മികച്ച സവിശേഷതകളുമായി വിവോ വൈ72 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു
വിവോ ഈ വർഷം ആദ്യം മുതൽ തന്നെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ മികച്ച ഡിവൈസുകൾ പുറത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ വിവോയുടെ പോർട്ട്ഫോളിയോയിലേക്ക് പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. വിവോ വൈ72 5ജി എന്ന ഡിവൈസാണ് പുതുതായി അവതരിപ്പിച്ചത്. 5ജി കണക്റ്റിവിറ്റിയുള്ള ബ്രാൻഡിന്റെ ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെസിറ്റി 700 എസ്ഒസിയാണ്. 64 എംപി ട്രിപ്പിൾ-റിയർ ക്യാമറ മൊഡ്യൂളും എഫ്എച്ച്ഡി + ഡിസ്പ്ലേയും ഈ ഡിസ്പ്ലെയുടെ സവിശേഷതകളാണ്.

തായ്ലന്റ് വിപണിയിലാണ് വിവോ വൈ72 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഈ ഡിവൈസിൽ 6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്സൽ എഫ്എച്ച്ഡി+ റെസലൂഷനും 20: 9 അസ്പാക്ട് റേഷിയോവും, 90.6 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും നൽകിയിട്ടുണ്ട്. 96 ശതമാനം എൻടിഎസ്‌സി കളർ ഗാമറ്റുള്ള പാനലിൽ സെൽഫി ക്യാമറയ്‌ക്കായി വാട്ടർ ഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്.

വിവോ വൈ72 5ജി സ്മാർട്ട്ഫോണിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിൽ 64 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും 2 എംപി മാക്രോ സെൻസറും നൽകിയിട്ടുണ്ട്. ഈ ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. യു ആകൃതിയിലുള്ള നോച്ചിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ക്യാമറ സവിശേഷതകളിൽ ഇഐഎസ് (ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ), ഐ ഓട്ടോഫോക്കസ് എന്നിവ നൽകിയിട്ടുണ്ട്. ലൈറ്റ് കുറഞ്ഞ അവസ്ഥയിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന പ്രത്യേക സൂപ്പർ നൈറ്റ് മോഡും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. വിവോ വൈ72 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ്. ഈ ഒക്ടാകോർ 5ജി ചിപ്‌സെറ്റിനൊപ്പം 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജും നൽകിയിട്ടുണ്ട്.

സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഈ ഡിവൈസിൽ വിവോ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് ഫൺടച്ച് OS 11.1 യൂസർ ഇന്റർഫേസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡിവൈസിൽ 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ഡ്യുവൽ സിം സപ്പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. പിൻവശത്താണ് ഫിംഗർപ്രിന്റ് സ്കാനറുള്ളത്. 5,000 mAh ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ ഉള്ളത്. 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഡിവൈസിൽ ഉണ്ട്.

വിവോ വൈ72 5ജി: വിലയും വിൽപ്പനയും
വിവോ വൈ 72 5ജി സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് തായ്ലന്റ് കറൻസിയിൽ 9,999 ആണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് 23,376 രൂപയോളം വരും. മാർച്ച് 25 മുതൽ തായ്ലന്റിൽ ഈ ഡിവൈസ് പ്രീ-ഓർഡറിനായി ലഭ്യമാകും. ഡ്രീം ഗ്ലോ, ഗ്രാഫൈറ്റ് ബ്ലാക്ക് ഷേഡ്സ് എന്നീ നിറങ്ങളിലാണ് സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. വിവോ ഇതിനകം തന്നെ നിരവധി മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് ഈ ഡിവൈസ് അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.


Click it and Unblock the Notifications








