വിവോ എക്സ്60 സീരീസ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും; വിലയും സവിശേഷതകളും
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സീരീസ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വിവോ എക്സ്60, വിവോ എക്സ്60 പ്രോ, വിവോ എക്സ്60 പ്രോ + എന്നിങ്ങനെ മൂന്ന് സ്മാർട്ട്‌ഫോണുകളായിരിക്കും ഈ സീരിസിൽ ഉണ്ടാവുക. ടോപ്പ്-ഓഫ്-ലൈൻ എക്സ്60 പ്രോ+ സ്മാർട്ട്ഫോൺ വൺപ്ലസ് 9 പ്രോ, സാംസങ് ഗാലക്സി എസ് 21, ഷവോമിയുടെ പുറത്തിറങ്ങാനിരിക്കുന്ന എംഐ 11 എന്നിവയോടായിരിക്കും വിപണിയിൽ മത്സരിക്കുന്നത്. വിവോ എക്സ്60 സീരിസ് സ്മാർട്ട്‌ഫോണുകൾ ഇതിനകം ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിവോ എക്സ്50 സീരീസിന്റെ പിൻഗാമികളാണ് ഈ സ്മാർട്ട്ഫോണുകൾ.

ചൈനീസ് മോഡലുകളിൽ നിന്നും വ്യത്യസ്തമായ സവിശേഷതകളുമായിട്ടാണ് എക്സ് സീരിസ് സ്മാർട്ട്‌ഫോണുകൾ ആഗോളതലത്തിൽ വിപണിയിലെത്തിയത്. ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ചൈനയിൽ ഉപയോഗിക്കുന്ന എക്‌സിനോസ് പ്രോസസ്സറുകൾക്ക് പകരം ക്വാൽകോം ചിപ്‌സെറ്റുകൾ ഈ ഡിവൈസിൽ പായ്ക്ക് ചെയ്യുമെന്നാണ് സൂചനകൾ. ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ ഡിവൈസുകൾ വികസിപ്പിച്ചിരിക്കുന്നത്. ഡിവൈസുകളുടെ ക്യാമറകൾ ജിംബൽ സ്റ്റെബിലിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു. വിവോയും സെയ്‌സും ചേർന്നാണ് ഈ ക്യാമറകൾ വികസിപ്പിച്ചിരിക്കുന്നത്.

വിവോ എക്സ്60 സീരിസ്: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
വിവോ എക്സ്60, വിവോ എക്സ്60 പ്രോ, വിവോ എക്സ്60 പ്രോ+ എന്നിവയുടെ ഇന്ത്യയിലെ ഔദ്യോഗിക വില ഇന്ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ പ്രഖ്യാപിക്കും. എങ്കിലും ഇന്ത്യയിൽ വിവോ എക്സ്60 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,990 രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 43,990 രൂപ വരെ വിലയുണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, വിവോ എക്സ്60 പ്രോ, വിവോ എക്സ് 60 പ്രോ+ എന്നിവയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് യഥാക്രമം 49,990 രൂപയും 69,990 രൂപയുമായിരിക്കും വില.

വിവോ എക്സ്60, വിവോ എക്സ്60 പ്രോ: സവിശേഷതകൾ
വിവോ എക്സ്60, വിവോ എക്സ്60 പ്രോ എന്നിവ മിക്കവാറും സമാനമായ സവിശേഷതകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഈ രണ്ട് സ്മാർട്ട്‌ഫോണുകളിലും 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,376 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ 19.8: 9 അസ്പാക്ട് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ ഉൾക്കൊള്ളുന്നു. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം എക്സ്60 പ്രോ വളഞ്ഞ അരികുകളുള്ള ഡിസ്പ്ലെയുമായിട്ടാണ് വരുന്നത് എന്നതാണ്. സ്റ്റാൻഡേർഡ് എക്സ് 60 മോഡലിൽ ഇത് ഇല്ല. രണ്ട് സ്മാർട്ട്‌ഫോണുകളും ഒരേ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയിൽ ആയിരിക്കും പ്രവർത്തിക്കുന്നത്.

എഫ് / 1.48 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 13 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളാണ് വിവോ എക്സ്60, വിവോ എക്സ്60 പ്രോ സ്മാർട്ട്ഫോണുകളിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി രണ്ട് ഡിവൈസുകളിലും 32 മെഗാപിക്സൽ പ്രൈമറി സെൻസറും നൽകിയിട്ടുണ്ട്. ഈ സെൽഫി ക്യാമറയ്ക്ക് എഫ് / 2.45 അപ്പർച്ചറുള്ള ലെൻസാണ് നൽകിയിട്ടുള്ളത്. വിവോ എക്സ്60യിൽ 4,300 എംഎഎച്ച് ബാറ്ററിയും എക്സ്60 പ്രോയിൽ 4,200 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇരു ഡിവൈസുകളിലും ഉണ്ടായിരിക്കും.

വിവോ എക്സ്60 പ്രോ +: സവിശേഷതകൾ
എക്സ്60 സീരീസിലെ ഏറ്റവും പ്രീമിയം സ്മാർട്ട്‌ഫോണാണ് എക്സ്60 പ്രോ+. ഈ ഡിവൈസിൽ സമാന ഡിസ്‌പ്ലേയാണ് ഉണ്ടാവുക എങ്കിലും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 50 എംപി പ്രൈമറി ക്യാമറ, 48 എംപി അൾട്രാവൈഡ് ക്യാമറ, 2 എം ഒപ്റ്റിക്കൽ സൂം ഉള്ള 32 എംപി ടെലിഫോട്ടോ ക്യാമറ, 5 എക്സ് ഒപ്റ്റിക്കൽ സൂം ഉള്ള 8 എംപി പെരിസ്‌കോപ്പ് ക്യാമറ എന്നിവ ഉണ്ടായിരിക്കും. മുൻവശത്ത് 32 എംപി ക്യാമറയും ഉണ്ടായിരിക്കും. 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,200 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്.


Click it and Unblock the Notifications








