കരിങ്കല്ല് പോലെ കട്ടിയുള്ള ഡിസ്പ്ലേ; ഷവോമി 14 പ്രോ ഉപയോഗിച്ച് ആണിയടിക്കുന്നു, അതിശയത്തോടെ ഉപയോക്താക്കൾ
ഉപഭോക്താക്കളിൽ അത്ഭുതം നിറച്ച് ഷവോമി 14 പ്രോയുടെ ഡിസ്പ്ലേ. കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾ ഷവോമി 14 പ്രോ ഉപയോഗിച്ച് ഒരു പലകയിൽ ആണി അടിയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കൂടുതൽ ഉപഭോക്താക്കൾ ഫോണിന്റെ ഡിസ്പ്ലേ രഹസം അന്വേഷിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഒരു ചൈനീസ് ഉപഭോക്താവാണ് വൈറലായ വീഡിയോയുടെ ഉടമസ്ഥൻ.
ഒരു പലകയിൽ നിരവധി ആണികൾ ഷവോമി 14 പ്രോകൊണ്ട് അടിച്ചു കയറ്റുകയാണ് ഇയാൾ. ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ സാധിച്ചില്ലെങ്കിലും ഫോണിന്റെ ഡിസ്പ്ലേ കാഠിന്യം വളരെ വലുതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണയായി ഫോണിന്റെ ഏറ്റവും സെൻസിറ്റീവ് ആയ ഭാഗമാണ് ഡിസ്പ്ലേകൾ. എന്നാൽ ഈ വീഡിയോയിൽ വ്യക്തമായി കാണാവുന്നതാണ് ഇയാൾ ഡിസ്പ്ലേ ഉപയോഗിച്ച് ആണിയിൽ ആഞ്ഞടിക്കുന്നത്. എന്നിട്ടും ഫോണിന് ഒരു പോറൽ പോലും പറ്റുന്നില്ല. എന്താണ് ഇതിന്റെ രഹസ്യം?

ഫോണിന്റെ ഡിസ്പ്ലേയ്ക്ക് അല്ല ഷവോമി കട്ടി കൂട്ടിയിരിക്കുന്നത്. പകരം ഈ ഡിസ്പ്ലേയെ സംരക്ഷിക്കാനൊരുക്കിയിരിക്കുന്ന ഗ്ലാസിനാണ് ഈ കട്ടി നൽകിയിരിക്കുന്നത്. ഡ്രാഗണ്‍ ക്രിസ്റ്റല്‍ ഗ്ലാസ് ഉപയോഗിച്ചാണ് കമ്പനി ഫോണിന്റെ ഡിസ്പ്ലേയെ സംരക്ഷിച്ചിരിക്കുന്നത്. സാധാരണ ഫോണുകൾ കൈയ്യിൽ നിന്ന് നിലത്ത് വീഴുമ്പോൾ തന്നെ ഡിസ്പ്ലേ തകരുമെങ്കിൽ ഷവോമി 14 പ്രോയുടെ ഡിസ്പ്ലേയിൽ വലിയ ആഘാതം സംഭവിച്ചാൽ പോലും തകരില്ല എന്നാണ് ഷവോമി അവകാശപ്പെടുന്നത്.
ഗോറില്ലാ ഗ്ലാസുകളേക്കാൾ മികച്ച സംരക്ഷണം ഈ ഡ്രാഗണ്‍ ക്രിസ്റ്റല്‍ഗ്ലാസ് നൽകുന്നതാണ്. ഷവോമി സ്വന്തമായി തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ ഡ്രാഗണ്‍ ക്രിസ്റ്റല്‍ഗ്ലാസ് ഇവർ നിർമ്മിച്ചിരിക്കുന്നത്. സാധാരണ ദൃഢീകരിച്ച ഗ്ലാസുകളെക്കാള്‍ പത്തു മടങ്ങ് പ്രതിരോധ ശേഷി ഇതിനുണ്ടെന്നും ഷവോമി അവകാശപ്പെടുന്നു. ലോങ്ജിങ് ഗ്ലാസ് എന്നും ഈ ഡ്രാഗണ്‍ ക്രിസ്റ്റല്‍ഗ്ലാസുകൾ അറിയപ്പെടുന്നുണ്ട്. ഈ ഗ്ലാസിന്റെ നിർമ്മാണപ്രവർത്തനവും കമ്പനി വിശദീകരിച്ചു.

ഫോസ്ഫറസ് പെന്റോക്‌സൈഡ്, അലുമിനിയം ഓക്‌സൈഡ്, സിര്‍കോണിയം ഓക്‌സൈഡ്, മറ്റ് നിരവധി രാസവസ്തുക്കൾ എന്നിവയെല്ലാം ചേർത്ത് വളരെ ഉയർന്ന താപനിലയിൽ ചൂടാക്കിയാണ് ഷവോമി ഈ ഗ്ലാസ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് പുറമെ ഗ്ലാസിന്റെ കാഠിന്യം വർധിപ്പിക്കാനായി ഡബിൾ അയണ്‍ എക്‌സ്‌ചേഞ്ച് പ്രക്രിയയും ഷവോമി പ്രയോഗിച്ചിട്ടുണ്ട്. അതേ സമയം ഈ വീഡിയോ ഫെയ്ക്ക് ആണോ ഒറിജിനലാണോ എന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
ഇതിനായി കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ ഉപഭോക്താക്കൾ ക്ഷമിക്കേണ്ടതാണ്. എന്നിരുന്നാലും വളരെ കാഠിന്യമുള്ള സ്ക്രീനാണ് ഇവർ ഷവോമി 14 പ്രോയ്ക്ക് നൽകിയിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. നിലവിൽ ചൈനയിൽ മാത്രമാണ് കമ്പനി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഫോൺ ഇന്ത്യൻ മാർക്കറ്റിലും എത്തും എന്നാണ് പ്രതീക്ഷ. ഷവോമി 14, 14 പ്രോ എന്നീ രണ്ട് ഫോണുകളാണ് 14 സീരീസിൽ ഷവോമി പുറത്തിറക്കിയിരിക്കുന്നത്.
ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെ ഷവോമി ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഷവോമി 13 ഫോണുകളുടെ പിൻഗാമി ആയിരിക്കും പുതിയ ഫോണുകൾ. ആയതിനാൽ തന്നെ ഷവോമി 13ൽ നിന്ന് നിരവധി അപ്ഡേറ്റുകളും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ചൈനീസ് മാർക്കറ്റിൽ ഷവോമി 14, 14 പ്രോ ഫോണുകളുടെ വില യഥാക്രമം 3,999 യുവാൻ, 4,999 യുവാൻ എന്നിങ്ങനെയാണ്. അതായത് ഇന്ത്യൻ മാർക്കറ്റിലെ 45,586 രൂപ, 56,986 രൂപ എന്നിങ്ങനെ.
3,000 nits വരെ തെളിച്ചമുള്ള ടോപ്പ്- ടയർ OLED ഡിസ്‌പ്ലേ ആണ് ഫോണിനായി ഷവോമി തയ്യാറാക്കിയിരിക്കുന്നത്. LEICA- ട്യൂൺ ചെയ്ത ക്യാമറകൾ ആണ് ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. Snapdragon 8 Gen 3 SoC ന്റെ കരുത്തിൽ ആയിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക. 120W വരെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയും ഫോണിൽ ഇടം പിടിച്ചേക്കാം.


Click it and Unblock the Notifications








