്ചാണ് ഡിവൈസ് ലിസ്റ്റുചെയ്‌തിരിക്കുന്നത്. ആമസോണിലെയും വിവോ വെബ്സൈറ്റിലെയും വിവോ എസ് 1 പ്രോ ലിസ്റ്റിംഗ് ഫോണിന്റെ പിൻവശത്ത് 48 എംപി എഐ ക്വാഡ് ക്യാമറ ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻവശത്ത് 32 എംപി എഐ സെൽഫി ക്യാമറ ഉണ്ടാകും. സ്മാർട്ട്‌ഫോണിന്റെ ചില ക്യാമറ സാമ്പിളുകളും കമ്പനി പങ്കിട്ടിട്ടുണ്ട്. ആകർഷകമായ സാമ്പിളുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഹാൻഡ്‌സെറ്റ് ഉപയോഗിച്ചുകഴിഞ്ഞാൽ മാത്രമേ ക്യാമറയുടെ പ്രകടനത്തെക്കുറിച്ച് ഞങ്ങൾക്ക് ഫീഡ്‌ബാക്ക് നൽകാൻ കഴിയുകയുള്ളു. ക്യാമറ ഹാർഡ്‌വെയറും സാമ്പിളുകളും കൂടാതെ വിവോ എസ് 1 പ്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലിസ്റ്റിംഗ് മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. പക്ഷേ, വരാനിരിക്കുന്ന ഡിവൈസിന്റെ ചില പ്രധാന വിശദാംശങ്ങൾ ലീക്കുകളും റൂമറുകളുമായി നേരത്തെ പുറത്ത് വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഹാൻഡ്‌സെറ്റ് ഇന്റർനാഷണൽ ഡിസൈനിൽ നിന്നും വ്യത്യസ്തമായ ഡിസൈനിലായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ.

പോപ്പ്-അപ്പ് സെൽഫി ക്യാമറ ഉപയോഗിച്ചാണ് ഇന്റർനാഷണൽ മോഡൽ പുറത്തിറക്കിയതെങ്കിൽ ഇന്ത്യൻ വേരിയന്റിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു പഞ്ച്-ഹോളാണ് നൽകിയിരിക്കുന്നത്. ഡിസ്‌പ്ലേ 6.38-ഇഞ്ച് ആയിരിക്കാനാണ് സാധ്യത. ഇത് FHD + റെസല്യൂഷനുള്ള ഒരു സൂപ്പർ അമോലെഡ് പാനലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഫോണിന്റെ പിൻവശത്തുള്ള നാല് ക്യാമറകൾ ഡയമണ്ട് ആകൃതിയിലുള്ള മൊഡ്യൂളിൽ ക്രമീകരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 48 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമടങ്ങുന്ന ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 665 പ്രോസസറായിരിക്കും ഈ മോഡലിന് നൽകുകയെന്ന് സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. ലീക്കുകൾ പ്രകാരം ഈ സ്മാർട്ട്ഫോണിന്റെ വില 19,990 രൂപയാണ്.


Click it and Unblock the Notifications








