വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും; വിലയും സവിശേഷതകളും
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവോയുടെ പുതിയ സ്മാർട്ട്‌ഫോൺ സീരീസാണ് വിവോ എക്സ് 50 സീരീസ്. X50, X50 പ്രോ എന്നീ രണ്ട് ഡിവൈസുകളടങ്ങുന്ന എക്സ് 50 സീരിസ് ഇന്ന് ഇന്ത്യൻ വിപണിയിലെത്തും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ഡിവൈസിന്റെ ടീസർ പേജ് ഫ്ലിപ്പ്കാർട്ടിലൂടെ പുറത്ത് വിട്ടിരുന്നു.

വിവോ X50, X50 പ്രോ: ലോഞ്ച്
വിവോ X50 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിലെത്തും. ഈ ഫ്ലാഗ്ഷിപ്പ് സീരീസ് ഇതിനകം മൂന്ന് വ്യത്യസ്ത മോഡലുകളുമായി ചൈനയിൽ പുറത്തിറങ്ങിയിരുന്നു. X50, X50 പ്രോ, X50 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ചൈനയിൽ കമ്പനി പുറത്തിറക്കിയത്. ഇന്ത്യയിൽ വിവോ സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ മാത്രമാണ് പുറത്തിറക്കുന്നത്.

വിവോ എക്സ് 50, എക്സ് 50 പ്രോ എന്നിവ ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ വഴി ലഭ്യമാകും. ഈ ഡിവൈസുകളുടെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഇന്ത്യൻ വിപണിയിലെ ഫ്ലാഗ്ഷിപ്പുകളോട് മത്സരിക്കുന്നതിനാൽ തന്നെ താരതമ്യേന ആകർഷകമായ വിലയ്ക്കായിരിക്കും ഈ ഡിവൈസുകൾക്ക്.

വിവോ X50, X50 പ്രോ: സവിശേഷതകൾ
ഹാർഡ്‌വെയറിന്റെ കാര്യത്തിൽ വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ഏറെക്കുറെ സമാനമായ സവിശേഷതകളോടെയാണ് പുറത്തിറങ്ങുക. ഇരു ഫോണുകളും 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. രണ്ട് ഹാൻഡ്‌സെറ്റുകൾക്കും സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് ഉള്ളത്. ഇതിനൊപ്പം 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. കസ്റ്റം ഫൺടച്ച് ഒ.എസ് സ്‌കിൻ ഉള്ള ആൻഡ്രോയിഡ് 10 ഒ.എസാണ് നൽകിയിട്ടുള്ളത്.

ബാറ്ററി ശേഷിയുടെ കാര്യത്തിൽ വിവോ X50 മോഡലും പ്രോ മോഡലും തമ്മിൽ ചെറിയ വ്യത്യാസമുണ്ട് വിവോ X50ന് 4,200 എംഎഎച്ച് ബാറ്ററിയും എക്സ് 50 പ്രോയ്ക്ക് അല്പം വലിയ 4,315 എംഎഎച്ച് ബാറ്ററിയുമാണ് കമ്പനി നൽകിയിട്ടുള്ളത്. രണ്ട് മോഡലുകളും യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയാണ് പുറത്തിറങ്ങുന്നത്.

ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ വിവോ X50, വിവോ X50 പ്രോ മോഡലുകളിൽ 1080p വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള 32 എംപി ഫ്രണ്ട് ഷൂട്ടറാണ് നൽകിയിട്ടുള്ളത്. 48 എംപി മെയിൻ സെൻസർ, 13 എംപി പോർട്രെയിറ്റ് ക്യാമറ, 8 എംപി അൾട്രാവൈഡ് ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്വാമറ സെറ്റപ്പാണ് എക്സ്50 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

വിവോ X50 പ്രോ സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറകൾ പരിശോധിച്ചാൽ ഇതിൽ 48 എംപി മെയിൻ സെൻസറിനൊപ്പം കൈയ്യിൽ പിടിച്ച് വീഡിയോ ഷൂട്ട് ചെയ്യുമ്പൾ ഫൂട്ടേജുകളിലെ കുലുക്കം കുറയ്ക്കുന്നതിന് ജിംബൽ ക്യാമറ സംവിധാനവും ഇതിൽ നൽകിയിട്ടുണ്ട്. 8 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ സൂം ലെൻസ്, 13 എംപി പോർട്രെയിറ്റ് സെൻസർ, 8 എംപി അൾട്രാ-വൈഡ് ലെൻസ് എന്നിവയടങ്ങുന്നതാണ് ഡിവൈസിന്റെ ക്വാഡ് ക്യാമറ സെറ്റപ്പ്.


Click it and Unblock the Notifications








