ഷവോമി എംഐ 11 അൾട്രയുടെ ഡിസ്പ്ലെയ്ക്ക് എന്താണ് കുഴപ്പം?, പ്രതികരിച്ച് കമ്പനി സിഇഒ
ഷവോമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണാണ് എംഐ 11 അൾട്ര. ഈ മുൻനിര സ്മാർട്ട്‌ഫോൺ ഈ വർഷം തുടക്കത്തിലാണ് വിപണിയിലെത്തിയത്. WQHD + റെസല്യൂഷനും 120Hz പുതുക്കൽ റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്ന മികച്ച ഡിസ്‌പ്ലേ പാനലുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. പ്രൈമറി ഡിസ്പ്ലേ കൂടാതെ ഡിവൈസിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രമാകുന്നത് പിന്നിൽ നൽകിയിട്ടുള്ള സെക്കൻഡറി ഡിസ്പ്ലേയാണ്. ഇത്തരം ഡിസ്പ്ലെയുള്ള ചുരുക്കം ചില ഡിവൈസുകളിൽ ഒന്നാണ് എംഐ 11 അൾട്ര. ഇപ്പോഴിതാ ഈ സെക്കന്ററി ഡിസ്പ്ലെ ഡിസൈനിനെതിരെ വിമർശനങ്ങൾ ഉയർന്ന് വരികയാണ്.

എംഐ 11 അൾട്ര സ്മാർട്ട്ഫോണിന്റെ സെക്കൻഡറി ഡിസ്പ്ലേയെ സമന്വയിപ്പിക്കുന്ന വലിയ ക്യാമറ മൊഡ്യൂളാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം. ബൾക്ക് ഫാക്ടർ ചേർക്കുന്ന ഈ ഡിസൈൻ ഉപയോക്താക്കളിൽ താല്പര്യം ഉണ്ടാക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. എംഐ 11 അൾട്ര ഉപയോക്താക്കൾ പറയുന്നതനുസരിച്ച്, വലിയ ക്യാമറ മൊഡ്യൂളാണ് വലിപ്പം കൂട്ടുന്നത് എന്നാണ്. ഈ ഡിവൈസിൽ സെക്കന്ററിസ്ക്രീൻ ഓഫ് ചെയ്യുന്നതിന് നേരിട്ടുള്ള ഓപ്ഷനും ഇല്ല.

1.5 ഇഞ്ച് വലിപ്പമുള്ള ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഷവോമി എംഐ 11 അൾട്രയുടെ പിൻവശത്ത് നൽകിയിട്ടുള്ളത്. വ്യത്യസ്‌ത നോട്ടിഫിക്കേഷനുകളും മറ്റ് വിവരങ്ങളും കാണിക്കുന്നതാണ് ഈ ഡിസ്പ്ലെയുടെ പ്രവർത്തനം. ആനിമേഷനുകൾ, തീമുകൾ, കസ്റ്റമൈസ് ചെയ്ത ക്ലോക്ക്, ഹെൽത്ത് റിമൈൻഡറുകൾ എന്നിവ കാണിക്കുന്നതിനൊപ്പം മ്യൂസിക് പ്ലെയറിനെ കൺട്രോൾ ചെയ്യാനും ഈ സെക്കന്ററി ഡിസ്പ്ലെ ഉപയോഗിക്കാം.

എംഐ 11 അൾട്രയുടെ ഏറ്റവും വലിയ സവിശേഷത ഇതിൽ സെൽഫി ക്യാമറയ്‌ക്കായി നോച്ചോ പഞ്ച്-ഹോളോ ഇല്ല എന്നതാണ്. സെൽഫി എടുക്കാൻ ഫോൺ തിരിച്ച് പിടിച്ചാൽ മതിയാകും. പിൻ ക്യാമറയിൽ തന്നെ സെൽഫി എടുക്കാൻ സാധിക്കും. സെക്കന്ററി സ്‌ക്രീനാണ് സെൽഫി എടുക്കാൻ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ സെക്കൻഡറി സ്ക്രീൻ ഉൾക്കൊള്ളുന്ന പിൻവശത്തെ കൂറ്റൻ ക്യാമറ മൊഡ്യൂൾ ഡിവൈസിന്റെ ഡിസൈനിലെ ഒഴിവാക്കാനാകാത്ത ഘടകമായി മാറുന്നു.

ഷവോമി സിഇഒയുടെ പ്രതികരണം
പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ ലക്ഷ്യമിട്ടാണ് എംഐ 11 അൾട്രയിലെ ക്യാമറ മൊഡ്യൂൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഷവോമിയുടെ സ്ഥാപകനും സിഇഒയുമായ ലീ ജുൻ വ്യക്തമാക്കി. ഈ ഡിസൈൻ വലിയ ആശങ്കയുണ്ടാക്കുന്ന ആളുകൾക്ക് എംഐ 11 പ്രോ വാങ്ങുന്നത് പരിഗണിക്കാമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. എംഐ 11 അൾട്രയിലെ സെക്കൻഡറി ഡിസ്പ്ലേ വളരെ വലുതല്ലെന്നും കമ്പനിയുടെ സിഇഒ അഭിപ്രായപ്പെട്ടു. ഈ ഡിസൈൻ സമീപനം ഫലപ്രദമായ രീതിയിൽ ചിലവ് കുറയ്ക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉൽപാദനച്ചെലവ് കുറച്ചത് കൊണ്ട് തന്നെ ഈ ഡിവൈസ് അധികം വിലയില്ലാതെ വിപണിയിലെത്തിക്കാൻ ഷവോമിക്ക് സാധിച്ചുവെന്നും ഈ ഡിസൈൻ വിജയകരമായ ഒന്നാണെന്നും സിഇഒ വ്യക്തമാക്കി. സെക്കൻഡറി സ്ക്രീനിനായി ഒരു അപ്‌ഡേറ്റ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെക്കൻഡറി ഡിസ്പ്ലേ ടോഗിൾ ചെയ്യുന്നതിനുള്ള ഓപ്ഷനായിരിക്കും അപ്‌ഡേറ്റിലൂടെ ലഭിക്കുന്നത്. ഉപയോക്താക്കൾ ആവശ്യപ്പെടുകയും ബ്രാൻഡ് അംഗീകരിക്കുകയും ചെയ്ത സവിശേഷതകളിൽ ഒന്നാണിത്.


Click it and Unblock the Notifications








