ആകർഷകമായ സവിശേഷതകളോടെ വിവോ വൈ72 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി
വിവോ വൈ72 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മാർച്ചിൽ തായ്‌ലൻഡിൽ ലോഞ്ച് ചെയ്ത വിവോ വൈ72 സ്മാർട്ട്ഫോണിന്റെ മാറ്റം വരുത്തിയ പതിപ്പാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഡ്യുവൽ റിയർ ക്യാമറകൾ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 എസ്ഒസി, 4ജിബി വരെ എക്സ്റ്റെൻഡഡ് റാം സംവിധാനം, മൾട്ടി-ടർബോ 5.0 ഫീച്ചർ, 6.58 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലെ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. അൾട്രാ ഗെയിം മോഡ്, എസ്‌പോർട്സ് മോഡ് എന്നിവയുൾപ്പെടെയുള്ള സവിശേഷതകളും ഈ ഡിവൈസിന് ഉണ്ട്.

വിവോ വൈ 72 5ജി: വില, ഓഫറുകൾ
വിവോ വൈ72 5ജി സ്മാർട്ടഫോൺ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 20,990 രൂപയാണ് ഈ ഡിവൈസിന്റെ വില. പ്രിസം മാജിക്, സ്ലേറ്റ് ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണിന്റെ വിൽപ്പന ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റാക്ലിക്, ബജാജ് ഇഎംഐ സ്റ്റോർ, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിൽ ആരംഭിച്ചു കഴിഞ്ഞു. ആകർഷകമായ ഓഫറുകളും വിവോ ഈ ഡിവൈസിന് നൽകുന്നുണ്ട്.

വിവോ വൈ72 5ജി വാങ്ങുന്ന ഉപയോക്താക്കൾ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവയിലൂടെയാണ് ഡിവൈസ് വാങ്ങുന്നത് എങ്കിൽ 1,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇത് കൂടാതെ ആറ് മാസത്തേക്ക് 999 രൂപയ്ക്ക് വൺ ടൈം സ്ക്രീൻ റീപ്രൈസ്മെന്റ്. 10,000 രൂപ വില വരുന്ന ജിയോ ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.

വിവോ വൈ72 5ജി: സവിശേഷതകൾ
6.58 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,408 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് വിവോ വൈ72 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. 8 ജിബി റാമുള്ല ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 എസ്ഒസിയാണ്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുമായി വരുന്ന വിവോ വൈ72 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1ൽ പ്രവർത്തിക്കുന്നു. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

രണ്ട് പിൻ ക്യാമറകളാണ് വിവോ വൈ72 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. തായ്ലന്റിൽ ഈ ഡിവൈസ് മൂന്ന് ക്യാമറകളുമായിട്ടാണ് ലോഞ്ച് ചെയ്തത്. ഇന്ത്യൻ വേരിയന്റിലെ പിൻ ക്യാമറ സെറ്റപ്പിൽ എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ എഫ് / 1.8 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്.

വിവോ വൈ 72 5 ജിയിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഉള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിൽ ഉള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. ഫോണിൽ ഒരു വശത്തായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








