44 എംപി സെൽഫി ക്യാമറയുമായി വിവോ V20 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി
കാത്തിരിപ്പിനൊടുവിൽ വിവോ V20 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മിഡ് റേഞ്ച് സെഗ്‌മെന്റിലേക്കാണ് വിവോ ഈ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. വെർച്വൽ ഇവന്റിലൂടെയാണ് ഡിവൈസിന്റെ ലോഞ്ച് നടന്നത്. മിഡ് റേഞ്ച് ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 720 ജി, 64 മെഗാപിക്സൽ പ്രൈമറി ക്യാമറയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 44 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

വിവോ V20: വിലയും ലഭ്യതയും
വിവോ V20 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിയത് രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ലീക്ക് റിപ്പോർട്ട് ശരി വയ്ക്കുന്ന വിധത്തിൽ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 24,990 രൂപയാണ് വില. ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,990 രൂപ വിലയുണ്ട്. വിവോ V20യുടെ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡിവൈസിന്റെ വിൽപ്പന ഒക്ടോബർ 20 മുതൽ ആരംഭിക്കും.

വിവോ V20: സവിശേഷതകൾ
വിവോ V20 സ്മാർട്ട്ഫോണിൽ 1080x2400 പിക്‌സൽ റെസല്യൂഷനുള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലേയ്ക്ക് 20: 9 അസ്പാക്ട് റേഷിയോവും 408 പിപി പിക്സൽ ഡെൻസിറ്റിയും ഉണ്ട്. ഉയർന്ന നിലവാരമുള്ള വീഡിയോ പ്ലേബാക്കിനായി പാനൽ എച്ച്ഡിആർ 10 സപ്പോർട്ടോടെയാണ് വരുന്നത്. ഉയർന്ന ബ്രൈറ്റ്നസ് ലെവലും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്.

8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ്. ഡിവൈസിലെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്. ഗെയിമിംഗ് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അൾട്രാ ഗെയിം മോഡ് പോലുള്ള സോഫ്റ്റ്വെയർ സൊല്യൂഷനുകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് 11 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

വിവോ V20 സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ സാംസങ് ജിഡബ്ല്യു 1 പ്രൈമറി ലെൻസടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ മൾട്ടി-ഫംഗ്ഷൻ ക്യാമറയും നൽകിയിട്ടുണ്ട്. ഈ ക്യാമറ സൂപ്പർ വൈഡ് ആംഗിൾ, ബോക്കെ, സൂപ്പർ മാക്രോ ഷോട്ടുകൾ എന്നിവ എടുക്കാൻ സഹായിക്കുന്നു. 2 മെഗാപിക്സൽ മോണോക്രോം ലെൻസാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 44 എംപി ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

വിവോ V20 4000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു ദിവസം മുഴുവൻ ഈ ബാറ്ററി ചാർജ് നിൽക്കുന്നു. 33W ഫ്ലാഷ് ചാർജ് സപ്പോർട്ടോടെയാണ് ഡിവൈസ് വരുന്നത്. ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു. വെറും 30 മിനിറ്റിനുള്ളിൽ ഡിവൈസിന്റെ ബാറ്ററി 65% വരെ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങ് ടെക്നോളജിക്ക് കഴിയുമെന്ന് വിവോ അവകാശപ്പെടുന്നു.


Click it and Unblock the Notifications








