വിവോ എക്സ് 50 സീരീസ് ഉടൻ ഇന്ത്യയിലെത്തും; സവിശേഷതകൾ
മികച്ച സാങ്കേതികവിദ്യയും സവിശേഷതകളുമുള്ള സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. വിവോയുടെ പുതിയ സ്മാർട്ട്ഫോണുകളായ വിവോ എക്സ് 50 സീരിസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ സീരിസിൽ വിവോ എക്സ് 50, വിവോ എക്സ് 50 പ്രോ, വിവോ എക്സ് 50 പ്രോ + എന്നീ സ്മാർട്ട്ഫോണുകളാണ് ഉൾപ്പെടുന്നത്. ഇവ ചൈനയിൽ ഇതിനകം തന്നെ വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളാണ്.

വിവോ എക്സ് 50 സീരീസ് ഇന്ത്യയിൽ
വിവോ എക്സ് 50 വൈകാതെ ഇന്ത്യൻ വിപണിയിലും പുറത്തിറക്കുമെന്ന് വിവോ സിഇഒ ജെറോം ചെൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇന്ത്യൻ വിപണിയിൽ വിവോ എക്സ്-സീരീസ് ഫോണുകൾക്ക് പ്രാധാന്യം നൽകാത്തതിനാൽ തന്നെ ഈ സ്മാർട്ട്ഫോണുകളുടെ വിപണിയിലെ പ്രതികരണം പ്രാധാന്യമർഹിക്കുന്നു. എക്സ് സീരീസിൽ നിന്ന് ഇന്ത്യയിലെത്തിയ അവസാന സ്മാർട്ട്‌ഫോൺ വിവോ എക്സ് 21 ആയിരുന്നു. 2018 മെയ് മാസത്തിലാണ് ഇത് പുറത്തിറക്കിയത്.

വിവോ എക്സ് 50, എക്സ് 50 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 765 SoC ആണ്. എക്സ് 50 പ്രോ+ൽ 5ജി സപ്പോർട്ടുള്ള സ്നാപ്ഡ്രാഗൺ 865 SoC യാണ് ഉപയോഗിക്കുന്നത്. ഷവോമി എംഐ 10 5ജി, വൺപ്ലസ് 8 പ്രോ, മറ്റ് ഹൈ-എൻഡ് 5ജി ഫോണുകൾ എന്നിവയോട് മത്സരിക്കാനായി വിവോ എക്സ് 50 പ്രോ+ സ്നാപ്ഡ്രാഗൺ 865 SoCയുമായി തന്നെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ എക്സ് 50 സീരീസ്: സവിശേഷതകൾ
വിവോ എക്സ് 50 സീരിസിലെ എല്ലാ സ്മാർട്ട്ഫോണുകളിലും ഏറെകുറെ സമാന സവിശേഷതകളാണ് ഉള്ളത്. മൂന്ന് ഫോണുകളിലും 6.56 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഉണ്ട്. വിവോ എക്സ് 50, എക്സ് 50 പ്രോ എന്നിവയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. മുൻനിര മോഡലായ എക്സ് 50 പ്രോ + ന് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്.

വിവോ എക്സ് 50, എക്സ് 50 പ്രോ എന്നിവ സ്നാപ്ഡ്രാഗൺ 765 SoCയിലാണ് പ്രവർത്തിക്കുന്നത്. എക്സ് 50 പ്രോ + സ്നാപ്ഡ്രാഗൺ 865 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്നു. മൂന്ന് ഫോണുകൾക്കും 5ജി സപ്പോർട്ടും നൽകിയിട്ടുണ്ട്. മൂന്ന് ഫോണുകളിലും ജിംബൽ ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. വിവോ എക്സ് 50, എക്സ് 50 പ്രോ എന്നിവയ്ക്ക് 48 എംപി സോണി ഐഎംഎക്സ് 598 സെൻസർ, 13 എംപി പോർട്രെയിറ്റ് സെൻസർ എന്നിവയാണ് പ്രൈമറി സെക്കന്ററി ക്യാമറകളിൽ നൽകിയിട്ടുള്ളത്.

വിവോ എക്സ് 50യുടെ ക്വാഡ് ക്യാമറ സെറ്റപ്പിൽ 8 എംപി & 5 എംപി ലെൻസും എക്സ് 50 പ്രോയുടെ ക്വാഡ് ക്യാമറ സെറ്റപ്പ് പൂർത്തിയാക്കുന്നത് 8 എംപി, 8 എംപി ലെൻസുകളാണ്. വിവോ എക്സ് 50 പ്രോ+ന്റെ ക്യാമറ സെറ്റപ്പിൽ 50 എംപി സാംസങ് ജിഎൻ 1 പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 8 എംപി മാക്രോ ഷൂട്ടർ, 8 എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications